ADVERTISEMENT

കൊച്ചി ∙ മോട്ടോര്‍ വാഹനവകുപ്പ് പിടിമുറുക്കിയിട്ടും സംസ്ഥാനത്തോടുന്ന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരുടെ കൈവിട്ട കളി തുടരുന്നു. സമൂഹമാധ്യമങ്ങളില്‍ താരമാകാനുള്ള ഡ്രൈവര്‍മാരുടെ ശ്രമമാണ് സുരക്ഷക്ക് പ്രധാന വെല്ലുവിളിയാകുന്നത്. പാട്ടുപാടിയും തുള്ളിക്കളിച്ചും ഓട്ടത്തിനിടെ വിഡിയോ ചിത്രീകരിച്ചും പ്രചരിപ്പിക്കുന്ന കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നു.

പാട്ടിന്റെ താളത്തിനൊത്ത് യാത്രക്കാരി, കുട്ടികളുമായി ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റിക്കളിച്ച വയനാട്ടുകാരന്‍ ഡ്രൈവര്‍ ലൈസന്‍സ് പോയി വീട്ടില്‍ വിശ്രമത്തിലാണ്. അതിന് മുന്‍പ് പാട്ടുപാടി ബസോടിച്ച പെരുമ്പാവൂരിലെ ഡ്രൈവറും ഇപ്പോള്‍ പാട്ടുംപാടി വീട്ടിലിരുപ്പാണ്.

ഇവര്‍ക്കെല്ലാം പിന്നാലെയാണ് മറ്റൊരു ചെറുപ്പക്കാരനും ബസോടിച്ച് കടന്നുവരുന്നത്. ഒറ്റയ്ക്കല്ല കലാകാ‌രന്‍, ബസില്‍ നടക്കുന്ന ആഘോഷത്തിന് തെളിവായി തുള്ളിക്കളിക്കുന്ന മറ്റു ചിലരെയും കാണാം. മറ്റൊരു ഡ്രൈവറിന്റെ പ്രകടനം ടിക്ടോക്കിലാണ്. ദോഷംപറയരുത്, ചിത്രീകരണത്തിരക്കിലും ഗിയര്‍ മാറ്റാന്‍ മറക്കുന്നില്ല, കഷ്ടപ്പെട്ടിട്ട് ആണെങ്കിലും.

ഇനി സെല്‍ഫിക്കാരന്‍. ഇത് കേവലം തന്റെ മുഖം മാത്രം ഒപ്പിയെടുക്കുന്ന, അവനവനിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന ചിന്തയുടെ സെല്‍ഫിയല്ല. പകരം പുറത്തുള്ള ലോകത്തെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഓടുന്ന ബസില്‍ നിന്ന് ചാടി പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവര്‍ മുതല്‍ പാട്ടുപാടിയും ചുവടുവച്ചും ബസോടിക്കുന്നവരെ വരെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു.

bus-drivers-tiktok

ഒരുഭാഗത്ത് ബസ് കമ്പനിയുടെ പ്രമോഷനാണ് ഇത്തരം പ്രകടനങ്ങളുടെ ലക്ഷ്യമെങ്കില്‍ മറ്റൊന്നില്‍ ടിക്ടോക്ക് വഴിയും മറ്റും വൈറല്‍ ആകാനുള്ള ഡ്രൈവര്‍മാരുടെ വ്യക്തിപരമായ അഭിനിവേശമാണ്. രണ്ടായാലും വെല്ലുവിളിക്കുന്നത് ബസിലുള്ളവരുടെ മാത്രമല്ല, ഒന്നുമറിയാതെ ഈ വഴിയെ യാത്ര ചെയ്യുന്നവരുടെയെല്ലാം സുരക്ഷയെയാണ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉറപ്പാക്കുക മാത്രമല്ല, വ്യാപകമാകുന്ന ഈ പ്രവണതക്കെതിരായ നടപടി കൂടുതല്‍ ഊര്‍ജിതമാകണമെന്ന ആവശ്യമാണ് ഉയരുന്നതും.

English Summary: Videos of More Drivers doing Tiktok are Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com