ADVERTISEMENT

ഹൈദരാബാദ്∙ ഹൈദരാബാദിൽ നടന്ന പൊലീസ് എൻകൗണ്ടറിനുള്ള കയ്യടികൾ സോഷ്യൽമീഡിയയിൽ അവസാനിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിലുള്ളവർക്ക് ഇത്തരം എൻകൗണ്ടർ വാർത്തകൾ പുതുമയാണ്. എന്നാൽ ആന്ധ്രാ-തെലങ്കാനയിലെ മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ പുതുമയല്ല. മാധ്യമശ്രദ്ധ നേടിയ ഏഴ് എൻകൗണ്ടറുകൾ ഇതിന് മുൻപും ആന്ധ്രാ-തെലങ്കാനയിൽ നടന്നിട്ടുണ്ട്. ആ എൻകൗണ്ടറുകൾക്കെല്ലാം പറയാനുള്ളതും സമാനമായ തിരക്കഥയാണ്.

മാധ്യമങ്ങൾ അറിയുന്ന എൻകൗണ്ടറുകളുടെ തുടക്കം 2008ലാണ്. കഴിഞ്ഞദിവസത്തെ എൻകൗണ്ടറിന് നേതൃത്വം നൽകിയ വി.സി. സജ്ജനാർ തന്നെയാണ് എന്നും നേതൃസ്ഥാനത്തുണ്ടായിരുന്നത്. വിദ്യാർഥികൾക്ക് മേൽ ആസിഡൊഴിച്ച മൂന്ന് യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നത്. അന്ന് പറഞ്ഞത് ഇങ്ങനെ: തെളിവെടുക്കാൻ ബൈക്കും ആസിഡ് കുപ്പിയും ഒളിപ്പിച്ചുവച്ചിടത്ത് പോയപ്പോൾ യുവാക്കൾ പൊലീസിനെ നാടൻ തോക്കുകൊണ്ട് ആക്രമിച്ചു. സ്വയരക്ഷയ്ക്ക് പൊലീസ് യുവാക്കളുടെ നേർക്ക് നിറയൊഴിച്ചു.

രണ്ടാമത്തെ എൻകൗണ്ടർ 2015ലായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് സർക്കാരിന്റെ നയം തന്നെ സംശയമുള്ളവരെ വെടിവച്ചു കൊല്ലാം എന്നുള്ളതായിരുന്നു.  അന്നത്തെ ഇര തെഹ്‌രീക്ക് ഗൽബാ-എ-ഇസ്‌ലാം എന്ന സംഘടനയുടെ അംഗമായ വികാറുദ്ദീനും ഒപ്പമുണ്ടായിരുന്ന നാലുപേരുമായിരുന്നു.  വാറങ്കൽ ജയിലിലെ വിചാരണത്തടവുകാരായ ഈ അഞ്ചുപേരെയും ഹൈദരാബാദ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് കൊലപ്പെടുത്തിയത്. 

ഇവർ ആയുധങ്ങൾ തട്ടിയെടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു അന്നും പറഞ്ഞത്. എന്നാൽ മരിച്ചവരുടെ കൈകൾ വിലങ്ങണിയിച്ച നിലയിലായിരുന്നു. അവരെങ്ങനെ പൊലീസിനെ ആക്രമിക്കുമെന്ന് ചോദ്യമുയർന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. 

2015ൽ തന്നെ പിന്നെയും രണ്ട് എൻകൗണ്ടറുകൾ നടന്നു. തെലങ്കാന ഛത്തീസ്ഗഢ് അതിർത്തിയിൽ വിവേക് കൊടമഗുണ്ട്‌ല എന്ന 19 വയസുകാരനെയും മാവോയിസ്റ്റുകളെന്ന് പറയപ്പെടുന്ന രണ്ട് സ്ത്രീകളെയും വെടിവച്ചുകൊന്നു. അന്നും പൊലീസിന്റെ തിരക്കഥ ഇവർ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. എന്നാൽ കൊലപാതകത്തിന് മുൻപ് ഇരകൾ ക്രൂരമായ പീഡനത്തിന് വിധേരായിട്ടുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അസ്ഥികളും താടിയെല്ലും ഒടിഞ്ഞ നിലയിലായിരുന്നു. 

2016 സെപ്തംബറിലും സമാനമായ എൻകൗണ്ടർ നടന്നിട്ടുണ്ട്. മഹിത, സാഗർ എന്നീ രണ്ടുപേരെ മാവോയിസ്റ്റെന്ന് പറഞ്ഞ് പൊലീസ് വെടിവച്ചു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അപ്പോഴും ഭാഷ്യം. എന്നാൽ ഇവരും കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൃതദേഹത്തിലെ മുറിവുകൾ സാക്ഷിയായിരുന്നു. 

തെലങ്കാനയിലെ ഭദ്രാദ്രി-കൊത്താഗുഡം പ്രദേശത്ത് എട്ടുപേരെയാണ് പൊലീസ് മാവോയിസ്റ്റ് എന്ന് ആരോപിച്ച് വെടിവച്ചു കൊന്നത്. ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞെങ്കിലും പോയിന്റ് ബ്ലാങ്കിൽ നിർത്തി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. 

ഈ വർഷം ജൂലൈയിലാണ് ലിംഗണ്ണ എന്ന വ്യക്തിയെ സിപിഐ(എം എൽ) ന്യൂ ഡെമോക്രസിയുടെ ഏരിയ കമാൻഡർ എന്ന് ആരോപിച്ച് പൊലീസ് വെടിവച്ചത്. ലിംഗണ്ണയോടൊപ്പം ഏഴു ഗ്രാമീണരെയും നക്സലൈറ്റുകളാണെന്ന് പറഞ്ഞ് കൊലപ്പെടുത്തി. എന്നാൽ ലിംഗണ്ണ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് മാത്രമായിരുന്നുവെന്ന് മകൻ വ്യക്തമാക്കിയിരുന്നു. 

ലിംഗണ്ണയുടെ കൊലപാതകത്തിന് ശേഷം ഏറെ മാധ്യമശ്രദ്ധ നേടിയ എൻകൗണ്ടറാണ് മാവോയിസ്റ്റ് മുഹമ്മദ് നയിമുദ്ദീന്റേത്. 1993 -ൽ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.വൈ. വ്യാസിന്റെ ഘാതകനായിരുന്നു നയീം. ആ വർഷം തന്നെ നയീമിനെ പിടികൂടിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ നയീം പൊലീസിനുവേണ്ടി തന്നെ പ്രവർത്തിക്കാൻ സന്നദ്ധനായിരുന്നു. പല മാവോയിസ്റ്റുകളെയും വധിക്കാൻ നയീം പൊലീസിന് കൂട്ടുനിന്നിട്ടുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാൻ തുടങ്ങിയതോടെ നയീം കണ്ണിലെ കരടായി. റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നയീമിനെ പൊലീസ് വകവരുത്തിയതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഈ എല്ലാ എൻകൗണ്ടറുകൾക്കും പൊലീസിന് പറയാനുള്ളത് ഒറ്റ തിരക്കഥ മാത്രമാണ്. ഈ പ്രതികളെല്ലാം പൊലീസിനെ ആക്രമിച്ചു, പ്രാണരക്ഷാർഥം വെടിവച്ചുകൊന്നു. മേൽപ്പറഞ്ഞ പല കേസുകളിലും പൊലീസ് വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഹൈദരാബാദിൽ അവസാനം നടത്തിയ എൻകൗണ്ടർ പൊലീസിന് വീരപരിവേഷമാണ് ജനങ്ങൾക്കിടയിൽ നൽകിയിരിക്കുന്നത്. വിമർശിച്ച ജനങ്ങളെ കൊണ്ടു തന്നെ ലഡു വിതരണം ചെയ്യിച്ച ആ എൻകൗണ്ടറിനും പറയാനുള്ളതും പറഞ്ഞു പഴകിയ അതേ ഏറ്റുമുട്ടൽ തിരക്കഥ തന്നെ.

English Summary: Seven More Encounter By Telengana Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com