ADVERTISEMENT

ന്യൂഡൽഹി ∙ തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പിഡീപ്പിച്ചു കൊന്ന ശേഷം തീകൊളുത്തിയ സംഭവത്തിൽ പ്രക്ഷുബ്ധമായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും. സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കക്ഷിഭേദമില്ലാതെ എംപിമാര്‍ ശക്തമായ ഭാഷയില്‍ നിലപാട് വ്യക്തമാക്കി. ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് സമാജ്‌വാദി പാട്ടി എംപി ജയാ ബച്ചൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

‘ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നതിനു ശേഷം എത്ര തവണ ഈ സഭയിൽ ഇങ്ങനെ സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. നിർഭയ, കഠ്‌വ, അല്ലെങ്കിൽ തെലങ്കാന, സംഭവം ഏതാണെങ്കിലും സർക്കാരിന്റെ വ്യകതമായ വിശദീകരണത്തിനാണ് ജനങ്ങൾ കാത്തിരിക്കുന്നത്. സർക്കാർ എന്താണ് ചെയ്തത്? എങ്ങനെയാണു വിഷയം കൈകാര്യം ചെയ്തത്? ആരുടെയും പേരെടുത്ത് പരാമർശിക്കുന്നില്ല. എങ്കിലും എന്തുകൊണ്ട് ഈ അതിക്രമങ്ങൾ തടയാൻ സാധിച്ചില്ല?’ – ജയാ ബച്ചൻ ചോദിച്ചു. അതിക്രമങ്ങളിൽനിന്നു സ്തീകളെയും കുട്ടികളെയും സംരക്ഷിക്കാൻ സാധിക്കാത്തവർ ലജ്ജിക്കണമെന്നും ജയാ ബച്ചന്‍ പറഞ്ഞു.

അണ്ണാഡിഎംകെ എംപി വിജിലാ സത്യനാഥ്, കോൺഗ്രസ് എംപി അമീ യജ്നിക് എന്നിവരും രാജ്യസഭയിൽ രൂക്ഷമായി പ്രതികരിച്ചു. പ്രസംഗത്തിനിടെ പൊട്ടിക്കരഞ്ഞ വിജിലാ സത്യനാഥ് സ്ത്രീകളും കുട്ടികളും രാജ്യത്ത് സുരക്ഷിതരല്ലെന്നു പറഞ്ഞു. സാമൂഹിക പരിഷ്കരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഒന്നിക്കണമെന്ന് അമീ യജ്നിക് ആവശ്യപ്പെട്ടു.

ബലാത്സംഗക്കുറ്റത്തിനു കൂടുതല്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായി‍ഡു ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയ്ക്കായി കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. തെലങ്കാനയിൽ നടന്ന സംഭവം രാജ്യത്തിന് ആകെ നാണക്കേടാണ്. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ സർക്കാർ ഉറപ്പാക്കും. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് എല്ലാവരുടെ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ബലാത്സംഗക്കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷാ നടപടികൾ ഉറപ്പാക്കാൻ ഐപിസി, സിആർപിസി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയും ലോക്സഭയിൽ പറഞ്ഞു. ഇതിനുള്ള കരട് തയാറാക്കിക്കഴിഞ്ഞു. നിയമം സമഗ്രമാക്കുന്നതിന് ബ്യൂറോ ഓഫ് പൊലീസ് റിസേർച് ആൻഡ് ഡവലപ്മെന്റിനെ ഏൽപിച്ചിട്ടുണ്ട്. വൈകാതെ ഇത് ആഭ്യന്തരമന്ത്രാലയം കൊണ്ടുവരും. അടിയന്തിര സാഹചര്യങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏകോപിപ്പിച്ച് 112 എന്ന നമ്പർ രാജ്യവ്യാപകമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Lynch The Rapists, Says Jaya Bachchan, AIADMK Leader Breaks Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com