ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 

11-നാണു വോട്ടെണ്ണല്‍. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. ആകെ 1.46 കോടി വോട്ടർമാരായിരിക്കും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. പ്രായധിക്യം ഉള്ളവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം.

കേന്ദ്രബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണു കേന്ദ്ര ബജറ്റ്. ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.

2015-ല്‍ 70-ല്‍ 67 സീറ്റുകളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. പിന്നീട് അഞ്ച് എഎപി എംഎല്‍എമാരെ അയോഗ്യരാക്കി. നിലവില്‍ എഎപി-61, ബിജെപി-3, ശിരോമണി അകാലിദള്‍-1 എന്നിങ്ങനെയാണു സീറ്റ് നില. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു.

പ്രശാന്ത് കിഷോറുമായി കൈകോർത്ത്ആംആദ്മി പാർട്ടി

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൈകോർത്ത് എഎപി പ്രചാരണം ഊർജിതമാക്കി കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഐ–പാക്കുമായി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) കൈകോർത്തതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് അറിയിച്ചത്. ഗുജറാത്തിൽ 2011ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ചതോടെയാണു പ്രശാന്ത് ദേശീയ ശ്രദ്ധയിലെത്തിയത്. കഴിഞ്ഞ വർഷം ജെഡിയുവിൽ ചേർന്ന പ്രശാന്ത് ഇപ്പോൾ വൈസ് പ്രസിഡന്റ് പദവിയിലാണ്.

ഐ–പാക്കുമായി കൈകോർത്ത വിവരം കേജ്‍രിവാൾ ട്വീറ്റ് ചെയ്യുകയായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതു കണ്ടിരുന്നുവെന്നായിരുന്നു ഐപാക്കിന്റെ മറുപടി ട്വീറ്റ്. പഞ്ചാബിൽ കോൺഗ്രസ് വിജയത്തിനു ചുക്കാൻ പിടിച്ചത് ഐ പാക്കായിരുന്നു. 70 അംഗ ഡൽഹി നിയമസഭയിലേക്ക് അടുത്ത വർഷമാദ്യമാണു തിരഞ്ഞെടുപ്പ്. ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എഎപി. അധികാരം പിടിച്ചെടുക്കാൻ ബിജെപിയും കോൺഗ്രസും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നിലും പ്രശാന്ത് കിഷോറുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു ജെഡിയുവുമായി ഉടക്കി നിൽക്കുകയാണ് ഇപ്പോൾ പ്രശാന്ത് കിഷോർ. 

സർവ ശക്തിയുമെടുത്ത് തിരഞ്ഞെടുപ്പു രംഗത്ത് സജീവമാകണമെന്ന് കേജ്‍രിവാൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നാണ് എഎപിയുടെ തുടക്കമെന്നും സ്വന്തം തട്ടകത്തിൽ തിളക്കമുള്ള വിജയം സ്വന്തമാക്കാൻ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘70ൽ 70’ എന്ന മുദ്രാവാക്യവുമായി പ്രചാരണ രംഗത്ത് കൊടുങ്കാറ്റായി മാറണം. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ആത്മാർഥമായും കാര്യക്ഷമമായും നിർവഹിക്കണം. ഡൽഹിയുടെ രാഷ്ട്രീയ സ്വഭാവം മാറ്റിയെഴുതിയ പാർട്ടിയാണ് എഎപിയെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ടു നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കേജ്‍രിവാൾ ആരോപിച്ചു. ഹരിയാനയിൽ ജാട്ടുകളെയും മറ്റുള്ളവരെയും തമ്മിലടിപ്പിച്ച ബിജെപി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഹിന്ദു– മുസ്‍ലിം ഭിന്നത സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. എന്നാൽ ഈ തന്ത്രം ഡൽഹിയിൽ ചെലവാകില്ലെന്നും ഡൽഹിയിൽ ജനം വോട്ടുചെയ്യുക വികസന നേട്ടങ്ങൾ, ജനക്ഷേമ നടപടികൾ എന്നിവയ്ക്കായിരിക്കുമെന്നും കേജ്‍രിവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ആംആദ്മി സർക്കാരിനെതിരെ കുറ്റപത്രവുമായി ബിജെപി

ആംആദ്മി പാർട്ടി സർക്കാരിനെതിരെയുള്ള കുറ്റപത്രവുമായി ബിജെപി. 2015ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ അരവിന്ദ് കേജ്രിവാൾ സർക്കാർ പരാജയപ്പെട്ടുവെന്നു ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി ഹർഷ് വർധൻ, ലോക്സഭാംഗം മീനാക്ഷി ലേഖി തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുറ്റപത്രം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നഗരത്തിലുണ്ടായ സമരം അക്രമാസക്തമായതിനു പിന്നിൽ എഎപിയാണെന്നു കുറ്റപത്രത്തിൽ ബിജെപി ആരോപിച്ചു. ജാമിയ നഗർ, സീലംപുർ എന്നിവിടങ്ങളിലെ പ്രതിഷേധം ആളിക്കത്താൻ എഎപി വഴിയൊരുക്കിയെന്നാരോപിച്ച ബിജെപി നേതൃത്വം സർക്കാരിനെതിരെയുള്ള ആരോപണങ്ങളുമായി 3 ഹ്രസ്വ വിഡിയോകളും അവതരിപ്പിച്ചു.

വമ്പൻമാരെ ഇറക്കി വൻനേട്ടം കൊയ്യാൻ കോൺഗ്രസ്

സംസ്ഥാനത്തെ മുൻനിര നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പു ഗോദയിലിറക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം. മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ ഉൾപ്പെടെയുള്ള 25 നേതാക്കളെ രംഗത്തിറക്കി മത്സരം ശക്തമാക്കാനും പരമാവധി സീറ്റ് സ്വന്തമാക്കാനുമാണു നീക്കം. 70 സീറ്റുള്ള നിയമസഭയിൽ കഴിഞ്ഞ തവണ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ജനുവരി 10നു മുൻപ് പുറത്തിറക്കും. 60 വയസ്സിൽ താഴെയുള്ളവർക്കു മുൻഗണന നൽകും.

2013ൽ എട്ടു സീറ്റ് സ്വന്തമാക്കിയിരുന്നു. ഇത്തവണ മികച്ച മത്സരം നടത്താൻ സാധിക്കുമെന്നാണു പ്രതീക്ഷ. പരമാവധി സീറ്റ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രമുഖരെ ഇറക്കുന്നതും. ബിജെപി അധികാരത്തിലെത്തുന്നതു തടയുകയാണു ലക്ഷ്യം. ഹറൂൺ യൂസഫ്, അർവിന്ദർ സിങ് ലൗവ്ലി, ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര എന്നിവരെല്ലാം മത്സര രംഗത്തു കാണുമെന്നാണു സൂചന. കഴിഞ്ഞ തവണ ആംആദ്മി പാർട്ടി (എഎപി) ടിക്കറ്റിൽ ചാന്ദ്നി ചൗക്കിൽ നിന്നു മത്സരിച്ചു ജയിച്ച അൽക്കാ ലാംബ കോൺഗ്രസിലേക്കു മടങ്ങിയെത്തിയ സാഹചര്യത്തിൽ സീറ്റ് ലഭിക്കുമെന്നാണു സൂചന. തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ ശേഷമാണു കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തു കോൺഗ്രസ് പരാജയമായത്.

പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തിക്കേണ്ട ചുമതലയും മുതിർന്ന നേതാക്കൾക്കുണ്ട്. 10 സീറ്റിലെങ്കിലും വിജയിച്ചാൽ അതു നേട്ടമാകുമെന്നാണു വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചുവെന്നതും കോൺഗ്രസിന് കരുത്തേകും.

English Summary : Delhi Election Dates To Be Announced At 3:30 pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com