ADVERTISEMENT

തിരുവനന്തപുരം∙കളിയിക്കാവിളയിൽ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ വെടിവച്ച് കൊന്നത് കത്തി ഉപയോഗിച്ച് മാരകമായി കുത്തി പരുക്കേൽപ്പിച്ചതിനുശേഷമെന്ന് പൊലീസ്. ചെക്പോസ്റ്റിനു മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസനെ തറയിലേക്കു വലിച്ചിട്ടശേഷം കുത്തുകയായിരുന്നു. നെഞ്ചിലും കാലിലും വയറിലുമായി അഞ്ച് കുത്തേറ്റു. നാല് തവണ പ്രതികൾ വെടിയുതിർത്തു. ഒരു വെടിയുണ്ട ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി. രണ്ടെണ്ണം ശരീരം തുളച്ച് പുറത്തേക്ക് പോയി. ഒരെണ്ണം കാലിൽ തുളച്ചു. കുത്തിയ പ്രതികളായ തൗഫീക്ക്, അബ്ദുൽ ഷമീം എന്നിവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

ആയുധങ്ങളുപയോഗിക്കുന്നതിൽ ഇരുവർക്കും പരിശീലനം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു.പ്രഫഷനൽ രീതിയിലായിരുന്നു ആക്രമണം. ഉന്നം തെറ്റാതെയാണ് വെടി ഉതിർത്തത്.വടക്കേ ഇന്ത്യയിൽ ഇരുവർക്കും പരിശീലനം ലഭിച്ചിരുന്നതായും പൊലീസ് കരുതുന്നു. ഇരുവരെയും പിടികൂടുന്നതിനു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി കന്യാകുമാരി എസ്പി ശ്രീനാഥ് പറഞ്ഞു

ആക്രമണത്തിന് മാസങ്ങൾക്കു മുൻപുതന്നെ സംഘം പദ്ധതിയിട്ടതായാണ് പൊലീസിന്റെ വിലയിരുത്തൽ. ആക്രമണരീതി അതാണ് വ്യക്തമാക്കുന്നത്. ആക്രമണം നടത്തേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുൻപ് അവിടെയെത്തി വിശദമായ പഠനം നടത്തി. ഏറെ ജനത്തിരക്കുള്ള സ്ഥലത്താണ് ചെക്പോസ്റ്റ്. ജനത്തിരക്ക് കുറയുന്ന സമയം സംഘം വിലയിരുത്തി. രക്ഷാമാർഗങ്ങൾ നേരത്തെ കണ്ടുവച്ചു. 

വെടിയുതിർക്കുന്നതിനു മുൻപ് അക്രമികൾ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിയിലെത്തി പരിസരം നിരീക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആളില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇവർ പൊലീസുകാരനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇരുവരും നടന്ന് കേരളത്തിന്‍റെ ഭാഗത്തേക്കു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. തൊണ്ണൂറുകളിൽ വിവിധ സ്ഫോടനക്കേസുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘടനയിൽപ്പെട്ടവർ പുതുതായി രൂപീകരിച്ച സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്നു പൊലീസിനു വിവരം ലഭിച്ചു. സംഘടനയുടെ സാന്നിധ്യം അറിയിക്കാനും സഹപ്രവർത്തകരുടെ അറസ്റ്റിനു മറുപടി പറയാനുമാകാം ആക്രമണമെന്നു പൊലീസ് കരുതുന്നു.

തമിഴ്നാട് പൊലീസുമായി സഹകരിച്ചാണ് കേരള പൊലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി കേരള പൊലീസും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കളിയിക്കാവിളയിലെ പ്രതികളെ സഹായിച്ചെന്നു കരുതുന്ന രണ്ടുപേരെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെടുമങ്ങാടുനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു. 

English Summary: Kaliyikkavila ASI Murder, Culprits Stabbed him before Shot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com