ADVERTISEMENT

തിരുവനന്തപുരം∙ ക്രിസ്ത്യൻ പള്ളിയിലെ ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽതന്നെ സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം. ഓർത്തഡോക്സ് – യാക്കോബായ തർക്കത്തെത്തുടർന്നു പലയിടത്തും മൃതദേഹം സംസ്കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാനാണു ജനുവരി ഒന്നിനു ചേർന്ന മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഓർഡിനൻസ് അനുസരിച്ച്, ഒരു ഇടവകയിലെ ഏത് അംഗം മരിച്ചാലും കുടുംബാംഗങ്ങൾക്കു പള്ളിസെമിത്തേരിയിൽ സംസ്കരിക്കാനുള്ള അവകാശം ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പല ആളുകൾക്കും തങ്ങളുടെ മുൻഗാമികളെ സംസ്കരിച്ച കുടുംബ കല്ലറയിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള തടസം നീക്കാനാണ് നിയമം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇടവകപള്ളിയിലെ പുരോഹിതനുമായി യോജിപ്പില്ലാത്തവർക്കു പുറത്ത് എവിടെയെങ്കിലും ചടങ്ങ് നടത്താം. മരിച്ചയാളുടെ ബന്ധുക്കൾക്കു താൽപര്യമുള്ള പുരോഹിതനെകൊണ്ട് അവർ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലത്തുവച്ച് മരണാനന്തര ചടങ്ങ് നടത്താൻ അവകാശം ഉണ്ടാകും. ഇടവകപള്ളിയിലും സെമിത്തേരിയിലും മരണാനന്തര ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാം.

പള്ളിയുടെ അവകാശം മറുഭാഗത്തിന് ആണെങ്കിൽ സെമിത്തേരിയിൽ പുറത്തുനിന്നുള്ളവർക്കു മരണാനന്തര ചടങ്ങ് നടത്താനാകില്ല. സെമിത്തേരിയിൽ സംസ്കരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടാകും. കുടുംബക്കല്ലറ ഇല്ലാത്ത അംഗങ്ങളെയും പള്ളി സെമിത്തേരിയിൽ സംസ്കരിക്കാം. തടഞ്ഞാൽ ഒരു വർഷംവരെ തടവോ 10,000 രൂപ പിഴയോ രണ്ടുകൂടിയോ ലഭിക്കാം. ജാമ്യം ലഭിക്കുന്ന കുറ്റമാണ്.

English Summary: Orthodox Jacobite Crisis, Ordinance On Dead Body Cremation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com