ADVERTISEMENT

റാഞ്ചി ∙ ജാര്‍ഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം അധികാരത്തിലേക്ക്. നിയമസഭ തിര‍ഞ്ഞെടുപ്പിൽ തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി രഘുബർ ദാസ് രാജിവച്ചു. അടുത്ത സർക്കാർ രൂപീകരിക്കും വരെ കാവൽ മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ഗവർണർ ദ്രൗപതി മർമു ആവശ്യപ്പെട്ടു. രാത്രി 11.45–ഓടെ 81 സീറ്റുകളിലെയും ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു.

ആകെയുള്ള 81 സീറ്റുകളിൽ 47 ഇടത്തും മഹാസഖ്യം വിജയിച്ചു. 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്–16, ആർജെഡി–1 എന്നിങ്ങനെയാണ് സീറ്റുനില. ബിജെപിക്ക് 25 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിച്ച എജെഎസ്‌യു ഇത്തവണ രണ്ട് സീറ്റിലൊതുങ്ങി. ജെവിഎം(പി)– 3, എൻസിപി 1, സിപിഐഎംഎൽ–1, സ്വതന്ത്രർ–2 എന്നിങ്ങനെയാണ് മറ്റു സീറ്റുനില.

സർക്കാർ രൂപീകരിക്കുന്നതിന് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെഎംഎം അറിയിച്ചു. ജെഎംഎം ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസും അറിയിച്ചു. ധുംകയിലും ബാർഹെതിലും മത്സരിച്ചെങ്കിലും ബാർഹെതിൽ മാത്രമാണ് സോറൻ ജയിച്ചത്.

തൂക്കുസഭയാണെങ്കിൽ എജെഎസ്‌യു, ജെവിഎം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. ബിജെപി നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് പറയുകയും ചെയ്തു. എന്നാൽ  ഗോത്രമേഖലകളിലാണ് ബിജെപിക്ക് അടിപതറിയത്. ജംഷഡ്പുര്‍ ഈസ്റ്റില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി രഘുബര്‍ ദാസ് 15,833 വോട്ടിനു തോറ്റു. പാർട്ടി വിമതൻ സരയു റായിയോടാണു തോറ്റത്.

English Summary: Jharkhand Assembly Election Results

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com