ADVERTISEMENT

2018 സെപ്റ്റംബറിലാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. 7.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 40 ലക്ഷം തൊഴിലവസരങ്ങൾ, ഗ്രാമമേഖലകളിൽ 20 ലക്ഷവും നഗരങ്ങളിൽ 10 ലക്ഷവും വൈഫൈ സ്പോട്ടുകൾ, എല്ലാവർക്കും 50 എംബിപിഎസ് ബ്രോഡ്ബാൻഡ്... നയമാകെ നിറഞ്ഞിരുന്നത് വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക. 5ജി വഴി അതിവേഗ ഇന്റർനെറ്റ് സേവനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത നയം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം (ഷട്ട് ഡൗൺ) നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്.

ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനങ്ങളിലൊന്ന് ഇപ്പോഴും തുടരുകയാണ് കശ്മീരിൽ. അതോടൊപ്പം അസം, ത്രിപുര, അരുണാചൽ പ്രദേശ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ വിലക്ക് കൂടിയായതോടെ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ ഇന്ത്യയെ ഇപ്പോൾ വിശേഷിപ്പിക്കുന്നതിങ്ങനെ– ഇന്റർനെറ്റ് വിലക്കുകളുടെ ആസ്ഥാനം. നുണ വാർത്തകളും വ്യാജപ്രചാരണങ്ങളുമായി ജനങ്ങളെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ശ്രമമുണ്ടാക്കുമ്പോൾ സമാധാനം സംരക്ഷിക്കാനും അക്രമങ്ങൾ തടയാനും വേറെന്തു വഴിയെന്നു കേന്ദ്രവും വിമർശകരോട് തിരിച്ചു ചോദിക്കുന്നു. ഇന്റർനെറ്റ് വിലക്കിന്മേൽ രാജ്യത്തു ചർച്ചകൾ ചൂടുപിടിക്കുകയാണ്...

കത്തുന്ന പൗരത്വ നിയമ ഭേദഗതി

ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററിന്റെ (എസ്എഫ്എൽസി) പിന്തുണയോടെ പ്രവർത്തിക്കുന്ന www.internetshutdowns.in എന്ന വെബ്സൈറ്റിലെ കണക്കുകളാണു പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരിക്കുന്നത്. വാർത്തകളിലൂടെയും വിവരാവകാശ നിയമത്തിലൂടെയും ശേഖരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2012 മുതൽ ഇതുവരെ 363 ഇന്റർനെറ്റ് നിരോധനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എസ്എഫ്എൽസി പറയുന്നു. അതിൽ ഏറ്റവും കൂടുതൽ നിരോധനം ഉണ്ടായത് 2018ലാണ്– 134 എണ്ണം. ഇത്തവണ ഇതുവരെ ഇന്ത്യയിൽ 91 ഇടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനമുണ്ടായത്. 2012 മുതലുള്ള ഓരോ നിരോധനത്തിന്റെ വിവരങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ ഏറ്റവും അവസാനത്തേത് ഡിസംബർ 13ന് ഉത്തർ പ്രദേശിലെ അലിഗഢിലുണ്ടായതാണ്– പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ അന്നു വൈകിട്ട് 5 വരെയായിരുന്നു നിരോധനം. ഡിസംബർ 12ന് രണ്ടു ദിവസത്തേക്ക് മേഘാലയയിൽ ഇന്റർനെറ്റ് നിരോധിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ എസ്എംഎസ്, വാട്‌സാപ്, ഫെയ്സ്ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയവ വഴി പൊതുജന സുരക്ഷയ്ക്കു ഭീഷണിയാകുന്ന കാര്യങ്ങൾ പ്രചരിക്കുന്നതു തടയാനാണു 12നു വൈകിട്ട് 5 മുതൽ 48 മണിക്കൂർ നേരത്തേക്ക് മേഘാലയയാകെ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയത്.

ഡിസംബർ 10ന് ത്രിപുരയിലും അരുണാചൽ പ്രദേശിലും 11ന് അസമിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമുദായിക സംഘർഷത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 10നും അസമിൽ പല ജില്ലകളിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. 

അയോധ്യ വിധിയുടെ സമയത്ത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പലയിടത്തും ഇന്റർനെറ്റ് തടഞ്ഞു. കൂട്ടമായുള്ള എസ്എംഎസ്/എംഎംഎസ് അയയ്ക്കൽ, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ നൽകുന്ന സേവനങ്ങൾക്കായിരുന്നു വിലക്ക്. വോയിസ് കോളുകൾക്കു വിലക്കുണ്ടായതുമില്ല.

ഇന്നും ഇന്റർനെറ്റില്ലാതെ കശ്മീർ

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനം നടപ്പിലാക്കിയത് കശ്മീരിലാണ്. 2016 ജൂലൈ 8 മുതൽ നവംബർ 19 വരെ 133 ദിവസങ്ങളിലായിരുന്നു അത്. ജൂലൈ 8ന് ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാന്‍ വാനി ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ താഴ്‌വരയിലുണ്ടായ സംഘർഷത്തെത്തുടർന്നായിരുന്നു നിരോധനം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ പശ്ചാത്തലത്തില്‍ 2019 ഓഗസ്റ്റ് നാലിന് ആരംഭിച്ച ഇന്റർനെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്. ഇതിനാണു ദൈർഘ്യത്തിൽ രണ്ടാം സ്ഥാനം.

നിരോധനം ഏർപ്പെടുത്തി 72 ദിവസത്തിനു ശേഷം 40 ലക്ഷം പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്‌ഷനുകൾക്കുള്ള വിലക്ക് താഴ്‌വരയിൽ നീക്കിയിരുന്നു. നിലവിൽ വോയിസ് കോളുകളും എസ്എംഎസുമുണ്ടെങ്കിലും ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്. 25 ലക്ഷത്തോളം പ്രീപെയ്ഡ് കണക്‌ഷനുകൾക്കും വിലക്കുണ്ട്. 2012 മുതൽ ഇതുവരെ ഏറ്റവുമധികം ഇന്റർനെറ്റ് വിലക്കുണ്ടായതും കശ്മീരിലാണ്–180 എണ്ണം. ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ ഇന്റർനെറ്റ് വിലക്ക് 2017 ജൂൺ 18 മുതൽ സെപ്റ്റംബർ 25 വരെ 100 ദിവസത്തേക്ക് ബംഗാളിലെ ഡാർജിലിങ്ങിലായിരുന്നു. പ്രത്യേക ഗൂർഖാലാൻഡിനു വേണ്ടിയുള്ള സമരം തുടരുന്നതിനിടെയായിരുന്നു അത്.

കോപ്പിയടി തടയാനും ‘നിരോധനം’

അക്രമങ്ങളും സാമുദായിക–വർഗീയ സംഘർഷങ്ങളും തടയാനാണ് വിലക്കേർപ്പെടുത്തുന്നതെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതു തടയാൻ വരെ ഇന്റർനെറ്റ് നിരോധിച്ച സംഭവങ്ങളും നടന്നത് ഇന്ത്യയിലാണ്. 2018 ഫെബ്രുവരി 11ന് അധ്യാപകർക്കുള്ള സർക്കാർതല യോഗ്യതാ പരീക്ഷ നടക്കുമ്പോഴായിരുന്നു രാജസ്ഥാനിൽ ചില പരീക്ഷാകേന്ദ്രങ്ങൾക്കു സമീപം ഇന്റർനെറ്റ് വിലക്കേർപ്പെടുത്തിയത്. ഇതുൾപ്പെടെ ഇന്ത്യയിലെ ‘അസാധാരണ’ ഇന്റർനെറ്റ് വിലക്കുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ വർഷം യുനെസ്കോ പുറത്തുവിട്ടിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടക്കുന്നത് തെക്കനേഷ്യൻ മേഖലയിലാണെന്ന് 2017–18ലെ യുനെസ്കോ സൗത്ത് ഏഷ്യ പ്രസ് ഫ്രീഡം റിപ്പോർട്ടില്‍ പറയുന്നു. അതിൽത്തന്നെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാകട്ടെ ഇന്ത്യയും. ബ്രോഡ്ബാന്‍ഡ് അല്ലെങ്കിൽ മൊബൈൽ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കു വരുന്ന വിലക്കെന്നാണ് യുനെസ്കോ റിപ്പോർട്ട് ഇന്റർനെറ്റ് ഷട്ട്ഡൗണിനെ വിശേഷിപ്പിക്കുന്നത്.

ഇതു നടപ്പാക്കുന്നതാകട്ടെ ഭരണത്തിനുള്ള ബന്ധപ്പെട്ട അധികാരികളോ അല്ലെങ്കിൽ സർക്കാർ വിരുദ്ധ, ദേശവിരുദ്ധ ശക്തികളോ ആകാം. മനഃപൂർവമുള്ള ഈ തടസ്സപ്പെടുത്തലിന്റെ ലക്ഷ്യം ആശയവിനിമയത്തിൽ നിയന്ത്രണം കൊണ്ടുവരിക, ഓൺലൈൻ ഉള്ളടക്കത്തിന്റെ വ്യാപനം തടയുക അല്ലെങ്കിൽ സാധാരണക്കാർക്ക് മേൽപ്പറഞ്ഞ ഇന്റർനെറ്റ് സേവനങ്ങൾ കുറഞ്ഞ തോതിൽ മാത്രം ലഭ്യമാക്കുക തുടങ്ങിയവയാണ്.

2017 മേയ് മാസത്തിനും 2018 ഏപ്രിലിനും ഇടയ്ക്ക് തെക്കനേഷ്യൻ രാജ്യങ്ങളിൽ 97 ഇടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം വന്നത്. അതിൽ 82 സംഭവങ്ങളും ഇന്ത്യയിലായിരുന്നു. പാക്കിസ്ഥാനിൽ 12ഉം, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഓരോ തവണയും ഇന്റർനെറ്റിനു വിലക്കുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാന നില സംരക്ഷിക്കുന്നതിനാണു മിക്ക ഇന്റർനെറ്റ് വിലക്കുകളും നടപ്പാക്കുന്നത്. അക്രമാസക്തമായ മുന്നേറ്റങ്ങൾ തടയുന്നതിന്റെ ഭാഗമായും (Reactive Action) വരാനിരിക്കുന്ന പൊതുജന പ്രതിഷേധങ്ങളെ മുൻകൂട്ടി തടയാനുമായിട്ടാണ് (Preventive Action) നിരോധനം നടപ്പാക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മാധ്യമ പ്രവർത്തകർക്കു വിവരം ശേഖരിക്കാനും വാർത്തകളെത്തിക്കാനുമുള്ള അവസരങ്ങളാണ് ഇന്റർനെറ്റ് നിരോധനം വഴി തടസ്സപ്പെടുന്നത്. കൂടാതെ പൊതുജനത്തിനു വിവരങ്ങൾ ലഭിക്കുന്നതിനും അതു പരസ്പരം കൈമാറുന്നതിനുമുള്ള അവസരവും നഷ്ടമാകുന്നു. മനുഷ്യാവകാശങ്ങൾക്കു മേലുള്ള ഭീഷണിയാണത്. സുരക്ഷയുടെ പേരു പറഞ്ഞ് സെൻസർഷിപ് നടപ്പാക്കാനുള്ള സർക്കാർ ഉപകരണമായി പലപ്പോഴും ഇത്തരം ഇന്റർനെറ്റ് വിലക്കുകൾ മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. (റിപ്പോർട്ട് പൂർണരൂപം വായിക്കാം)

FRANCE-TECHNOLOGY-SOCIETY-FACEBOOK

ഫെയ്സ്ബുക്കും പറയുന്നു...

2018ൽ മാത്രം ഇന്ത്യയിൽ നൂറിലേറെ ഇന്റർനെറ്റ് നിരോധനങ്ങളുണ്ടായതായി യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സംഘടന ‘ഫ്രീഡം ഹൗസിന്റെ’ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന 87% ജനങ്ങളും ഉൾപ്പെട്ട 65 രാജ്യങ്ങളിലാണ് സംഘടന ഇതു സംബന്ധിച്ച പഠനം നടത്തിയത്. ലാൻഡ് കണക്‌ഷനുകളേക്കാൾ ഫോണുകളും ഡോംഗിളുകളും ഉൾപ്പെട്ടെ മൊബൈൽ ഇന്റർനെറ്റിനെത്തന്നെ നിരോധനം പ്രധാനമായും ലക്ഷ്യമിടുന്നതിനു പിന്നിലും കാരണങ്ങളുണ്ട്– രാജ്യത്ത് ആകെയുള്ള ഉപയോക്താക്കളിൽ 95.13% പേരും മൊബൈൽ ഇന്റർനെറ്റ് സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. അതായത് ആകെയുള്ള 44.6 കോടി പേരിൽ 42.4 കോടി പേരും മൊബൈൽ ഡിവൈസുകളിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

തുടക്കത്തിൽ ഏതാനും മണിക്കൂറുകൾക്കെന്ന പേരിൽ നടപ്പാക്കുകയും പിന്നീട് നീട്ടുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഇന്റർനെറ്റ് നിരോധന രീതി. 2010 മുതലാണ് ഇതു നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് ഇന്റർനെറ്റ് നിരോധനത്തിൽ വർധനവുണ്ടായതെന്ന് ഡിജിറ്റൽ ഫ്രീഡം ആക്ടിവിസ്റ്റുകൾ പറയുന്നു. എസ്എഫ്എൽസി കണക്കുകൾ പ്രകാരം 2014ൽ ഇന്ത്യയിൽ ആറിടത്തു മാത്രമായിരുന്നു ഇന്റർനെറ്റ് നിരോധനം വന്നത്. തൊട്ടടുത്ത വർഷം അത് 14 ആയി. 2016ൽ ഇരട്ടിയിലേറെയായി 31ലെത്തി. 2017ൽ 79, 2018ൽ 134, 2019ൽ ഇതുവരെ 91 എന്നാണ് ഇന്റർനെറ്റ് നിരോധന കണക്ക്.

ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ആക്സസ് നൗ എന്ന സംഘടനയുടെ കണക്ക് പ്രകാരം 2016 ജനുവരിക്കും 2018 മേയിനും ഇടയ്ക്ക് 154 ഇന്റർനെറ്റ് ഷട്ട് ഡൗണുകളാണ് ഇന്ത്യയിലുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ ഇതേ കാലയളവിൽ 19 ഇടത്തായിരുന്നു നിരോധനം. മൂന്നാം സ്ഥാനത്തുള്ള ഇറാഖിലും സിറിയയിലും എട്ടുവീതവും. 2019 നവംബറിൽ പുറത്തിറങ്ങിയ ഫെയ്സ്ബുക്കിന്റെ സുതാര്യതാ റിപ്പോർട്ടിലും ഇന്ത്യയ്ക്ക് അനുകൂലമല്ല കാര്യങ്ങൾ. 2019ന്റെ ആദ്യപകുതിയിൽ 15 രാജ്യങ്ങളിൽ 70 തവണയെങ്കിലും ഫെയ്സ്ബുക് സേവനങ്ങൾ തടസ്സപ്പെടാനിടയായി. ഇതിൽ 40 തവണയും ഇന്ത്യയിലായിരുന്നെന്നും ഫെയ്സ്ബുക് വ്യക്തമാക്കുന്നു.

കേന്ദ്രത്തിലും കണക്കില്ല!

പല സംഘടനകൾ പലതരത്തിലുള്ള കണക്കുകൾ പുറത്തുവിടുന്നതിനു പിന്നിലുമുണ്ട് കാരണം. ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ കൃത്യമായി പുറത്തുവിടുന്നില്ലെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അതിനാൽത്തന്നെ മാധ്യമങ്ങള്‍ക്കും വിവരം ലഭിക്കുന്നില്ല. ഒരുദാഹരണമായി എസ്എഫ്എൽസി എക്സി. ഡയറക്ടർ സുന്ദർ കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്– ‘രാജസ്ഥാൻ സർക്കാരിനു കീഴിൽ എത്ര തവണ ഇന്റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തിയെന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ചിരുന്നു. റിപ്പോർട്ട് വന്നപ്പോൾ അതിലെ 26 സംഭവങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതു പോലുമില്ലായിരുന്നു...’

ചില സംസ്ഥാനങ്ങൾ വിവരാവകാശ നിയമത്തിലെ സെക്‌ഷൻ 8ന്റെ പേരു പറഞ്ഞ് വിവരങ്ങൾ തരാതിരിക്കുന്ന നിലപാടുണ്ടെന്നും സുന്ദർ പറയുന്നു. രാജ്യസുരക്ഷയുടെയും മറ്റും പേരിൽ വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ നൽകാതിരിക്കാനുള്ള വകുപ്പ് പ്രകാരമാണിത്. ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ശേഖരിക്കാനുള്ള കേന്ദ്രീകൃത സംവിധാനവും നിലവിലില്ല. വിവരം ശേഖരിക്കാത്തതിനാൽത്തന്നെ ബിജെപി എംപിമാർ ഉൾപ്പെടെ പാർലമെന്റിൽ പലവട്ടം ചോദ്യം ഉന്നയിച്ചിട്ടും വിവരം നൽകാനുള്ള ഡേറ്റ ടെലികോം, ഐടി വകുപ്പുകളിലുണ്ടായിരുന്നില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സെക്രട്ടറിക്കും വിലക്കാം

2017 ഓഗസ്റ്റ് വരെ സിആർപിസി സെക്‌ഷൻ 144 വഴിയായിരുന്നു ഇന്ത്യയിൽ ഇന്റർനെറ്റ് നിരോധനമേർപ്പെടുത്തിയിരുന്നത്. ഒരു നിശ്ചിത മേഖലയിൽ സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി നാലോ അതിലധികം പേരോ സംഘം ചേരുന്നതു തടയാൻ മജിസ്ട്രേറ്റിനെ അധികാരപ്പെടുത്തുന്നതാണ് സെക്‌ഷൻ 144. എന്നാൽ 2017 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ടെംപററി സസ്പെൻഷൻ ഓഫ് ടെലികോം സർവീസസ് (പബ്ലിക് എമർജൻസി/പബ്ലിക് സേഫ്റ്റി) നയം പ്രഖ്യാപിച്ചു. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിനു കീഴിലെ ഈ നയം പ്രകാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കോ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കോ താൽക്കാലികമായി ഇന്റർനെറ്റിനു വിലക്കേർപ്പെടുത്താം.

വിലക്കിനുള്ള ഉത്തരവ് ഒരു റിവ്യൂ കമ്മിറ്റി പരിശോധിക്കും. വിലക്കേർപ്പെടുത്താനുള്ള കാരണം ന്യായമാണോയെന്ന് ഈ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഇന്റർനെറ്റ് നിരോധനം എപ്പോഴെല്ലാം നടപ്പാക്കാമെന്നും ഈ നിയമം നിർദേശിക്കുന്നുണ്ട്– പൊതുജന സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര ഇടപെടലാണ് അതിൽ പ്രധാനപ്പെട്ടത്. ഇതിന്റെ പേരിലാണ് കലാപം, സംഘർഷം, അക്രമങ്ങൾ, സാമുദായിക–വർഗീയ ലഹളകൾ, പ്രതിഷേധങ്ങൾ തുടങ്ങിയവയുടെ സാഹചര്യത്തിൽ ഇന്റർനെറ്റിനു നിരോധനം ഏർപ്പെടുത്തുന്നത്.

‘ഇന്ത്യയിലെ ഭൂരിപക്ഷം ഇന്റർനെറ്റ് നിരോധനങ്ങളും സംഘർഷങ്ങൾ തടയാനോ അതു വ്യാപിക്കാതിരിക്കാനോ വേണ്ടിയാണ്. എന്നാൽ സർക്കാർ പലപ്പോഴും അതു മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കു തടയിടുക, പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്നു ജനങ്ങളെ തടയുക, കശ്മീരിൽ സംഭവിച്ചതു പോലെ ജനങ്ങളെ ഒറ്റപ്പെടുത്തുക... എന്നിവയൊക്കെയാണ് ഇത്തരം നിരോധനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്...’ സിഎൻഎൻ ന്യൂസ് വെബ്സൈറ്റിലെഴുതിയ കോളത്തിൽ മുംബൈയിൽ നിന്നുള്ള പരിസ്ഥിതി–ഇന്റര്‍നെറ്റ്–മനുഷ്യാവകാശ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എഴുത്തുകാരൻ രവി കൃഷ്ണാനി വ്യക്തമാക്കുന്നു. അസമിൽ ഇന്റർനെറ്റ് വിലക്കിയതിനു ശേഷം അവിടുത്തെ ജനങ്ങളോട് ശാന്തരാകണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത് ട്വിറ്ററിലൂടെയാണെന്ന വിരോധാഭാസവും രവി പങ്കുവയ്ക്കുന്നു.

വാട്സാപ് ഹർത്താൽ തടയാൻ...

എന്നാൽ കശ്മീരിലെ കഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നു കേരളത്തിൽ വാട്സാപ്പിലൂടെ ഹർത്താൽ ആഹ്വാനവും അതിക്രമവും അരങ്ങേറിയതുൾപ്പെടെയുള്ള കാര്യങ്ങൾ നിരത്തിയാണ് ഇത്തരം വാദങ്ങളെ സർക്കാർതലത്തിൽ നേരിടുന്നത്. അന്ന് അക്രമത്തിന് ആഹ്വാനം ചെയ്തുള്ള വോയിസ് മെസേജുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് വാട്സാപ്പിലൂടെയായിരുന്നു. സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇന്റർനെറ്റ് വിലക്കെന്നും അധികൃതർ വ്യക്തമാക്കുന്നു.

രാജസ്ഥാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി രാജിന് സ്വരൂപ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത് ഇങ്ങനെ: ‘സാമുദായികപരവും വർഗീയപരവും മറ്റു കുത്സിത താൽപര്യങ്ങളുമായി ഒട്ടേറെ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഇവർ നിർദോഷകരമെന്ന വ്യാജേന പോസ്റ്റ് ചെയ്യുന്ന പ്രകോപനപരമായ സന്ദേശങ്ങളും നുണകളും വളച്ചൊടിച്ച വിവരങ്ങളും ചിത്രങ്ങളുമെല്ലാം അതു വായിക്കുന്ന പലരുടെയു വികാരങ്ങളെ വ്രണപ്പെടുത്താൻ പോന്നതാണ്. ക്രമസമാധാനം തകരുന്ന നിലയിലേക്ക് ഇത്തരം സംഭവങ്ങൾ നീളുമ്പോഴാണു വിലക്കേർപ്പെടുത്തേണ്ടി വരുന്നത്. പ്രശ്നം പൊട്ടിപ്പുറപ്പെടും മുൻപ് അതിന്റെ ഉറവിടത്തിൽ നിന്നുള്ള വരവ് തന്നെ ഇല്ലാതാക്കുന്നതല്ലേ നല്ലത്? അതാണു സർക്കാർ ചെയ്യുന്നത്’– സ്വരൂപ് വ്യക്തമാക്കുന്നു.

അനീതിയും അസത്യങ്ങളും നിറഞ്ഞ പ്രചാരണങ്ങളും അപവാദങ്ങളും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ആക്രമണ ആഹ്വാനശ്രമങ്ങളും തടഞ്ഞ് ക്രമസമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് കശ്മീരിൽ ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തിയതെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സംരക്ഷണമാണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും സുപ്രീംകോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു. ഇപ്പോഴും പക്ഷേ അവിടുത്തെ ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച ഉത്തരവുകൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

India Internet Shut Down Narendra Modi
നരേന്ദ്ര മോദി (ഫയൽ ചിത്രം)

നഷ്ടം കോടികൾ

വ്യക്തികളെ മാനസികമായി ബാധിക്കുന്നതിനു പുറമേ ഇത്തരം ഇന്റർനെറ്റ് നിരോധനങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപിക്കുന്ന പരുക്കും ചെറുതല്ല. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ഓൺ ഇന്റർനാഷനൽ ഇക്കണോമിക് റിലേഷൻസ് റിപ്പോർട്ട് പ്രകാരം ഇത്തരം നിരോധനങ്ങളിലൂടെ 2012നും 2017നും ഇടയ്ക്ക് ഇന്ത്യയ്ക്കുണ്ടായത് ഏകദേശം 21,500 കോടി രൂപയുടെ നഷ്ടമാണ്. 16,135 മണിക്കൂർ നേരത്തേക്കാണ് ഇക്കാലയളവിൽ ഇന്റർനെറ്റ് ലഭ്യമല്ലാതിരുന്നത്. ടെലികോം സർവീസ് പ്രൊവൈഡർമാർക്കും ഓരോ നിരോധനവും വൻ തുകയുടെ നഷ്ടങ്ങളാണുണ്ടാക്കുന്നത്. സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ കോടികളുടെ പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയാണ് സർവീസ് പ്രൊവൈഡർമാരെ കാത്തിരിക്കുന്നതും.

നഷ്ടക്കണക്കിൽ നിലവിൽ കശ്മീരിലും സ്ഥിതി വ്യത്യസ്തമല്ല. 2012ൽ റിപ്പബ്ലിക് ദിനാഘോഷത്തിനു തൊട്ടുമുൻപ് താഴ്‌വരയിൽ ഇന്റർനെറ്റ് നിരോധനം വന്നതാണ് ഇവിടെ റിപ്പോർട്ട് ചെയ്ത ആദ്യ സംഭവങ്ങളിലൊന്ന്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനുള്ള തീരുമാനത്തിനു മണിക്കൂറുകൾക്കു മുൻപേ തന്നെ 2019 ഓഗസ്റ്റ് നാലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.  ശ്രീനഗറിൽ മാധ്യമ പ്രവർത്തകർക്ക് 15 മിനിറ്റ് നേരത്തേക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഫസിലിറ്റേഷൻ സെന്ററുകളുണ്ടെന്നും ‘കശ്മീരി ടൈംസ്’ ലേഖകർ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 5 മുതൽ ഇതുവരെ ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമെങ്കിലും കശ്മീരിലെ കച്ചവടത്തിലുണ്ടായിട്ടുണ്ടെന്ന് കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും വ്യക്തമാക്കുന്നു.

രാജ്യാന്തര തലത്തിൽ തന്നെ ഇന്റർനെറ്റിനു മേൽ അധികാരത്തിന്റെ പിടി മുറുകുന്ന സംഭവങ്ങൾ ഏറുകയാണ്. രാജ്യത്തു പെട്രോളിനു വില കൂടിയതിനെത്തുടർന്ന് ജനം തെരുവിലിറങ്ങിയപ്പോൾ നവംബർ 15ന് ഇറാനിലാകെ ഇന്റർനെറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. 2015 പകുതി മുതൽ 2016 പകുതി വരെ 19ലേറെ രാജ്യങ്ങളിൽ ഇന്റർനെറ്റിനു വിലക്ക് വന്നു. 2017 അയപ്പോഴേക്കും രാജ്യങ്ങളുടെ എണ്ണം മുപ്പതിലേറെയായെന്നും 2018 സെപ്റ്റംബറിലിറങ്ങിയ ‘ദ് ലീഗൽ ഡിസ്കണക്ട്: ആൻ അനാലിസിസ് ഓഫ് ഇന്ത്യാസ് ഇന്റർനെറ്റ് ഷട്ട്ഡൗൺ ലോസ്’ എന്ന പ്രബന്ധത്തിൽ ഗൂഗിൾ പ്രതിനിധി നകുൽ നായക് വ്യക്തമാക്കുന്നു.

നാലു ദിവസത്തേക്ക് ഈജിപ്ഷ്യൻ സർക്കാർ രാജ്യമൊട്ടുക്ക് വിലക്ക് കൊണ്ടുവന്നതും ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ 10 മാസത്തോളം ഇന്റർനെറ്റിന് തുടർവിലക്കേർപ്പെടുത്തിയതും രാജ്യാന്തര സമൂഹത്തില്‍ ആശങ്കയുളവാക്കിയിരുന്നു. നകുലിന്റെ പ്രബന്ധത്തിൽ ഒരു കാര്യം കൂടി എടുത്തു പറയുന്നു– ലോകത്ത് ഇന്ത്യയിലാണ് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനങ്ങൾ റിപ്പോർട്ട് ചെയ്തത്. അതു വർധിച്ചു കൊണ്ടിരിക്കുകയുമാണ്. ഒപ്പം ഇന്റർനെറ്റ് നിരോധനത്തിനു നിലവിലെ രീതി തുടർന്നാൽ മതിയോ അതോ മാറ്റങ്ങൾ വേണമോ എന്ന രീതിയിലുള്ള സംവാദങ്ങൾക്കും ഇന്ത്യയിൽ ചൂടുപിടിക്കുകയാണ്.

English Summary: Internet Shut Down Increases in India- Kashmir, Assam, Arunachal Pradesh..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com