ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നതിന് ഡൽഹിയിലെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ശനിയാഴ്ച പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ മറികടന്നു മണിക്കൂറുകൾ നീണ്ട ഒളിച്ചുകളികൾക്കൊടുവിലാണ് ചന്ദ്രശേഖറിനെ ഡൽഹി പൊലീസ് പിടികൂടിയത്. ഡൽഹി ജുമാ മസ്ജിദിനു പുറത്തുവച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു പൊലീസിന്റെ തുടർച്ചയായുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണു സംഭവങ്ങളുടെ തുടക്കം. ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭീം ആർമി പ്രവർത്തകർ ഡൽഹിയിൽ മാർച്ച് നടത്തി. ജുമാ മസ്ജിദ് മുതൽ ജന്തർ മന്തർ വരെയായിരുന്നു പ്രതിഷേധം. ഭീം ആർമി നേതാവിനെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങിയതോടെ ചന്ദ്രശേഖർ ആസാദ് പള്ളിക്ക് അകത്തേക്കു പോയി. നിയമം പിൻവലിക്കുന്നതിന് എന്തും സഹിക്കാൻ തയാറാണെന്നായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ ആ സമയത്തെ പ്രതികരണം. അക്രമത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. വെള്ളിയാഴ്ച രാവിലെ മുതൽ ഞങ്ങള്‍ പള്ളിക്ക് അകത്ത് ഇരിക്കുകയാണ്. ഞങ്ങളുടെ ആൾക്കാർ അക്രമം നടത്തിയിട്ടില്ല– ആസാദ് പറഞ്ഞു.

പള്ളിക്ക് അകത്തുനിന്നും ചന്ദ്രശേഖർ ആസാദ് പുറത്തുവരുന്നതും കാത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു നിരതന്നെ പള്ളിക്കു വെളിയിലുണ്ടായിരുന്നു. ഇതോടൊപ്പം പ്രതിഷേധക്കാരും കൂടിയായതോടെ പള്ളിക്കു ചുറ്റും ജനസമുദ്രം തന്നെ സൃഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി ചന്ദ്രശേഖർ അസാദിനോടു പള്ളിക്ക് അകത്തുനിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം നീണ്ട നാടകീയതയ്ക്കു ശേഷം ശനിയാഴ്ച പുലർച്ചെ 3.15നാണ് ചന്ദ്ര‍ശേഖർ ആസാദ് പള്ളിക്കു പുറത്തെത്തിയത്. ഡല്‍ഹി ഗേറ്റിൽ നടന്ന അക്രമത്തിൽ ഭീം ആര്‍മി പ്രവര്‍ത്തകർക്കു യാതൊരു പങ്കുമില്ലെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു.

ജുമാ മസ്ജിദിനു പുറത്തേ കനത്ത സുരക്ഷ മറികടന്ന് അകത്തു കടന്നതു എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചന്ദ്രശേഖർ ആസാദ് നൽകിയ മറുപടി ഇങ്ങനെ– എന്റെ പേര് ചന്ദ്രശേഖർ ആസാദ് എന്നാണ്. പൊലീസിന് എന്നെ പിടികൂടാൻ സാധിക്കില്ല. ഒരു തൊപ്പിയും ഷാളും ധരിച്ചാണ് മസ്ജിദിനകത്തേക്ക് എളുപ്പത്തില്‍ കയറിയത്. പ്രതിഷേധക്കാർ ജുമാ മസ്ജിദിൽനിന്ന് ജന്തർ മന്തർ വരെ നടത്തിയ മാര്‍ച്ച് ‍ഡൽഹി ഗേറ്റിനു സമീപത്ത് പൊലീസ് തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് സംഘർഷമുണ്ടായി. പൊലീസ് ലാത്തിചാർജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിനിടെ കാർ അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങളും തകർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ചന്ദ്രശേഖർ ആസാദ് പറയുന്നത്. ജാമിയ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി എല്ലാവരും പ്രതിഷേധിക്കണം. അക്രമം നടത്തുന്നവർ ഞങ്ങളുടെ ആൾക്കാരല്ല. ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിലാണു ഞങ്ങളുടെ സമാധാപരമായ പ്രതിഷേധം. അംബേദ്കറൈറ്റുകൾ ഹിംസയുണ്ടാക്കില്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

‘രാവണ്‍’ എന്ന പേരില്‍ ജനകീയനായ നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂർ ഗ്രാമത്തിൽ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രശേഖർ ആസാദിന്റെ ശബ്ദം രാജ്യതലസ്ഥാനത്തുൾപ്പെടെ മുഴങ്ങുന്നു.

രാഷ്ട്രീയക്കാരന്റെ പൊതുശൈലികൾ മാറ്റി പിരിച്ചുവച്ച മീശയും മുഖത്തെ സണ്‍ഗ്ലാസും ബുള്ളറ്റിലുള്ള സഞ്ചാരവും സ്റ്റൈലൻ ലുക്കും യുവാക്കൾക്കിടയിൽ ആസാദിനെ തരംഗമാക്കി. 2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടന്നു. ഇതിന് ശേഷം പുറത്തുവന്നപ്പോൾ ആസാദ് പഴയതിലും കരുത്തനായി. കോളജ് കാലത്ത് ആസാദ് ആർഎസ്എസ് പ്രവർത്തകനായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Bhim Army chief taken into police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com