ADVERTISEMENT

ന്യൂഡൽഹി∙ സിഖ് വിരുദ്ധ കലാപ കേസുകളുടെ തുടർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി എസ്.എൻ. ദിൻഗ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ‌‌‌ം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിഖുകാരെ ആക്രമിക്കാൻ പൊലീസ് അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നു റിപ്പോർട്ടിൽ പരമാർശമുണ്ട്. കൃത്യസമയത്ത് തെളിവുകൾ കോടതിക്കു മുൻപിൽ ഹാജാരാക്കുന്നതിൽ പൊലീസിനും സർക്കാരിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ട് അംഗീകരിക്കുന്നുവെന്നും തുടർനടപടികൾ കൈക്കൊള്ളുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ്ജസ്റ്റീസ് എസ്എ ബോംബ്ഡെ അധ്യക്ഷനായ മുന്നംഗ ബെഞ്ചിന് ഉറപ്പ് നൽകി. കാര്യമായ അന്വേഷണം നടത്താതെ കുറ്റവാളികൾക്ക് അനുകൂല സാഹചര്യം ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. കലാപം ഉണ്ടാകുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന സര്‍ക്കാരും പൊലീസും ഉണർന്നു പ്രവർത്തിച്ചില്ലെന്നും തെളിവുകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കലാപത്തിനു സഹായിച്ച പൊലീസുകാർക്കെതിരെ നടപടിക്കു ഹർജി ഫയൽ ചെയ്യണമെന്നു പരാതിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.എസ് സൂരി സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഐപിഎസ് ഉദ്യോഗസ്ഥൻ അഭിഷേക് ദുലാർ, മുൻ ഐജി രാജ്ദീപ് സിങ് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഐജി രാജ്ദീപ് സിങ് പിൻമാറിയതോടെ നിലവിൽ രണ്ട് പേർ മാത്രമാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2018 ലാണ് ഉത്തരവിട്ടത്. 

പൊലീസ് എഴുതിതളളിയ 241 കേസുകളില്‍ 186 എണ്ണമാണ് പുനരന്വേഷിച്ചത്. പൊലീസ് കാര്യമായ അന്വേഷണം നടത്താതെയാണ് കേസുകള്‍ എഴുതിതളളിയതെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതതലസമിതി കണ്ടെത്തിയിരുന്നു. എഴുതിതള്ളിയ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ 2015 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജിങ് സമിതിയും കോടതിയെ സമീപിച്ചിരുന്നു. സിഖ് വിഭാഗക്കാരനായ സുരക്ഷാഭടന്‍റെ വെടിയേറ്റ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് വിഭാഗത്തെ ലക്ഷ്യമാക്കി ഉത്തരേന്ത്യയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. എണ്ണായിരത്തില്‍പ്പരം സിഖുകാരാണ് കൂട്ടക്കൊലയ്ക്കിരയായത്.

English Summary: 1984 anti-Sikh riots: Accepted SIT recommendations, will take action, Centre tells SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com