ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നുഴഞ്ഞുകയറ്റക്കാരാണെന്ന് കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് നേതാവ് ആദിർ രഞ്ജൻ ചൗധരി. ‘നരേന്ദ്ര മോദിയും അമിത് ഷായും നുഴഞ്ഞുകയറ്റക്കാരാണെന്ന് എനിക്ക് പറയാൻ കഴിയും. അവരുടെ വീടുകൾ ഗുജറാത്തിലാണ്, പക്ഷേ അവർ ഡൽഹിയിലേക്കു വന്നു’–  അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെ പരിഹസിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.

‘ഇന്ത്യ എല്ലാവർക്കുമുള്ളതാണ്. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും മറ്റെല്ലാവർക്കും വേണ്ടിയുള്ളത്. മുസ്‌ലിംകളെ പുറത്താക്കുമെന്ന ഭയം അവർ (ബിജെപി) സൃഷ്ടിക്കുന്നു. അവർക്ക് അതു ചെയ്യാനുള്ള കഴിവില്ല. എന്നാൽ ഹിന്ദുക്കളെ ഇവിടെ താമസിക്കാൻ അനുവദിക്കുമെന്നും മുസ്‌ലിംകളെ പുറത്താക്കുമെന്നും കാണിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്തുള്ള ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ചും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അവർ നൽകിയ സംഭാവനകളെക്കുറിച്ചും ആഭ്യന്തര മന്ത്രി പഠിക്കണമെന്നും ആദിർ രഞ്ജൻ ആവശ്യപ്പെട്ടു. ‘ലോകമെമ്പാടും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുണ്ട്. അവർ കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. എന്നാൽ മോദിയും അമിത് ഷായും ചെയ്യുന്നതുപോലെ ലോകത്തൊരു രാജ്യവും ചിന്തിക്കുന്നില്ല.’– അദ്ദേഹം പറഞ്ഞു. 

പൗരത്വ ബിൽ പാസാക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ബിൽ പാസാക്കാൻ ആവശ്യമായ അംഗബലം അമിത് ഷായ്ക്കുണ്ട്. എന്നാൽ ബിൽ പാസായതിനുശേഷം എന്തു സംഭവിക്കും എന്നത് മറ്റൊരു പ്രശ്നമാണ്. പൗരത്വ ബിൽ കൊണ്ടുവന്ന് ഇന്ത്യയെ മെച്ചപ്പെടുത്താമെന്ന് ബിജെപി കരുതുന്നുവെങ്കിൽ, അത് അവരുടെ നടക്കാത്ത ആഗ്രഹം മാത്രമാണ്. ബിൽ അവതരിപ്പിച്ചതിനാലാണ് ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടത്. ബില്ലുമായി മുന്നോട്ടു പോയാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അവർക്ക് ഇതാവും അനുഭവം' - ചൗധരി പറഞ്ഞു.

ബില്ലിനെക്കുറിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളുമായും സിവിൽ സൊസൈറ്റി സംഘടനകളുമായും അമിത് ഷാ ചർച്ച ചെയ്യുന്ന സമയത്താണ് അദിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന. അദ്ദേഹം വെള്ളിയും ശനിയും ചർച്ച നടത്തിയിരുന്നു. മൂന്നാമത്തെ ചർച്ച നാളെയാണ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ വിവേചനം നേടുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജൈന, ക്രിസ്ത്യൻ, പാർസി അഭയാർഥികൾക്ക് പൗരത്വ ഭേഗതി ബിൽ ആവശ്യമാണെന്ന് അദ്ദേഹം നേരത്തെ രാജ്യസഭയിൽ പറഞ്ഞിരുന്നു. 

ഈ വർഷം ജനുവരി എട്ടിന് ലോക്‌സഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ, 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ലക്ഷ്യമിടുന്നു.

English Summary: Modi and Amit Shah are migrants says Adhir Ranjan Chowdhury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com