തകർന്നതു സ്വപ്നങ്ങളാണ്; അഴിമതി അവസാനിക്കുമോ: കണ്ണീരോടെ ലിനുവിന്റെ ചോദ്യം

linulal-family-maradu
ലിനുലാൽ ഭാര്യയ്ക്കും മകനുമൊപ്പം.
SHARE

കൊച്ചി ∙ ‘ഭാര്യ ഹഫ്സയ്ക്ക് ഇതു കണ്ടിട്ട് കരച്ചിലടക്കാൻ പറ്റുന്നില്ല. അതാണ് പെട്ടെന്നു വീട്ടിൽ കൊണ്ടാക്കിയത്. ഒരുപാടു സ്വപ്നങ്ങളുമായി ഞങ്ങൾ താമസിച്ച ഫ്ലാറ്റാണ് ഈ തകർന്നു കിടക്കുന്നത്.’– മരടിൽ ഞായറാഴ്ച രാവിലെ 11ന് ഫ്ലാറ്റ് തകർക്കുന്നതിനു മുൻപ് ഒരു നോക്കു കാണാനെത്തിയതാണ് ജെയിൻ കോറൽകോവ് ഫ്ലാറ്റിൽ താമസിച്ചിരുന്ന ലിനുലാലും ഭാര്യയും.

‘ഫ്ലാറ്റ് തകർന്നു വീഴുന്നതു കണ്ടു ഭാര്യ മനസു തകർന്ന് കരയുകയായിരുന്നു. എനിക്കും സങ്കടം അടക്കാനാകുന്നില്ല. കാണാൻ വരുന്നില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. വീട്ടിൽ ഇരുന്നിട്ടു‍ സമാധാനമില്ലാതെയാണ് അവസാനമായി ഒന്നു കൂടി കാണാൻ ഇവിടെ വന്നത്. എല്ലാം വിധി എന്നു പറഞ്ഞു സമാധാനിക്കുകയല്ലാതെ എന്തു ചെയ്യാൻ. ഇതുകൊണ്ട് അഴിമതിയും കായൽ കയ്യേറ്റവും അവസാനിക്കുകയാണെങ്കിൽ ഞങ്ങൾക്കും ഇതൊരു പ്രശ്നമല്ല’ – ലിനു പറയുന്നു. ടെലിവിഷൻ ചാനലുകളിലൂടെ പരിചിതനായ ലിനുലാൽ ഡ്രമ്മറും സംഗീത സംവിധായകനുമാണ്. പൊൻകുന്നം സ്വദേശിയായ ലിനു 2013 മുതൽ ജെയിനിലെ താമസക്കാരനായിരുന്നു.

ഫ്ലാറ്റിൽ നിന്ന് ഒരു ദിവസം മാറണമെന്നു പറഞ്ഞപ്പോൾ ഇതു സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. മാറാൻ അനുവദിച്ച അവസാന ദിവസത്തിന്റെ തലേന്നു പോലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. ഫ്ലാറ്റ് പൊളിക്കാൻ അവസാന ഉത്തരവു വരുമ്പോഴും ഞങ്ങൾ തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. വളരെ സന്തോഷകരമായ ജീവിത ഓർമകൾ മാത്രമാണ് ജെയിൻ സമ്മാനിച്ചിട്ടുള്ളത്. എറണാകുളത്ത് വന്നു താമസിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി വാങ്ങിയതാണ് ഫ്ലാറ്റ്. മകനു സ്കൂളിൽ പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഇവിടെ താമസം ആരംഭിച്ചത്.

linulal-family-maradu-1
ലിനുലാലും ഭാര്യ ഹഫ്സയും

ഇനി എന്തായാലും ഒരു ഫ്ലാറ്റ് വേണ്ട എന്നാണ് തീരുമാനം. ഈ ഫ്ലാറ്റ് നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും വാങ്ങില്ലായിരുന്നു. സുപ്രീം കോടതി അഭിഭാഷകർ വരെ ഇവിടെ ഫ്ലാറ്റ് വാങ്ങി താമസിക്കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ അവർ അത് അറിയാതിരിക്കില്ലല്ലോ. മാത്രമല്ല, എല്ലാ പ്രധാന ബാങ്കുകാരും ഇവിടെ ഫ്ലാറ്റ് വാങ്ങാൻ ലോണും നൽകുന്നുണ്ട്. പിന്നെ എങ്ങനെ സംശയിക്കാനാണ്.’ – ലിനു ചോദിച്ചു.

മരടിൽ നാല് ഫ്ലാറ്റുകൾ തകർന്നെങ്കിലും അഴിമതിക്കു മാത്രം ഒരു കുറവുമില്ലെന്നാണ് അനുഭവമെന്ന് ലിനു പറയുന്നു. ‘കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനു വീടു നിർമിക്കാൻ അനുമതിക്കായി ഇതേ മരട് നഗരസഭയിൽ ചെന്നിട്ട് ഒന്നും നടന്നില്ലെന്ന് അവൻ പറഞ്ഞു. നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയതു ദിവസങ്ങളാണ്. ഒടുവിൽ കൈക്കൂലിക്കു വേണ്ടിയാണ് കഷ്ടപ്പെടുത്തുന്നത് എന്നറിഞ്ഞ് കൊടുക്കേണ്ടിടത്ത് കൊടുത്തപ്പോൾ കാര്യം സാധിച്ചു. ഈ ഫ്ലാറ്റു തകർത്തതുകൊണ്ടൊന്നും അഴിമതിക്കും കയ്യേറ്റത്തിനും അറുതി വന്നെന്നല്ല അർഥം. ഉള്ള പണം മുടക്കി ഇവിടെ ഫ്ലാറ്റ് വാങ്ങിയതല്ലാതെ ഒരു തെറ്റും തങ്ങൾ ചെയ്തിട്ടില്ല. തെറ്റു ചെയ്തവർ ഇപ്പോഴും ശിക്ഷിക്കപ്പെടാതെ പുറത്തുണ്ട്. ’– ലിനുലാൽ രോഷവും സങ്കടവും പങ്കുവച്ചു.

English Summary: Maradu Flat Owners on Demolishing Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA