ADVERTISEMENT

തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 

അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഡിജിപി എത്തിയത്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചതു ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിത വേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്നാണ് നിഗമനം. അപകട സമയത്തു കാറോടിച്ചത് ആരെന്ന മൊഴികളിലെ ആശയക്കുഴപ്പമാണു ദുരൂഹതയ്ക്ക് ഇടയാക്കിയത്. അര്‍ജുന്‍ വാഹനമോടിച്ചു എന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. 

അവ്യക്തതകളുടെ ഒരു വര്‍ഷം

ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീര്‍ണ്ണമാക്കി.

ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു.

കാർ അപകടം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണമെന്ന ആവശ്യത്തിനു ശക്തി പകർന്നു. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ സോബിയെ നോട്ടിസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഡിആർഐ, ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡിആർഐ സോബിയുടെ മൊഴി പരിശോധിക്കാൻ തീരുമാനിച്ചത്.  ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. ഡിആർഐ ഈ വിവരങ്ങൾ കൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ് 13ന് 25 കിലോ സ്വര്‍ണവുമായി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മാനേജർക്കും സുഹൃത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്.  കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനിൽകുമാർ, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുൾ ഹക്കിം, റഷീദ്, പ്രകാശൻ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.

English Summary: Balabhaskar death; CBI investigate the case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com