sections
MORE

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: അതിവേഗ കോടതി കേൾക്കും

protest-doctor-murder
ഡോക്ടറുടെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങൾ
SHARE

ഹൈദരാബാദ്∙ തെലങ്കാനയിൽ െവറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ അതിവേഗ കോടതിയിൽ വാദം കേൾക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം തെലങ്കാന നിയമ സെക്രട്ടറി എ. സന്തോഷ് റെഡ്ഡി മബൂബ്നഗർ അഡീഷനൽ ‍‍ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് കൈമാറി.

അതിവേഗ കോടതി എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു  കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിയമ വിഭാഗം ഹൈക്കോടതി റജിസ്ട്രാർക്ക് കത്തയച്ച് 24 മണിക്കൂറിനുള്ളിലാണ് അതിവേഗ കോടതി രൂപീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. പ്രതികൾ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം. നിയമങ്ങളൊക്കെ നിലവിലുണ്ട്, എന്നാൽ ഇവയൊന്നും ശരിയായ രീതിയിൽ നടപ്പാകുന്നില്ല. നിർഭയ കേസ് തന്നെ എടുക്കൂ...കുറ്റവാളികളെ മരണം വരെ തൂക്കിക്കൊല്ലണം– പെൺകുട്ടിയുടെ അച്ഛൻ ദേശീയ വർത്താ ഏജൻസിയോടു പറഞ്ഞു. 

ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് സമാജ്‌വാദി പാട്ടി എംപി ജയാ ബച്ചൻ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. അണ്ണാഡിഎംകെ എംപി വിജിലാ സത്യനാഥ്, കോൺഗ്രസ് എംപി അമീ യജ്നിക് എന്നിവരും രാജ്യസഭയിൽ രൂക്ഷമായി പ്രതികരിച്ചു. പ്രസംഗത്തിനിടെ പൊട്ടിക്കരഞ്ഞ വിജിലാ സത്യനാഥ് സ്ത്രീകളും കുട്ടികളും രാജ്യത്ത് സുരക്ഷിതരല്ലെന്നും പറഞ്ഞു. കുറ്റവാളികൾക്ക് തൂക്കുമരം നൽകണമെന്നും അതിവേഗ കോടതി കേസു തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട ചൊവ്വാഴ്ച ഡൽഹിയിൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നിരാഹാര സമരം നടത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഷാദ്നഗർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തേഴുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ചുകൊല്ലുകയായിരുന്നു.

English Summary : Telangana Veterinarian's Rape And Murder Case To Be Heard By Fast-Track Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA