ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ, തൽസ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ. ബംഗ്ലാദേശിൽ നിന്നുള്ള മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപിച്ച സിൻഹ, മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും വിമർശനം ഉന്നയിച്ചു.

'പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ അവർ കാര്യമായി ഒന്നും ചെയ്തില്ല. ഞങ്ങൾ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ല. എന്നാൽ ഇത്തരത്തിൽ അരാജകത്വം നിലനിൽക്കുകയാണെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. സംസ്ഥാനം മുഴുവൻ കത്തി നശിക്കുമ്പോൾ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നിൽക്കുകയാണ് സർക്കാർ’ – സിൻഹ കൊൽക്കത്തയിൽ മാധ്യമങ്ങളോടു പറഞ്ഞു.

പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയെടുക്കാത്തതിന് മമതയെ വിമർശിച്ച സിൻഹ, തന്റെ പ്രസ്താവനകളിലൂടെ മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്‌ലിം ജനതയല്ല, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങൾക്കു പിന്നിൽ. തങ്ങളുടെ പേര് കലാപകാരികൾ കളങ്കപ്പെടുത്താതിരിക്കാൻ ബംഗാളിലെ മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും സിൻഹ പറഞ്ഞു.

മമതയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ മമത തന്നെയാണ് പൊതുമുതൽ നശിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോൾ അതേ പ്രീണനനയം അവർക്ക് തിരിച്ചടിയായിരിക്കുന്നു. ബംഗാളിന്റെ അവസ്ഥ വളരെ അധികം അപകടകരമാവുകയാണ്. മമതയ്ക്ക് ഈ സാഹചര്യത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

ബംഗാളിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകൾക്ക് പ്രക്ഷോഭകർ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽ‌വേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭകാരികൾ റോഡ് ഉപരോധിച്ചു.പോരദംഗ, ജംഗിപുർ, ഫറക്ക, ബൗറിയ, നൽപുർ സ്റ്റേഷനുകൾ, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തി.

മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. ‘വാഹനങ്ങൾ തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവരോട് ദയ കാണിക്കില്ല. ബസുകൾക്ക് തീയിടുകയും ട്രെയിനുകൾ തടസപ്പെടുത്തുകയും ചെയ്ത് പൊതു സ്വത്ത് നശിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കും’ – മമത പറഞ്ഞു.

English Summary : "Will Seek President's Rule In Bengal If Violence Continues": BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com