ADVERTISEMENT

ഇറാഖിലെ ബഗ്ദാദ് വിമാനത്താവള റോഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ വാഷിങ്ടനിൽ നിയമജ്ഞരും നിയമപാലകരും തമ്മിൽ വലിയൊരു വാഗ്വാദം തന്നെ അരങ്ങേറി. വാഷിങ്ടനിൽ മാത്രമല്ല ലോകത്താകമാനം ജനങ്ങളും ഇത്തരത്തിൽ നൂറു സംശയങ്ങളുടെ മുനയിലാണ്. സുലൈമാനിയുടെ കൊലപാതകത്തിലേക്കു നയിച്ച മിസൈലാക്രമണം നിയമപരമായിരുന്നോ? ഇംപീച്ച്മെന്റ് തടയാൻ ട്രംപ് ഒരുക്കിയ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിരുന്നോ ഈ മിന്നലാക്രമണം? ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും?

കൊല്ലപ്പെട്ടത് ഇറാന്റെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. ചുറ്റിലും ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഭീകരരാണെന്നു ലോകം തിരിച്ചറിഞ്ഞ ബിൻ ലാദന്റെയും അബൂബക്കർ അൽ ബഗ്ദാദിയുടെയും കൊലപാതകത്തോടു പ്രതികരിച്ചതു പോലെയാകില്ല ഇറാന്റെ പരമോന്നത നേതാവിന്റെ വിശ്വസ്തന്റെ മരണത്തോട് ഇറാൻ പ്രതികരിക്കുക എന്നതും ഏറെക്കുറെ വ്യക്തം. എപ്പോൾ, എങ്ങനെയെന്നതു മാത്രമാണ് ബാക്കിയാകുന്ന ചോദ്യം.

ഇറാനിലെ ഏറ്റവും ശക്തനായ നേതാവെന്നാണു ഖാസിം സുലൈമാനിയെ ലോകവും ഇറാനിലെ നേതാക്കളും വാഴ്ത്തുന്നത്. എന്നാൽ മധ്യപൂർവദേശത്തെ ജനങ്ങളുടെ പ്രതികരണം അങ്ങനെയല്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുലൈമാനിയെ കൊലപ്പെടുത്തിയ വാർത്ത വന്നതിനു പിന്നാലെ ഇറാഖ് ദേശീയ പതാകയുമായി ഒരുപറ്റം ആളുകൾ തെരുവിൽ ആഘോഷനൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി അത് ട്വീറ്റും ചെയ്തു. വിഡിയോകളിലൊന്നിൽ ഇറാഖിലെ പ്രതിഷേധക്കാരുടെ മരണത്തിന് യുഎസ് പ്രതികാരം വീട്ടിയിരിക്കുന്നുവെന്ന് ഒരാൾ വിളിച്ചുപറയുന്നതും കേൾക്കാം. മരണം ആഘോഷമാക്കണമെങ്കിൽ അത് എത്രത്തോളം ആശ്വാസം നൽകുന്ന വാർത്തയാകുമെന്നാണ് സുലൈമാനിയുടെ വധത്തെ അനുകൂലിക്കുന്നവരുടെ വാദം.

IRAN-IRAQ-POLITICS-UNREST-US

ഒരേസമയം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന വ്യക്തിത്വമാണ് സുലൈമാനിയുടേത്. ഒന്നുകിൽ ഇറാനിൽ നടന്ന കൂട്ടക്കുരുതികളുടെയും നാശനഷ്ടങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച ക്രൂരനായ അധികാരശക്തി അല്ലെങ്കിൽ ഇറാന്റെ വികസന നയങ്ങൾക്കു പിന്നിലെ ബുദ്ധിമാനായ ശിൽപി. സുലൈമാനിയുടെ സായുധസേനയുടെ കയ്യിൽ ഞെരിഞ്ഞമർന്ന സിറിയയിലെയും ഇറാഖിലെയും സുന്നി മുസ്‌ലിംകൾക്കിടയിൽ മാത്രമല്ല, വിദേശത്ത് ഇറാൻ നടത്തുന്ന ചെലവേറിയ യുദ്ധങ്ങളുടെ പടത്തലവൻ എന്ന നിലയിൽ യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കുന്ന ഇറാഖിലെയും ഇറാനിലെയും ഷിയാ വംശജർക്കും സുലൈമാനി ‘വെറുക്കപ്പെട്ടവനാ’യിരുന്നെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

1980ലെ ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ ഫലമായുണ്ടായ പ്രശ്നങ്ങൾ ചെറുതൊന്നുമായിരുന്നില്ല. വിനാശകാരിയായ ആ യുദ്ധത്തിലുണ്ടായ മരണങ്ങൾ രാജ്യത്തിനു നൽകിയ അപമാനം ഇറാനു മുകളിലെ കറുത്ത നിഴൽപ്പാടുമായിരുന്നു. ഇതെല്ലാം പരിഹരിക്കുകയെന്ന ദൗത്യത്തോടെയായിരുന്നു ഐആർജിസി തലപ്പത്തേക്കുള്ള സുലൈമാനിയുടെ വരവ്. അതോടൊപ്പം പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കു വേണ്ടി നിലകൊള്ളുകയെന്ന ശ്രമകരമായ ദൗത്യവും. ഭരണകൂടത്തിനു ഭീഷണിയായി നിന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെപ്പോലും ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങിയതും ആ ദൗത്യത്തിന്റെ ഭാഗമായാണ്. ഇതോടൊപ്പം ജനങ്ങൾക്കു നേരെ അടിച്ചമർത്തലിന്റെ വഴിയായിരുന്നു സുലൈമാനി തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായിറങ്ങിയ ജനങ്ങളെ നേരിടാൻ ഇറാഖ് സഹായം തേടിയത് സുലൈമാനിയിൽ നിന്നായിരുന്നു. ‘ഇറാനിലുള്ള ഞങ്ങൾക്കറിയാം എങ്ങനെ പ്രതിഷേധക്കാരെ നേരിടണമെന്ന്, ഇതുപോലെ ഇറാനിൽ നടന്ന നിരവധി പ്രതിഷേധങ്ങൾ അടിച്ചമർത്തിയിട്ടുള്ളവരാണ് ഞങ്ങൾ’ എന്നു പറഞ്ഞാണ് അന്ന് പ്രതിഷേധക്കാർക്കെതിരെ സുലൈമാനി രംഗത്തിറങ്ങിയത്. അങ്ങനെ ഭരണഘടനാ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയ ഇറാഖികളെ അടിച്ചമർത്തിയ ക്രൂരനായ നേതാവായും മാറി സുലൈമാനി. അവകാശങ്ങളെ ഇല്ലാതാക്കാൻ അതിർത്തി കടന്നെത്തിയ ക്രൂരനായ സൈന്യാധിപൻ.

INDIA-US-IRAN-POLITICS-UNREST-KASHMIR

പക്ഷേ സുലൈമാനി ഇടപെട്ടിട്ടും ഇറാഖിലെ പ്രതിഷേധത്തീ അടങ്ങിയില്ല. രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും അധികാര ദുർവിനിയോഗവും മാത്രം ചോദ്യം ചെയ്തായിരുന്നില്ല ഇറാഖിലുള്ളവർ പിന്നീട് തെരുവിലിറങ്ങിയത്. സ്വന്തം രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഇറാൻ അനാവശ്യമായി ഇടപെടുന്നതിനെതിരെയും അവർ ശബ്ദമുയർത്തി. ഇറാഖിനോടു കൂറുപുലർത്തുന്ന ഇറാൻ സെന്യത്തിന്റെ ഇടപെടലും പ്രതിഷേധത്തിനു കാരണമായി.

അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ അഞ്ഞൂറിലധികം പേരാണ് ഇറാഖ് തെരുവുകളിൽ മരിച്ചുവീണത്. ലബനനിലും ഇതുതന്നെയായിരുന്നു സ്ഥിതി. രാജ്യത്തിന്റ അധികാര കേന്ദ്രങ്ങളിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഒക്ടോബറിൽ നടന്ന സമരം പിന്നീട് ഇറാന്റെ അനധികൃത ഇടപെടലിനെതിരെ തിരിയുകയായിരുന്നു. ഇറാനിലും ഇക്കാലയളവിൽ ആയിരത്തിലേറെ പേരാണു പ്രതിഷേധത്തിനിടയിൽ സൈന്യത്തിന്റെ ഇടപെടലിൽ കൊല്ലപ്പെട്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മധ്യപൂർവദേശത്തെ രാഷ്ട്രീയത്തിലുള്ള ഇറാന്റെ ഇടപെടൽ നേരത്തേതന്നെ ഒരു ഇറാൻ വിരുദ്ധ ചിന്താഗതിയിലേക്കു രാജ്യങ്ങളെ നയിച്ചിരുന്നു. ലബനനിലെ ഹിസ്ബുല്ല അടക്കം ഇറാഖിലും സിറിയയിലുമുള്ള ഷിയാ സായുധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ സുലൈമാനിക്കെതിരെ യുഎസ് ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഇറാനോടുള്ള പ്രതിഷേധം അവരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങൾക്കു നേരെയും ജനം പ്രയോഗിച്ചു. ലബനനിൽ ഭരണകൂടം ഇതിനെ നേരിട്ടത് വടിയും ബാറ്റുമായി അക്രമികളെ ഇറക്കിവിട്ട് പ്രതിഷേധക്കാരെ തല്ലിയോടിച്ചായിരുന്നു.

IRAN-IRAQ-US-POLITICS-UNREST-SOLEIMANI

ജനം ഇറാനെതിരെ പരസ്യമായി മുന്നോട്ടുവന്ന നീക്കം പക്ഷേ സുലൈമാനി പ്രതീക്ഷിച്ചില്ല, പ്രത്യേകിച്ച് ലബനനിലെയും ഇറാഖിലെയും ഷിയാ വിഭാഗങ്ങക്കാരുടെ പ്രതിഷേധം. അതായിരുന്നു അദ്ദേഹം അടുത്തിടെ അഭിമുഖീകരിച്ച പ്രധാന പ്രശ്നവും. പ്രതിഷേധക്കാരെ അടിച്ചമർത്താന്‍ സഹായം നൽകിയ ആളുടെ മരണമാണ് ചിലരെങ്കിലും ആഘോഷിച്ചതെന്നും പുറത്തുവന്ന വിവിധ വിഡിയോകള്‍ ചൂണ്ടിക്കാട്ടി നിരീക്ഷകർ വ്യക്തമാക്കുന്നു.

മധ്യപൂർവദേശത്തെ സർവ്വവ്യാപിയായ മനുഷ്യനായാണു സുലൈമാനി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇറാന്റെയും ഇറാഖിന്റെയും യുദ്ധക്കളത്തിൽ വർഷങ്ങളോളം നിറസാന്നിധ്യമായ സുലൈമാനി സിറിയൻ പ്രസിഡന്റ് ബാഷർ അൽ–അസദിനെ ആ സ്ഥാനത്തു നിലനിർത്തുന്നതിൽ പ്രയത്നിച്ചയാളാണ്. ലക്ഷങ്ങളുടെ മരണത്തിന് ഇടയാക്കിയ സിറിയൻ യുദ്ധത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ നിരന്തരം സിറിയയിലേക്കു പറന്നിരുന്നു സുലൈമാനി.

2006 ൽ ഇസ്രയേലിനെതിരെ ലബനനിൽ നിന്നു ഹിസ്ബുല്ല നടത്തിയ യുദ്ധത്തിനു പിന്നിലും സുലൈമാനിയുടെ കരങ്ങളാണെന്ന് ആരോപണമുണ്ട്. ഇറാഖിലെ യുഎസ് പട്ടാളക്കാരുടെ മരണത്തിനു പിന്നിലും സുലൈമാനിയുണ്ടെന്നും അമേരിക്കൻ ജനതയെ ഇല്ലാതാക്കാൻ നിരവധി പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിനാൽ അവരുടെ സുരക്ഷ ലക്ഷ്യംവച്ചാണ് സുലൈമാനിയെ ഇല്ലാതാക്കിയതെന്നുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം.

ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ. ഇറാനിലെ ടെഹ്റാനിൽനിന്നുള്ള ചിത്രം.
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ. ഇറാനിലെ ടെഹ്റാനിൽനിന്നുള്ള ചിത്രം.

ഇറാൻ പോലും ഭയപ്പെട്ടിരുന്നയാളും വെറുത്തിരുന്നതുമായ വ്യക്തിയായിരുന്നു സുലൈമാനിയെന്നാണ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തത്. നേതാക്കന്മാർ പുറംലോകത്തെ വിശ്വസിപ്പിച്ചതു പോലെ ഇറാൻ ജനത സുലൈമാനിയുടെ മരണത്തിൽ അത്ര ദുഃഖിതരല്ല. വർഷങ്ങൾക്കു മുൻപേ കൊല്ലപ്പെടേണ്ടിയിരുന്ന ആളാണ് സുലൈമാനിയെന്നും ട്രംപ് പറഞ്ഞു. സുലൈമാനിയുടെ ഇടപെടൽ സംബന്ധിച്ചു പല വാദങ്ങളുണ്ടെങ്കിലും ഇറാനെ ലോകത്തിനു മുന്നിൽ ശക്തമായ സൈനിക ശക്തിയായി നിലനിർത്തിയതിൽ ആ സൈന്യത്തലവൻ വഹിച്ച പങ്ക് നിർണായകമാണ്. ഇറാനിലെ ഏറ്റവും ശക്തന്മാരുടെ കൂട്ടത്തിൽ പേരുചേർക്കപ്പെട്ട സുലൈമാനി മരണപ്പെട്ടെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പോലും വിശ്വസിക്കാത്തതും അതിനാലാണ്. ഇറാഖിന്റെ മുൻ ഭരണാധികാരി സദ്ദാം ഹുസൈൻ മരണപ്പെട്ടപ്പോഴും അതു വിശ്വസിക്കുക എന്നത് സമയമെടുത്തുള്ള കടമ്പയായി മാറിയതുപോലെ.

ഒരു രാജ്യത്തിന്റെയും ഉന്നത പദവിയിലിരിക്കുന്ന വ്യക്തി അടുത്തകാലത്തൊന്നും ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നതാണു യാഥാർഥ്യം. അതിനാൽതന്നെ അടുത്തതെന്തെന്ന് ലോകം ഉറ്റു നോക്കുകയാണ്. ലബനിലെ ഒരു മാധ്യമപ്രവർത്തകൻ കുറിച്ചതു പോലെ–ഡോണൾഡ് ട്രംപ് അദ്ദേഹത്തിന്റെ നീക്കം നടത്തിക്കഴിഞ്ഞു. ഇനി ഖമനയിയുടെ ഊഴമാണ്. എന്നാൽ എല്ലാവരും നോക്കുന്നത് നാളെ എങ്ങനെയായിരിക്കുമെന്നാണ്.. പുതിയൊരു സുദിനം പുലരുമോ അതോ അവസാനിക്കാത്ത സംഘർഷച്ചക്രത്തിന്റെ വിനാശകരമായ പുതുതലത്തിലേക്കു നീങ്ങുമോ കാര്യങ്ങൾ...?

English Summary: How Qassem Soleimani become a major influential person in Middle East Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com