sections
MORE

കർണാടക ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം തീർന്നു, വോട്ടെടുപ്പ് നാളെ

kumaraswamy-yediyurappa
SHARE

ബെംഗളൂരു ∙ ആവേശപ്പോരിന് കളമൊരുക്കി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊടിയിറങ്ങി. നാളെ പോളിങ് ബൂത്തിൽ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആരോപണ പ്രത്യാരോപണങ്ങളുടേയും വോട്ടർമാരെ ആകർഷിക്കാനുള്ള വാഗ്ദാനങ്ങളുടേതും കൂടിയായിരുന്നു. സർക്കാരിന്റെ സ്ഥിരതയ്ക്കായി ബിജെപി വോട്ടു തേടിയപ്പോൾ, കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയിലേക്കു കൂറുമാറിയ വിമത എംഎൽഎമാരെ പരാജയപ്പെടുത്തണമെന്നു കോൺഗ്രസും ദളും വോട്ടർമാരോട് ആവശ്യപ്പെട്ടു.

അനുകൂല അന്തരീക്ഷം

15 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നും ഫെബ്രുവരിയിൽ തന്റെ സർക്കാർ കർഷക സൗഹൃദ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ അവകാശപ്പെട്ടു. എല്ലായിടത്തും ബിജെപി അനുകൂല അന്തരീക്ഷമാണുള്ളത്. തിരഞ്ഞെടുപ്പിനു മുൻപു തന്നെ കോൺഗ്രസും ദളും സഖ്യത്തെ കുറിച്ചു ചിന്തിക്കുന്നത് ഇരുകക്ഷികളും മാനസികമായി പരാജയം സമ്മതിച്ചതിനു തുല്യമാണ്. ഇതു തെളിയിക്കുന്നതാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ.സി രാമമൂർത്തിക്കെതിരെ മൽസരത്തിന് കോൺഗ്രസും ദളും തയാറാകാത്തത്. പിന്നെന്തിനാണ് അവർ തന്റെ രാജി ആവശ്യപ്പെടുന്നതെന്നും യെഡിയൂരപ്പ ചോദിച്ചു.

വഞ്ചിച്ചവരുടെ തോൽവി ഉറപ്പാക്കണം

പാർട്ടിയെ വഞ്ചിച്ചു കൂറുമാറിയ അയോഗ്യരെ പരാജയപ്പെടുത്തണമെന്ന ആവശ്യമാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ പ്രചാരണത്തിൽ ഉടനീളം ആവശ്യപ്പെട്ടത്. പണത്തിനും അധികാരത്തിനും വേണ്ടി അയോഗ്യ എംഎൽഎമാർ ജനാധിപത്യ മര്യാദകളെ തച്ചുടച്ചെന്ന് അദ്ദേഹം ആരോപിച്ചു. സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ജി.പരമേശ്വരയും കോൺഗ്രസ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചപ്പോൾ ഡി.കെ ശിവകുമാർ, മല്ലികാർജുൻ ഖർഗെ, ജി.പരമേശ്വര തുടങ്ങിയ നേതാക്കൾ അവസാന ദിവസങ്ങളിൽ സജീവമായി.

തന്ത്രപൂർവം വീക്ഷിച്ച്

മണ്ഡ്യയിലെ കെആർ പേട്ട്, ബെംഗളൂരുവിലെ യശ്വന്തപുര, മൈസൂരുവിലെ ഹുൻസൂർ മണ്ഡലങ്ങളിലാണ് ദൾ പ്രധാനമായും പ്രചാരണം കേന്ദ്രീകരിച്ചത്. ബെളഗാവിയിലെ അത്താണിയിലും ഹാവേരിയിലെ ഹിരേക്കേരൂരിലും ദളിന് സ്ഥാനാർഥികളില്ല. ഹൊസ്കോട്ടെയിൽ ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെഗൗഡയെ പിന്തുണയ്ക്കുന്നു.

സഖ്യതീരുമാനം പിന്നീട്

ദളുമായി സഖ്യം വേണോ എന്ന കാര്യത്തിൽ ഉപതിരഞ്ഞെടുപ്പ് ജനവിധിക്കു ശേഷം എഐസിസി അന്തിമ തീരുമാനമെടുക്കുമെന്ന് ഹുൻസൂരിലെ പ്രചാരണത്തിനിടെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ. ദളുമായി സഖ്യം ചേരുന്നതിനോട് എതിർപ്പില്ലെന്ന് മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ജി.പരമേശ്വര, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ദളും തമ്മിൽ നിലവിൽ നീക്കുപോക്കുകളൊന്നുമില്ല. ഇരു കക്ഷികളും ഉപതിരഞ്ഞെടുപ്പിൽ പരസ്പരം ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

∙ ഡി.കെ ശിവകുമാർ: കോൺഗ്രസ് - ‘ഹൊസ്കോട്ടെയിലെ വോട്ടർമാരെ എം.ടി.ബി നാഗരാജ് (ബിജെപി സ്ഥാനാർഥിയായ മുൻ കോൺഗ്രസ് എംഎൽഎ) ബിജെപിക്കു വിറ്റു. അവരുടെ പണം വാങ്ങിയ ശേഷം കോൺഗ്രസിന് വോട്ടു ചെയ്ത് ചുട്ട മറുപടി നൽകണം’ 

∙ ബസനഗൗഡ പാട്ടീൽ യത്നൽ, ബിജെപി എംഎൽഎ - ‘കോൺഗ്രസ് കൂടുതൽ സീറ്റ് നേടിയാൽ കക്ഷി നേതാവ് സിദ്ധരാമയ്യയെ തള്ളി ജനതാദളുമായി സഖ്യമുണ്ടാക്കാൻ കാത്തിരിക്കുകയാണ് മറ്റു നേതാക്കൾ’

∙ എസ്.ആർ പാട്ടീൽ കോൺഗ്രസ് എംഎൽസി - ‘കോൺഗ്രസ് കുറഞ്ഞത് 12 സീറ്റിൽ ജയിക്കും. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി സർക്കാർ ഉണ്ടാകില്ല’

∙  ജി.മധൂസൂദൻ, ബിജെപി വക്താവ് - ‘ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 112 സീറ്റു ലഭിക്കുമെന്ന് ഉറപ്പ്’

∙ എസ്.എം കൃഷ്ണ, ബിജെപി നേതാവായ മുൻ കോൺഗ്രസ് മുഖ്യമന്ത്രി - ‘കോൺഗ്രസിനോ ദളിനോ ബിജെപി സർക്കാരിനെ അട്ടിമറിക്കാനാകില്ല. സഖ്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ ബിജെപിക്കെതിരെ നാടകം കളിക്കുകയാണ്’.

English Summary: Campaigning for December 5 bypolls in Karnataka ends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA