'ഇന്റര്‍നെറ്റില്ല, താങ്കളുടെ സന്ദേശം അവര്‍ക്ക് വായിക്കാന്‍ കഴിയില്ല'; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

guwahati-protest-modi
അസമിലെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധം( ഇടത്) നരേന്ദ്ര മോദി (വലത്)
SHARE

ന്യൂഡല്‍ഹി∙ അസം ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവിടെ ഇന്റര്‍നെറ്റ് ഇല്ലെന്നും സന്ദേശം ആര്‍ക്കും വായിക്കാന്‍ കഴിയില്ലെന്നും പരിഹസിച്ച് കോണ്‍ഗ്രസ്. പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സമാധാന സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

''നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്‌കാരവും അസ്തിത്വവും കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. അതു മേല്‍ക്കുമേല്‍ വളരുക തന്നെ ചെയ്യും.''- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസമിലെ സഹോദരീ സഹോദരന്മാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മോദി വ്യക്തമാക്കി.

തൊട്ടുപിന്നാലെയാണ് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ''അസമിലെ നമ്മുടെ സഹോദരീ, സഹോദരന്മാര്‍ക്ക് താങ്കളുടെ സമാധാന സന്ദേശം വായിക്കാന്‍ കഴിയില്ല മോദിജീ. താങ്കള്‍ മറന്നെങ്കില്‍ ഓര്‍മിപ്പിക്കാം, അവിടെ ഇന്റര്‍നെറ്റ് ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്.'' - കോണ്‍ഗ്രസ് ഔദ്യോഗിക ട്വീറ്റില്‍ കുറിച്ചു. പൗരത്വ ഭേദഗതി ബില്‍ പാസായതിനെ തുടര്‍ന്ന് അസമിലും ത്രിപുരയിലും ആയിരങ്ങളാണു പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. 

പൊലിസുകാരുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി. അസമില്‍ നാലിടത്തു സൈന്യത്തെ വിന്യസിച്ചു. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച ഗുവാഹത്തി നഗരത്തില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ്, ജോര്‍ഹത്, ടിന്‍സുകിയ എന്നിവിടങ്ങളിലാണു സൈന്യം രംഗത്തിറങ്ങിയത്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യവും വിച്‌ഛേദിച്ചിരുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ ലഖിനഗറിലെ വീടിനു നേരെ കല്ലേറുണ്ടായി. അസമില്‍നിന്ന് ആരംഭിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥലമായ ദിബ്രുഗഡിലെ ചാബുവ റെയില്‍വേ സ്‌റ്റേഷനു പ്രക്ഷോഭകാരികള്‍ തീവച്ചു.

English Summary: But people in Assam can't read your message without Internet: Congress on Modi's assurance on Citizenship Bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA