ADVERTISEMENT

തിരുവനന്തപുരം ∙ വിശപ്പകറ്റാൻ കുഞ്ഞ് മണ്ണുവാരിത്തിന്നു, ഇതിൽ മനംനൊന്ത് അമ്മ തന്റെ ആറു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കാൻ ശ്രമിക്കുന്നു. പ്രബുദ്ധകേരളത്തിന്റെ തലസ്ഥാനമണ്ണിൽ നിന്ന് തിങ്കളാഴ്ച കേട്ട വാർത്തയാണിത്. നിതി ആയോഗിന്റെ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ തലസ്ഥാനത്തു നിന്നുള്ള വാർത്ത.

തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിൽ കഴിയുന്ന കുടുംബത്തിലെ അമ്മയാണ് തന്റെ ആറുമക്കളെ ശിശുക്ഷേമസമിതിക്ക് നൽകാൻ ഒരുങ്ങിയത്. ലൈഫ് പദ്ധതിയിൽ ആയിരങ്ങൾക്ക് വീടൊരുക്കുന്ന നാട്ടിലാണ് ആറു കുഞ്ഞുങ്ങളുമായി ഒരമ്മ തലസ്ഥാന നഗരത്തിൽ, ഒരു പുറമ്പോക്കിൽ മേലെ ഷീറ്റിട്ട വീട്ടിൽ കഴിഞ്ഞത്.

മൂത്തയാൾക്ക് പ്രായം ഏഴു വയസ്, ഇളയയാൾക്ക് മൂന്ന് മാസം. മദ്യപാനിയായ ഭർത്താവ് ഭക്ഷണത്തിനുള്ള വകയെത്തിക്കാത്തതാണ് ഇതിലൊരു കുഞ്ഞ് മണ്ണ് വാരിത്തിന്നാൻ ഇടയാക്കിയത്. സംഭവം നാട്ടുകാരിൽ നിന്ന് അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ശിശുക്ഷേമസമിതിക്ക് കൈമാറാനുള്ള നടപടി കൈക്കൊണ്ടത്.

കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിൽ ഫ്ലക്സും തകര ഷീറ്റും കൊണ്ടുള്ള ഷെഡ്ഡിൽ കഴിയുന്ന ശ്രീദേവിയുടെയും മക്കളുടെയും വിവരം പ്രദേശവാസികളാണ്‌ ശിശുക്ഷേമ സമിതിയുടെ തണൽ ഹെൽപ്പ്‌ലൈനിൽ അറിയിച്ചത്‌. സ്ഥലത്തെത്തിയ ജീവനക്കാർ കണ്ടത്‌ ദുരിതപർവത്തിൽ കഴിയുന്ന അമ്മയെയും ആറ്‌ മക്കളെയും.

‘കുട്ടികൾ ഭക്ഷണം കഴിച്ചിട്ട്‌ നാല്‌ ദിവസമായി. മൂന്ന്‌ ദിവസമായി ചൂടുവെള്ളം മാത്രമാണ്‌ കൊടുത്തത്‌. കുഞ്ഞുങ്ങളെ നന്നായി നോക്കണം’– തണൽ പ്രവർത്തകരോട് കുട്ടികളുടെ അമ്മ കണ്ണീരോടെ പറഞ്ഞതിങ്ങനെ. മദ്യപാനിയായ ഭർത്താവ്‌ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നില്ലെന്നും ഇവർ പറഞ്ഞു. ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ചില നാട്ടുകാർ പറയുന്നു.

ശിശുക്ഷേമ സമിതി പ്രവർത്തകർ കുട്ടികൾക്ക് അരി, വസ്ത്രം തുടങ്ങിയ അവശ്യ വസ്തുക്കൾ നൽകി. മുതിർന്ന നാല്‌ കുട്ടികളെയും ഏറ്റെടുക്കാനുള്ള സമ്മതപത്രം അമ്മയിൽനിന്ന്‌ എഴുതിവാങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കി എഴ്, അഞ്ച്, നാല്, മൂന്ന് പ്രായമുള്ള കുട്ടികളെ ഏറ്റെടുത്തു. മൂന്ന്‌ മാസവും ഒരുവയസ്സും പ്രായമുള്ള ഇളയ ആൺകുട്ടികളുടെ പാൽകുടി മാറാത്തതിനാൽ അവരെ തൽക്കാലം അമ്മയ്‌ക്കൊപ്പം നിർത്താൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച അമ്മയേയും ആറ്‌ കുട്ടികളെയും വൈദ്യപരിശോധനയ്ക്ക്‌ വിധേയമാക്കും. കുഞ്ഞുങ്ങൾക്ക്‌ പ്രതിരോധ കുത്തിവയ്പ്‌ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന്‌ ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ്‌.പി. ദീപക്‌ പറഞ്ഞു.

കുടുംബത്തിന്‌ അടിയന്തരമായി ഒരു ഫ്ലാറ്റും അമ്മയ്ക്ക്‌ നഗരസഭയിൽ താൽക്കാലിക ജോലിയും നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും സ്ഥലത്തെത്തിയ മേയർ കെ. ശ്രീകുമാർ അറിയിച്ചു. കേരളത്തിൽ ഇത്തരം ഒരു സംഭവമുണ്ടായത് നാണക്കേടാണെന്നും വിഷയം സർക്കാരിനറെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കുട്ടികളുടെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസ് നേതാവ് വി.എം.സുധീരനും സ്ഥലത്തെത്തി.

കുഞ്ഞുങ്ങളെ കണ്ടെത്തിയത് തണൽ പദ്ധതിയുടെ വിജയം: മന്ത്രി

കൊടുംപട്ടിണിയെ തുടർന്നു മണ്ണുവാരി കഴിച്ച കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു. സർ‌ക്കാർ നടപ്പാക്കിയ തണൽ പദ്ധതിയുടെ വിജയമാണ് കുട്ടികളെയും അവരുടെ ദുരവസ്ഥയും കണ്ടെത്താനായത്. സാമൂഹ്യനീതി വകുപ്പ് കുട്ടികളെ സംരക്ഷിക്കും. എല്ലാ അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ ഒരു കുട്ടിയും അനുഭവിക്കരുത്. കോർപറേഷൻ കൂടി ആലോചിച്ചിട്ടു കുട്ടികളുടെ അമ്മയ്ക്ക് ജോലി നൽകുന്ന കാര്യ തീരുമാനിക്കും. നാലു കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ ശിശുക്ഷേമ സമിതി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങൾക്ക് ചെലവിന് കൊടുത്തിരുന്നു: പിതാവ്

ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമസമിതിക്കു നൽകിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടികളുടെ പിതാവ്. തെങ്ങുകയറ്റത്തൊഴിലാളിയാണ്. കുടുംബത്തിന് ചെലവിന് കൊടുക്കുന്നുണ്ട്. നാട്ടുകാരിൽ ചിലർ ഭാര്യയെ നിർബന്ധിച്ച് കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് പകൽ ആഹാരം വാങ്ങിനൽകാറുണ്ട്. തെറ്റുകണ്ടാൽ മാത്രമേ ശിക്ഷിക്കാറുള്ളുവെന്നും പിതാവ് പറഞ്ഞു.

English Summary: Poverty lead mother to give her six children to Child Welfare Society at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com