sections
MORE

പ്രക്ഷോഭത്തീയിലേക്ക് വേഷംമാറി ചൈനീസ് സൈന്യം; ഹോങ്കോങ് ‘യുദ്ധത്തിന്’ യുഎസും

Hong Kong protests
ഹോങ്കോങ്ങിൽ പ്രക്ഷോഭകാരികളെ പൊലീസ് നേരിടുന്നു.
SHARE

ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു. 

അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.

Hong Kong protests
ഹോങ്കാങ് പ്രക്ഷോഭത്തിൽ നിന്ന്

തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു. 

വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.

ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.

ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്. 

Hong Kong protests
ഹോങ്കോങ് തെരുവുകളിലെ പ്രതിഷേധം

ഹോങ്കോങിൽ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പ്രക്ഷോഭം 14 മിനിറ്റിനുള്ളിൽ ചൈന അടിച്ചൊതുക്കുമായിരുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയും ചർച്ചയായി. യുഎസുമായുള്ള വ്യാപാര ചർച്ചകളെ സാരമായി ബാധിക്കുമെന്നതിനാൽ ഹോങ്കോങ്ങിലേക്കു സൈന്യത്തെ അയക്കരുതെന്നു താൻ ആവശ്യപ്പെട്ടിരുന്നതായും കഴിഞ്ഞ ദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു.

ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികളുടെ ആവശ്യം ന്യായമായതിനാലാണ് അവരെ പിന്തുണയ്ക്കുന്നത്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും ട്രംപ് പറയുന്നു. ഹോങ്കോങ്ങിനെ എന്നേക്കുമായി തുടച്ചു നീക്കാനാണ് ചൈനയുടെ ശ്രമം. ഒരു അറിയിപ്പ് കിട്ടിയാൽ എന്തിനും തയാറായി സൈന്യം രംഗത്തുണ്ട്. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ സമ്മതിക്കില്ലെന്നും ട്രംപ് പറയുന്നു.

Hong Kong protests
ഹോങ്കോങ്ങിലെ പ്രക്ഷോഭം

ഹോങ്കോങ്ങിൽ എന്താണ് സംഭവിക്കുന്നത്?

1984 ഡിസംബർ 19നാണ് ബെയ്ജിങ്ങിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനയുമായി ഹോങ്കോങ് കൈമാറ്റക്കരാറിൽ ഒപ്പുവച്ചത്. 156 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് 1997ൽ ബ്രിട്ടൻ ഹോങ്കോങ് പൂർണമായി ചൈനയ്ക്കു കൈമാറണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും 50 വർഷത്തെ ഒരു ചെറിയ ‘കുരുക്ക്’ അതിൽ ഉൾച്ചേർക്കാൻ അന്നത്തെ സ്വാധീനമുപയോഗിച്ചു ബ്രിട്ടനായി. 2047 വരെ ഹോങ്കോങ്ങിന്റെ സ്വതന്ത്ര സ്വഭാവം നിലനിർത്തുമെന്നായിരുന്നു ചൈന ബ്രിട്ടനു നൽകിയ ഉറപ്പ്. ചൈനയുടേതിൽ നിന്നു വ്യത്യസ്തമായ നീതിന്യായ, നിയമപാലന, സാമ്പത്തിക വ്യവസ്ഥകളുള്ള ‘ഒരു രാഷ്ട്രം, രണ്ടു ഭരണസംവിധാനം (One Country, Two Systems) എന്നാണു കരാറിലെ ആ കുരുക്ക് അറിയപ്പെടുന്നത്. 

സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജൻ (Special Administrative Region) എന്നാണു ചൈന ഹോങ്കോങ്ങിനെ വിശേഷിപ്പിക്കുന്നത്. വ്യക്തമായും ചൈനീസ് ആഭിമുഖ്യമുള്ള ഇലക്ടറൽ കോളജ് തിരഞ്ഞെടുക്കുന്ന ചീഫ് എക്സിക്യുട്ടീവിനെ മുൻനിർത്തിയാണു ചൈന ഹോങ്കോങ് ഭരിക്കുന്നത്. അതേസമയം, ബ്രിട്ടൻ സ്ഥാപിച്ച നിയമ, നീതിന്യായ വ്യവസ്ഥകൾ അതേപടി നിലനിൽക്കുകയും ചെയ്യുന്നു. അതും മറികടന്ന് ഹോങ്കോങ്ങിനെ ചൈനീസ് പരമാധികാരത്തിനു കീഴിലാക്കാൻ ഇനി 28 വർഷം കൂടിയേ ബാക്കിയുള്ളൂ.

Hong Kong protests
പ്രക്ഷോഭകാരികൾ വാഹനങ്ങൾക്ക് തീയിടുന്നു.

അതിനു മുൻപായി തങ്ങൾ ഇപ്പോളനുഭവിക്കുന്ന ജനാധിപത്യ അവകാശങ്ങളിൽ അൽപമെങ്കിലും ചിലതു നിലനിർത്താനാകൂമോയെന്നു ഹോങ്കോങ്ങുകാർ ശ്രമിച്ചുനോക്കുന്നതിന്റെ അനുരണനങ്ങള്‍ നാളുകളായി തെരുവിൽ പ്രക്ഷോഭമായി നിറയുന്നു. അതിനിടെയാണ് അധികാരത്തിന്റെ മുഷ്ടിപ്രയോഗവുമായി കുറ്റവാളി കൈമാറ്റ ബിൽ ഉൾപ്പെടെ ചൈന നടപ്പാക്കാൻ ശ്രമിച്ചതും. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരന്മാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാൻ അനുമതി നൽകുന്നതാണ് ഈ ബിൽ. ഇതിന്റെ പേരിൽ ജൂണിൽ ശക്തമായ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്.

Hong Kong protests
പ്രക്ഷോഭകാരികളെ നേരിടുന്ന പൊലീസ്

‘ഹോങ്കോങ്ങിനെ മോചിപ്പിക്കുക, ഇനി വിപ്ലവം’

വലിയ അധികാരങ്ങളൊന്നുമില്ലാത്ത ജില്ലാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇത്തവണ രാജ്യാന്തര മാനമാണ് ലഭിച്ചത്. ഹോങ്കോങ്ങിലെ കാരി ലാം ഭരണകൂടത്തിന് ജനങ്ങളുടെ പിന്തുണ എത്രത്തോളമുണ്ട് എന്നതിന്‍റെ തെളിവെടുപ്പായിരുന്നു അത്. 74 ലക്ഷം ജനങ്ങളിൽ 41.3 ലക്ഷം പേർക്കാണ് വോട്ടവകാശമുള്ളത്. ഇവരിൽ 71% വോട്ട് ചെയ്തു. വോട്ടർമാരുടെ വികാരം വിനയപൂർവം ശ്രദ്ധിക്കുമെന്നു ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന ഹോങ്കോങ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി തിരഞ്ഞെടുപ്പു ഫലങ്ങൾ വരാൻ തുടങ്ങിയപ്പോൾ തന്നെ തെരുവുകളിലും വോട്ടിങ് കേന്ദ്രങ്ങളുടെ മുൻപിലും ‘ഹോങ്കോങ്ങിനെ മോചിപ്പിക്കുക, ഇനി വിപ്ലവം’ എന്ന മുദ്രാവാക്യം ഉയർന്നു.

തെരുവുകളിൽ ഷാംപെയ്ൻ കുപ്പികൾ പൊട്ടിച്ചു യുവാക്കൾ വിജയം ആഘോഷിച്ചു. ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ വൂ ചി വായ് പറഞ്ഞു. ഹോങ്കോങ് ഭരണകൂടം ജനാധിപത്യ സംവിധാനം എന്ന ആവശ്യം ഉടനെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രക്ഷോഭകരുടെ വിയർപ്പിന്റെയും രക്തത്തിന്റെയും കണ്ണുനീരിന്റെയും പ്രതിഫലമാണ് തിരഞ്ഞെടുപ്പു ഫലമെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടി. അതിനിടെ, ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ ഫലം റിപ്പോർട്ട് ചെയ്തിരുന്നില്ല.

മരവിപ്പിക്കപ്പെട്ട ബിൽ

ജനാധിപത്യ പ്രക്ഷോഭത്തിനു വഴിമരുന്നിട്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് പാർലമെന്റ് ഔദ്യോഗികമായി പിൻവലിച്ചെങ്കിലും ജനാധിപത്യവാദികളുടെ 5 ആവശ്യങ്ങളിൽ ഒന്നു മാത്രമാണിതെന്നതിനാൽ പ്രക്ഷോഭം തുടരുകയായിരുന്നു. കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കുക, കാരി ലാം രാജി വയ്ക്കുക, പ്രക്ഷോഭകാരികൾക്കു നേരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കുക, അറസ്റ്റ് ചെയ്ത ജനാധിപത്യവാദികളെ വിട്ടയക്കുക, ഹോങ്കോങ്ങിനു കൂടുതൽ ജനാധിപത്യ അവകാശങ്ങൾ അനുവദിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണു സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

Hong Kong protests
ഹോങ്കോങ്ങിലെ പ്രക്ഷോഭം

കുറ്റവാളികളെ ചൈനയ്ക്കു കൈമാറാൻ അനുവദിക്കുന്ന ബില്ലിനെതിരെയുള്ള ജനകീയ സമരം വ്യാപകമായതോടെ മരവിപ്പിച്ചിരുന്നു. അതിനിടെ ഹോങ്കോങ് നഗര ഭരണസമിതിയിൽ അംഗങ്ങളായ 3 ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭകരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ ഒരു വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുകയും ചെയ്തതോടെയാണു പ്രക്ഷോഭം ശക്തിപ്പെടുത്താൻ സമരക്കാർ തീരുമാനിച്ചത്.

അലക്സ് ചൗ (22) എന്ന വിദ്യാർഥിയാണ് 4–ാം നിലയിൽ നിന്ന് വീണു മരിച്ചത്. കുറ്റവാളി കൈമാറ്റ ബിൽ അവതരിപ്പിച്ചപ്പോൾ തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണു ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തത്. ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കു മേലുള്ളത്.  ഇതിന്റെയെല്ലാം പേരിൽ സമരക്കാർ നടത്തിയ പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു കലാശിച്ചത്. 

ഇടപെടുമോ ‘സവിശേഷ’ ചൈനീസ് സേന?

അഞ്ചു മാസം പിന്നിട്ടിട്ടും ശക്തമായി തുടരുന്ന പ്രക്ഷോഭം അമർച്ച ചെയ്യാൻ ചൈന സൈനികമായി ഇടപെട്ടേക്കും എന്ന ആശങ്കയുമുണ്ട്. പ്രക്ഷോഭത്തെ ഫലപ്രദമായി നേരിടാൻ കഴിയാതിരുന്ന ഭരണാധികാരി കാരി ലാമിനെ മാറ്റാൻ ചൈന ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ഇടക്കാല ഭരണാധികാരിയെ നിയമിക്കാനാണു നീക്കമെന്നാണു സൂചന. എന്നാൽ വാർത്ത ചൈനീസ് ഭരണകൂടം നിഷേധിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ഹോങ്കോങ് തെരുവുകൾ വൃത്തിയാക്കാൻ ചൈനീസ് സൈന്യമയ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) രംഗത്തിറങ്ങിയിരുന്നു. ഇതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അക്രമവും സംഘർഷവും അവസാനിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല. അതിനുള്ള ശ്രമത്തിലാണ്. അതോടൊപ്പം പോസിറ്റിവ് എനർജി പടർത്തുകയെന്ന ചുമതലയുമുണ്ട്’ എന്നായിരുന്നു ഒരു സൈനികന്റെ മറുപടി. എന്നാൽ ഹോങ്കോങ്ങിലെ ദൈനംദിന കാര്യങ്ങളിൽ ഉൾപ്പെടെ ഇടപെടാൻ പിഎൽഎയുടെ ‘വേഷം മാറിയുള്ള’ ശ്രമമായാണ് ഇതിനെ പ്രക്ഷോഭകാരികൾ വിലയിരുത്തുന്നത്.

Hong Kong protests
ഹോങ്കോങ് പ്രക്ഷോഭം

പിഎൽഎയ്ക്കു കീഴിലെ ഏറ്റവും അച്ചടക്കമുള്ള സവിശേഷ വിഭാഗത്തെയാണു ഹോങ്കോങ്ങിലേക്കു നിയോഗിച്ചിരിക്കുന്നത്. പ്രത്യേക ഉത്തരവ് നൽകാതെ ഇവരെ ഹോങ്കോങ് തെരുവുകളിലേക്ക് ഇറക്കാൻ നിലവിൽ അനുമതിയുമില്ല. എന്നാൽ പ്രാദേശിക സർക്കാർ ഇതുവരെ ഈ വിഭാഗത്തെ ആവശ്യപ്പെട്ടിട്ടുമില്ല. ഇതെല്ലാം മറികടന്ന് തെരുവുകൾ വൃത്തിയാക്കാനുള്ള പട്ടാള സംഘത്തിനൊപ്പം ഈ വിഭാഗവുമുണ്ടായിരുന്നു. എല്ലാം വിരൽ ചൂണ്ടുന്നത് ആവശ്യമെങ്കിൽ തങ്ങളുടെ സവിശേഷ സേനയെത്തന്നെ പിഎൽഎയ്ക്കൊപ്പം ഹോങ്കോങ്ങിൽ നിയോഗിക്കുമെന്നു തന്നെയാണെന്നും നിരീക്ഷകർ പറയുന്നു.

ഹോങ്കോങ്ങിൽ പിഎൽഎ സാന്നിധ്യം സ്വാഭാവികമാണെന്നു വരുത്തിത്തീർക്കാനാണു ചൈനീസ് ശ്രമമെന്നു കരുതപ്പെടുന്നു. എന്നാൽ പിഎൽഎ അടുത്തതായി ഹോങ്കോങ്ങിൽ എന്താണു ചെയ്യാൻ പോകുന്നതെന്ന് അധികം തലപുകയ്ക്കേണ്ടെന്നും വരികൾക്കിടയിൽ വായിക്കേണ്ടതില്ലെന്നുമാണ് സൈന്യത്തിന്റെ തലപ്പത്തുള്ളവരെ ഉദ്ധരിച്ച് ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. 

English Summary: Donald Trump angers China by signing bill supporting pro-democracy Hong Kong protesters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA