sections
MORE

‘ഭീകരരെ ഡിവൈഎസ്പി വീട്ടിൽ താമസിപ്പിച്ചു; താവളമൊരുക്കിയത് 5 തവണ’

jammu-kashmir-Davinder-Singh
SHARE

ന്യൂഡൽഹി∙ ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിങ് ഭീകരരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചതായി വിവരം. കശ്മീർ പൊലീസിലെ ഉന്നത വൃത്തങ്ങളിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം ശനിയാഴ്ചയാണ് ഡിവൈഎസ്പി ദവീന്ദർ സിങ്ങിനെ പൊലീസ് പിടികൂടിയത്.

അറസ്റ്റിനുശേഷം ദവീന്ദർ സിങ്ങിന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. ഇയാളുടെ വീട്ടിൽനിന്ന് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും പിടിച്ചെടുത്തു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണു കനത്ത സുരക്ഷയിലുള്ള ദവീന്ദർ സിങ്ങിന്റെ വീട്. ഇവിടെയാണു ഭീകരരെ പാർപ്പിച്ചത്. പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങൾ വാങ്ങിയിട്ടുള്ള ദവീന്ദർ സിങ് ഭീകരരെ കശ്മീരിനു പുറത്തെത്തിക്കുന്നതിനുള്ള ശ്രമത്തിനിടെ ജമ്മു– ശ്രീനഗർ ഹൈവേയിൽവച്ചാണു പിടിയിലാകുന്നത്.

വെള്ളിയാഴ്ച ഷോപിയാനിൽനിന്നു ഭീകരരെ വീട്ടിലെത്തിച്ചത് ദവീന്ദർ സിങ്ങ് തന്നെയാണ്. തുടർന്ന് അന്നു രാത്രി ഭീകരരെ ഒപ്പം താമസിപ്പിച്ചു. ഹിസ്ബുൽ കമാൻഡർ നവീദ് ബാബു, ഇർഫാൻ, റാഫി എന്നിവരാണ് ദവീന്ദർ സിങ്ങിനൊപ്പം പിടിയിലായ ഭീകരർ. ഇവർ താമസിച്ച വീടിന്റെ തൊട്ടടുത്താണ് സൈന്യത്തിന്റെ 15 കോർപ്സ് ആസ്ഥാനം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ദവീന്ദറും ഭീകരരും ഡൽഹിയിലേക്കു പോകാനാണു ശ്രമിച്ചിരുന്നത്. താഴ്‌വരയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും നീക്കം സജീവമായപ്പോൾ ഭീകരർക്ക് ഒളിവിൽ താമസിക്കാൻ അഞ്ച് തവണ ദവീന്ദർ സൗകര്യമൊരുക്കിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാൻ സഹായിച്ചിരുന്നത് ദവീന്ദറാണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവീദിനെ ജമ്മുവിലേക്കു കൊണ്ടുപോയതും ദവീന്ദറായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയപ്പോൾ ദവീന്ദർ ഭീകരനെ പോലെയായിരുന്നു പെരുമാറിയത്. വ്യാഴാഴ്ച ജമ്മു കശ്മീർ സന്ദർശിക്കാനെത്തിയ യുഎസ് പ്രതിനിധി ഉൾപ്പെടെയുള്ള 15 അംഗ വിദേശ സംഘത്തെ സ്വീകരിക്കാനും ദവീന്ദർ സിങ് എത്തിയിരുന്നു.

English Summary: J&K Cop, Arrested With Hizbul Terrorists, Kept Them At His Home: Sources

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA