ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ–3 ന് അതിവേഗ മുന്നൊരുക്കങ്ങളുമായി ഐഎസ്ആർഒ. പ്രൊജക്ട് ഡയറക്ടർ ആയി പി. വീരമുത്തുവേലിനെ നിയമിച്ചു. ഡപ്യൂട്ടി ഡയറക്ടർമാരായ 29 പേർക്കു ദൗത്യത്തിന്റെ വിവിധ ചുമതലകൾ നൽകി. ദൗത്യത്തിന് അധിക സാമ്പത്തിക സഹായമായി 75 കോടി രൂപ അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ചന്ദ്രയാൻ–2 പ്രൊജക്ട് ഡയറക്ടർ ആയിരുന്ന എം.വനിതയ്ക്കു പകരമാണു വീരമുത്തുവേലിന്റെ നിയമനം. അതേസമയം, ചന്ദ്രയാൻ 2 മിഷൻ ഡയറക്ടർ ആയിരുന്ന റിതു കരിദ്വാൽ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്തു തുടരും.

ചന്ദ്രയാൻ 3 ദൗത്യത്തിനായി പുതിയ ലാൻഡറും റോവറും നിർമിക്കാനുള്ള ആദ്യഘട്ട ചെലവെന്ന നിലയിലാണ് 75 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ തന്നെ ഉപയോഗിച്ചായിരിക്കും ലാൻഡറിന്റെയും റോവറിന്റെയും നിയന്ത്രണം.

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപു നിയന്ത്രണം നഷ്ടമായി തകർന്നിരുന്നു. 

തുടർന്നാണു മൂന്നാം ദൗത്യത്തിന് ഐഎസ്ആർഒ ഒരുക്കം തുടങ്ങിയത്. ഗഗൻയാൻ, ആദിത്യ ഉൾപ്പെടെ സങ്കീർണ ദൗത്യങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടെയാണു ചന്ദ്രയാൻ 3 കൂടി ഐഎസ്ആർഒ ഏറ്റെടുത്തത്. അടുത്ത വർഷം നവംബറിൽ ചന്ദ്രനിൽ ഇറങ്ങാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

English Summary: Chandrayaan - 3, preparations was started, says Veeramuthuvel, Project Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com