ADVERTISEMENT

ന്യൂഡൽഹി∙ ഒരു യുവാവിനൊപ്പം വലിയ കൂട്ടം യുവത്വം ഒരുമിക്കുന്ന കാഴ്ചയാണ് ദിവസങ്ങളായി ചന്ദ്രശേഖര്‍ ആസാദ് രാജ്യത്തിന് കാട്ടിത്തരുന്നത്. സൈബർ ഇടങ്ങളിൽ മാത്രമല്ല തെരുവിലും പള്ളിമുറ്റത്തും അയാൾക്കു പിന്നിൽ ജനത അണിനിരക്കുകയാണ്. രാഷ്ട്രീയക്കാരന്റെ പതിവ് ശൈലികളെല്ലാം തെറ്റിച്ച് മോദിയെ വെല്ലുവിളിച്ച് മുന്നേറുകയാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്.

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജുമാ മസ്ജിദിന് പുറത്തുവച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിനു സമീപമെത്തിയത്.

ആസാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ടു തടയുകയായിരുന്നു. ‘ജയ് ഭീം’ മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ എത്തിയത്. ‘രാവണ്‍’ എന്ന പേരില്‍ ജനകീയനായ നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തിൽ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ‘ഭീം ആര്‍മി’ രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചേദനം. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇൗ യുവാവ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇതോടെ മായാവതിയുടെയും പേടി സ്വപ്നമായി ആസാദ്.

ദലിത് വിദ്യാർഥികളും യുവാക്കളുമായിരുന്നു തുടക്കത്തിൽ ആസാദിനൊപ്പം അണിനിരന്നത്. രാഷ്ട്രീയക്കാരന്റെ പൊതുശൈലികൾ മാറ്റി പിരിച്ചുവച്ച മീശയും മുഖത്തെ സണ്‍ഗ്ലാസും ബുള്ളറ്റിലുള്ള സഞ്ചാരവും സ്റ്റൈലൻ ലുക്കും യുവാക്കൾക്കിടയിൽ ആസാദിനെ തരംഗമാക്കി. 2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസം ആസാദ് ജയിലില്‍ കിടന്നു. പുറത്തുവന്നപ്പോൾ ആസാദ് പഴയതിലും കരുത്തനായി. കോളജ് കാലത്ത് ആസാദ് ആർഎസ്എസ് പ്രവർത്തകനായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Chandrashekha Azad Ravan The Real Hero In Citizenship Amendment Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com