ADVERTISEMENT

കൊച്ചി ∙ മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഒരു ഒറ്റയാൾ പോരാട്ടം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാവും ആനാന്തുരുത്തിൽ എ.വി. ആന്റണി എന്ന ചെലവന്നൂരുകാരൻ. ഒരു ഘട്ടത്തിലും മാധ്യമങ്ങൾക്കു മുന്നിൽ വരാനോ നിലപാടുകൾ വിശദീകരിക്കാനോ അമിത ആഹ്ലാദപ്രകടനത്തിനോ അദ്ദേഹം മുതിർന്നിരുന്നില്ല. പൊളിക്കുന്ന ഏതെങ്കിലും ഫ്ലാറ്റിനെതിരെ ആയിരുന്നില്ല, അനധിക‍ൃത നിർമാണങ്ങൾക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. മരടിലേത് ഉൾപ്പെടെയുള്ള ഫ്ലാറ്റുകൾക്കെതിരായ നിയമ നടപടിയിലേക്കെത്തിയതിനെക്കുറിച്ച് എ.വി. ആന്റണി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽനിന്ന്:

∙ ആരും വീടില്ലാത്തവരാകണമെന്ന് ആഗ്രഹിച്ചിട്ടില്ല

ആരുടെയും ഫ്ലാറ്റുകളും വീടുകളും തകർന്നു വീഴണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, ആരും വീടില്ലാത്തവരാകണമെന്നും ആഗ്രഹിച്ചിട്ടില്ല. വർഷങ്ങളായി ഓഫിസുകളും കോടതികളും കയറിയിറങ്ങിയത് ഫലം കാണുന്നതിന്റെ സന്തോഷം. നിയമത്തിന് ഇവിടെ വിലയുണ്ടെന്ന് കുറെ പേരെങ്കിലും തിരിച്ചറിയുന്നതിന്റെ സന്തോഷം. നിയമങ്ങൾ അറിയുമായിരുന്നിട്ടും കൈക്കൂലിയിലൂടെ പൊക്കിക്കെട്ടിയതാണ് ഇതെല്ലാം. എല്ലാ നിയമവിരുദ്ധ നിർമാണങ്ങൾക്കും പിന്നിലുള്ളത് ഈ അവിശുദ്ധ കൂട്ടുകെട്ടാണ്.

file
എ.വി. ആന്റണിയുടെ കൈവശമുള്ള ഫയലുകൾ

∙ പരിസ്ഥിതി പ്രവർത്തകനല്ല

മരട് ഫ്ലാറ്റു പൊളിക്കാൻ കാരണം ഏതോ പരിസ്ഥിതി പ്രവർത്തകന്റെ പരാതിയാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഞാനൊരു പരിസ്ഥിതി പ്രവർത്തകനൊന്നുമല്ല. ഒരു സാധാരണ എറണാകുളത്തുകാരൻ. ചെലവന്നൂരിൽ മുതുമുത്തച്ഛൻമാർ മുതൽ താമസിച്ചു വരുന്ന ആളാണ്. എന്റെ വീടിനു പിന്നിൽ ഒരു ഫ്ലാറ്റ് നിർമാതാവ് സ്ഥലം വാങ്ങി നിർമാണം ആരംഭിച്ചു. പാവപ്പെട്ട പരിസരവാസികളെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു പണികൾ. ചെമ്മീൻ കെട്ടായിരുന്ന പ്രദേശം മണ്ണിട്ട് നികത്തുന്നതു മുതലുള്ള ജോലി നടക്കുമ്പോൾ വീട്ടിൽ താമസിക്കാൻ വയ്യാതെയായി. സഹികെട്ടാണ് നഗരസഭയിലും വില്ലേജിലും പഞ്ചായത്തിലും താലൂക്ക് ഓഫിസിലുമെല്ലാം പരാതിപ്പെടാൻ ചെല്ലുന്നത്.

പരാതി നൽകിയാൽ അത് എന്താണെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ വിളിപ്പിക്കും. അവിടെ ചെല്ലുമ്പോൾ ചോദിക്കും എന്താണു പ്രശ്നമെന്ന്. പിന്നെ ചെല്ലുമ്പോൾ അവഗണിക്കും. എന്താണു കാര്യമെന്നു പോലും ചോദിക്കില്ല. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പരാതി വഴി ഈ ഉദ്യോഗസ്ഥർക്ക് ഇരകളെ കൊടുക്കുകയാണ്. പരാതിപ്പെടുമ്പോൾ  നിയമവിരുദ്ധ നിർമാണം നടത്തുന്നവർ ഓഫിസിലെത്തി പണം നൽകും. ഉദ്യോഗസ്ഥർ കണ്ണടയ്ക്കും. പരാതി അവിടെ കിടക്കും. വീണ്ടും പുതിയ പരാതി ചെല്ലുമ്പോൾ ഉദ്യോഗസ്ഥർക്ക് കിട്ടുന്നത് പുതിയ ഇര. 

∙ അവസാനം കിട്ടിയ തുമ്പായി സിആർഇസഡ്

2008 മുതൽ പരാതിയുമായി രംഗത്തുണ്ട്. കാര്യമായ ഗുണമില്ലെന്നു മാത്രമല്ല, ഉദ്യോഗസ്ഥർ വട്ടം കറക്കുകയും ചെയ്യുന്നു. അഡ്വ. എം.എ. ഏലിയാസ് എന്ന അഭിഭാഷകനാണ് എല്ലാ സഹായവും ചെയ്തിരുന്നത്. അങ്ങനെയിരിക്കെയാണ് കെട്ടിട നിർമാണച്ചട്ടങ്ങളെക്കുറിച്ചുള്ള പുസ്തകം വാങ്ങി വായിക്കുന്നത്. ഒരെണ്ണം അദ്ദേഹത്തിനും വാങ്ങിക്കൊടുത്തു. രണ്ടുപേരും ഇരുന്നു പഠിച്ചു. അങ്ങനെ ഈ ഒരു ഫ്ലാറ്റിന് മാത്രം 37 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതുവച്ച് വിജിലൻസിന് പരാതി നൽകി.

അതോടെ അന്വേഷണം നടത്തി അഞ്ച് ഉദ്യോഗസ്ഥരെ വിജിലൻസ് സസ്പെൻഡ് ചെയ്തു. എന്നിട്ടും എഫ്ഐആറിൽ തട്ടിപ്പു നടത്തി നിർമാണം തകൃതിയായി പുരോഗമിച്ചു. പുസ്തകം വിശദമായി പഠിച്ചു വന്നപ്പോഴാണ് ഒരു തുമ്പു കിട്ടുന്നത്. റൂൾ 24(3) ൽ കൃത്യമായി പറയുന്നുണ്ട് കായൽ തീരത്ത് കെട്ടിടം പണിയുന്നതിന് കെസിഇസഡ്എംഎയുടെ അനുമതി വേണം എന്ന്. ഇതു കണ്ടതോടെ ഇതിനെക്കുറിച്ച് വിവരാവകാശം തേടി. ഇത്തരത്തിൽ ഒരു ചട്ടമുണ്ടെന്നു പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. ചട്ടലംഘനം നടത്തിയത് വ്യക്തമാക്കുന്ന വിവരാവകാശ അറിയിപ്പ് ലഭിച്ചതോടെ വീണ്ടും എല്ലായിടത്തും പരാതി നൽകി. 

2009 ൽ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് പരാതി നൽകി. ഇതോടെ സംസ്ഥാനത്തെ സിആർഇസഡ് ചട്ടലംഘനങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കപ്പെട്ടു. ഇപ്പോഴത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വിദഗ്ധരുമടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. രാമചന്ദ്രൻ, ഹരിനാരായണൻ, പ്രഫ. കെ.വി. തോമസ്, ബി. മധുസൂദനൻ തുടങ്ങിയവരായിരുന്നു സംഘത്തിൽ. ഇവരാരും കൈക്കൂലിക്കു വഴങ്ങാത്തവരും.

files

ഇതോടെ അന്നത്തെ മരട് പഞ്ചായത്തിലെയും എറണാകുളം കോർപറേഷനിലെയും ചട്ടലംഘനങ്ങൾ നടത്തി പണി പുരോഗമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം നിർത്തിവയ്ക്കാൻ നിർദേശമുണ്ടായി. ഇതിനെയെല്ലാം മറികടന്നാണ് പിന്നീടും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഇതിനിടെ കേസുകൾ കോടതിയിലുമെത്തി. ഹൈക്കോടതിയുടെ സ്റ്റോപ് മെമ്മോയുള്ളപ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഈ കേസുകളിൽ പലതും ഇപ്പോഴും പുരോഗമിക്കുകയാണ്. 

∙ അഭിഭാഷകന്റെ മരണം

2012 ൽ അ‍ഡ്വ. എം.എം. ഏലിയാസ് മരിച്ചതോടെ കേസുകളുടെ നടത്തിപ്പ് പ്രശ്നത്തിലായി. പിന്നെ കേസുകളുടെ ഫയലുകളുമായി അഭിഭാഷകരെ തേടി നടക്കുകയാണ്. ഒരാൾ പോലും കേസെടുത്തു നടത്താൻ തയാറല്ല. എല്ലാവർക്കും വേണ്ടത് സെറ്റിൽമെന്റാണ്. അതിന് ഒരുകാരണവശാലും തയാറല്ല. ഇതിനിടെ അഡ്വ. ജി. ഗോപകുമാർ കേസുകൾ ഏറ്റെടുക്കാൻ തയാറായി. തുടർന്നാണ് ഫ്ലാറ്റിനെതിരെ കേസ് വരുന്നതും ഹൈക്കോടതി പൊളിച്ചുകളയാൻ നിർദേശിക്കുന്നതും. തുടർന്ന് അപ്പീലിൽ ഡിവിഷൻ ബഞ്ച് ഒരു കോടി രൂപ പിഴ ഇൗടാക്കാനായിരുന്നു ഉത്തരവിട്ടത്. ഇതിനെതിരെ സുപ്രീം കോടതിയിൽ ചെന്നപ്പോഴും ഒരു കോടി രൂപ പിഴ ഇൗടാക്കി ഫ്ലാറ്റ് നിയമവിധേയമാക്കി നൽകാനായിരുന്നു നിർദേശം.

file1

∙ വീടു നിറയെ ഫയൽ

കൊച്ചി നഗരത്തിലെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളുമെല്ലാം കൈവെള്ളയിലെന്നപോലെ തന്റെ കൈവശമുണ്ടെന്ന് എ.വി. ആന്റണി അവകാശപ്പെടുന്നു. മുറിയിൽ നിറഞ്ഞിരിക്കുന്ന ഫയൽ കൂമ്പാരങ്ങളാണ് അതിനു തെളിവ്. പരാതികൾ അയച്ചത് പല ഓഫിസുകൾ കൈപ്പറ്റിയതിന്റെ രസീതുകൾ മാത്രമുണ്ട് വലിയൊരു അലമാര നിറയെ. വിജയത്തെക്കാൾ കൂടുതൽ പരാജയങ്ങളാണ്, തിരിച്ചടികളാണ്. എന്നിട്ടും പിന്നോട്ടില്ല. കേസുകളിലെല്ലാം അവസാന വിധി വരുന്നതു വരെ പോരാടാനുള്ള ഊർജം ഈ ചെറുവിജയങ്ങളും തോൽവികളുമാണ്. നഗരത്തിലെ ചില ഫ്ലാറ്റുകൾക്കെതിരെയുള്ള കേസിൽ സുപ്രീം കോടതി അന്വേഷണത്തിന് ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇൗ കേസിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.

∙ ആരാണ് എ.വി. ആന്റണി

വാർത്തകളിലെ അവസാന വരികളിൽ ‘എ.വി. ആന്റണി എന്ന ചെലവന്നൂർ സ്വദേശിയാണ് പരാതിക്കാരൻ’ എന്ന ഒരു വരി മാത്രം നാട്ടുകാർക്ക് പരിചയമുണ്ടാകും. എറണാകുളം നഗരത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരൻ. കാര്യമായ വിദ്യാഭ്യാസമില്ലെന്നു സ്വയം പരിചയപ്പെടുത്തും. എന്നിരുന്നാലും കോടതി വ്യവഹാരങ്ങളും ഉത്തരവുകളും പരാതികളുമെല്ലാം ഒറ്റ വായനയിൽ മനസ്സിലാക്കാൻ പ്രാഗൽഭ്യം നേടിയിട്ടുണ്ട് ആന്റണി. വരുമാന സ്രോതസ് കർണാടകയിലെ ഇഞ്ചിക്കൃഷി. പിന്നെ അങ്ങിങ്ങുള്ള ചെറിയ ബിസിനസുകളും. വമ്പൻമാരോടാണ് പോരാട്ടം. പേടിയുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്ന് ഉത്തരം. വ്യവഹാരത്തിരക്കുകൾക്കിടെ വിവാഹം പോലും വേണ്ടെന്നു വച്ചു. ഒരു വിവാഹം കഴിക്കാൻ അമ്മ ഇപ്പോഴും നിർബന്ധിക്കുന്നുണ്ട്. അമ്മയുടെ നിർബന്ധിക്കലുകളെ കവിളിൽ കൊടുത്ത ഉമ്മകൊണ്ട് തടഞ്ഞുനിർത്തി അടുത്ത കേസുകളുടെ തിരക്കിലേക്കു മാറുകയാണ് ഇദ്ദേഹം.

English Summary: M V Antony on Maradu flat Demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com