sections
MORE

രാജ്യത്ത് ദിവസം ശരാശരി 90 പീഡനങ്ങൾ; ശിക്ഷ ലഭിക്കുന്നത് 16 ശതമാനത്തിന് മാത്രം

rape-3
SHARE

ന്യൂഡൽഹി∙ തെലങ്കാനയില്‍ മൃഗഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്നും പീഡന വാർത്തകൾ പുറത്തുവരികയാണ്. ഉന്നാവിൽ യുവതിയെ പീഡിപ്പിച്ചവർ പെട്രോളൊഴിച്ചു തീകൊളുത്തിയതും ഏറെ ചർച്ചയായി. ഡൽഹിയിലെ ആശുപത്രിയിൽ യുവതി ഇന്നലെയാണു മരണത്തിനു കീഴടങ്ങിയത്. ഹൈദരബാദിൽ പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് രാജ്യത്ത് ഉയരുന്നത്. ഇതോടെ ബലാത്സംഗക്കേസുകളിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രദമായ ഇടപെടലിനെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്.

2017ലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം ഇന്ത്യയിൽ ശരാശരി 90 പീഡനങ്ങളുണ്ടാകുന്നുവെന്നാണു കണക്ക്. എന്നാൽ ഇതിൽ അക്രമികൾ ശിക്ഷിക്കപ്പെടുന്നതു വളരെ ചുരുക്കം. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാ‍ത്സംഗക്കേസുകളില്‍ ശരാശരി പതിനാറു ശതമാനത്തിൽ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതെന്നാണു റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍, ഇഴഞ്ഞ് നീങ്ങുന്ന കോടതി നടപടികള്‍, സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളില്‍ പോലും ശിക്ഷ നടപ്പാക്കുന്നതില്‍ അനാവശ്യ കാലതാമസമാണ് ഉണ്ടാകുന്നത്. രാജ്യം ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസില്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല.

നിർഭയ കേസിനുശേഷം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍ക്കു വലിയ വാർത്താ പ്രാധാന്യമാണു ലഭിക്കുന്നത്. എന്നാൽ അക്രമങ്ങളുടെ നിരക്ക് മുകളിലേക്കു തന്നെ. 2012ൽ രാജ്യത്തെ സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ എണ്ണം 25,000 ആണെന്നാണു പൊലീസിന്റെ കണക്ക്. 2016ൽ ഇത് 38,000 ആയി ഉയർന്നു. 2017ൽ 32,559 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പീഡനപരാതികൾ വർധിക്കുമ്പോഴും കേസുകൾ അവസാനിപ്പിക്കുന്നതിൽ കോടതികൾ ഏറെ പുറകിലാണ്. 2017 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.27 ലക്ഷത്തിനും മുകളിൽ കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. 

ആ വർഷം കോടതികൾ തീർപ്പാക്കിയത് 18,300 കേസുകൾ. 2012ന്റെ അവസാനത്തെ കണക്കു പ്രകാരം കോടതികൾ തീർപ്പാക്കിയ പീഡനക്കേസുകൾ 20,660 ഉം  കെട്ടിക്കിടക്കുന്നത് 113000 കേസുകളുമാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങൾ രാജ്യാന്തര മാധ്യമമായ ബിബിസിയാണു പുറത്തുവിട്ടത്. 2002 മുതൽ 2011 വരെ കോടതിയിലെത്തിയ 26 ശതമാനം കേസുകളിൽ ശിക്ഷാവിധികള്‍ നടപ്പായി. മറ്റു ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പീഡനക്കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകൾ പ്രകാരം കോടതിയിലെത്തുന്ന പീഡനക്കേസുകളിൽ 8 ശതമാനം മാത്രമാണ് കുറ്റക്കാരെ കണ്ടെത്തുന്നത്. ബംഗ്ലദേശിലും പീഡനക്കേസുകളിൽ കുറ്റക്കാരായി വിധിക്കുന്നതിന്റെ ശതമാനം ഏറെ കുറവാണ്.

English Summary: Government figures for 2017 show that, on average, there were more than 90 rapes a day reported

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA