ശബരിമല മകരവിളക്ക്: മലകയറ്റത്തിനും വാഹനങ്ങൾക്കും കർശന നിയന്ത്രണം

pathanamthitta-sabarimala-pilgrims
ശബരിമല ദർശനത്തിനെത്തിയ ഭക്തർ
SHARE

ശബരിമല∙ മകര വിളക്ക് ദിവസമായ ബുധനാഴ്ച ശബരിമലയിൽ തീർഥാടകരുടെ മലകയറ്റം, ദർശനം, വാഹന ഗതാഗതം എന്നിവയ്ക്കു കർശന നിയന്ത്രണം. മകരജ്യോതി ദർശനത്തിനു ശേഷം ഉണ്ടാകുന്ന തിക്കിലും തിരക്കിലും അപകടം ഉണ്ടാകാതിരിക്കാൻ സന്നിധാനത്തു തീർഥാടകരെ വഴിതിരിച്ചു വിടും. സന്നിധാനത്ത് ഉച്ചപൂജ കഴിഞ്ഞ് ഒന്നിനു നട അടച്ചാൽ പിന്നെ പതിനെട്ടാംപട‌ി കയറാൻ അനുവദിക്കില്ല.

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തിൽ എത്തി വൈകിട്ട് 6.30നു ദീപാരാധനയും ജ്യോതി ദർശനവും കഴിഞ്ഞേ അയ്യപ്പന്മാരെ പതിനെട്ടാംപടി കയറാൻ അനുവദിക്കു. ഉച്ച പൂജയ്ക്കു ശേഷം ക്ഷേത്ര തിരുമുറ്റം, മഹാകാണിക്ക എന്നിവിടങ്ങളിലേക്കു പോകുന്നത് നിയന്ത്രിച്ചിട്ടുണ്ട്. വൈകിട്ട് 5ന് ക്ഷേത്ര നട തുറന്ന ശേഷം തിരുമുറ്റത്തേയ്ക്ക് കയറുന്നത് പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്.

മകരജ്യോതി ദർശനത്തിനു ശേഷം പാണ്ടിത്താവളം ഭാഗത്തുള്ള വരെ മരാമത്ത് ഓഫിസിന് മുൻവശത്തെ 108 പടി വഴി ഇറക്കി വിടില്ല. പകരം ബിഎസ്എൻഎൽ പടിക്കൽ നിന്ന് ശബരി ഗസറ്റ് ഹൗസ്, കൊപ്രാക്കളം വഴി ട്രാക്ടർ റോഡിലൂടെ തിരിച്ചു വിടും. മാളികപ്പുറത്തുള്ളവർ നേരെ വടക്കേ നടയിൽ എത്താൻ അനുവദിക്കില്ല. ബെയ്‌ലി പാലം വഴി തിരിച്ചു വിടും. മകരജ്യോതി കാണാൻ കെട്ടിടങ്ങൾക്ക് മുകളിലും മരത്തിലും കയറാൻ അനുവദിക്കില്ല.

പമ്പയിലെ നിയന്ത്രണങ്ങൾ

∙ തിരുവാഭരണ ഘോഷയാത്രയ്ക്കു വഴി ഒരുക്കാൻ ഉച്ചയ്ക്ക് 1.30 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്കു മല കയറുന്നതിനും നിയന്ത്രണമുണ്ട്.

∙ ജ്യോതി ദർശനം കഴിഞ്ഞു പരമാവധി തീർഥാടകർ മല ഇറങ്ങിയ ശേഷമേ പമ്പയിൽ നിന്നു സന്നിധാനത്തേക്കു കടത്തി വിടു.

∙ പമ്പ ഹിൽടോപ് പാർക്കിങ് മേഖലയിൽ മകര ജ്യോതി കാണാൻ കയറാൻ അനുവദിക്കില്ല.

വാഹന നിയന്ത്രണം

∙രാവിലെ 10ന് ശേഷം എരുമേലി, വടശേരിക്കര എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്കു വാഹനങ്ങൾ കടത്തിവിടില്ല. തീർഥാടകരുടെ വാഹനങ്ങൾ പ്ലാപ്പള്ളി, നാറാണംതോട്, കണമല, ളാഹ എന്നിവിടങ്ങളിൽ തടഞ്ഞിടും.

∙ മകരജ്യോതി കാണാൻ അട്ടത്തോട് ഭാഗത്ത് റോഡിൽ തീർഥാടകർ ഇരിക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് 3 മുതൽ 6.30 വരെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് നിർത്തിവയ്ക്കും.

∙സന്ധ്യക്ക് മകരജ്യോതി ദർശനത്തിനു ശേഷം 16ന് രാവിലെ വരെ പമ്പ- നിലയ്ക്കൽ റൂട്ടിൽ  കെഎസ്ആർടിസി മാത്രമേ അനുവദിക്കു.

English Summary: Sabarimala Makara Vilakku; Restrictions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA