ADVERTISEMENT

ശബരിമല ∙ ഒരുനിമിഷം... ഒരൊറ്റ നിമിഷം.... ആ നിമിഷത്തിൽ ആ ജ്യോതി തെളിഞ്ഞ് അപ്രത്യക്ഷമായെങ്കിലും ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് അപ്പോഴേക്കും അതു ദീപം പകർന്നു കഴിഞ്ഞിരുന്നു. കാട്ടിൽ കറുപ്പിന്റെ കടൽ പോലെ പരന്നുകിടന്ന പുരുഷാരം അപ്പോൾ ഒരു തിരമാല കണക്കെ ആർത്തുപൊന്തി.... ‘‘സ്വാമിയേ ശരണമയ്യപ്പാ...’’ രാവും പകലുമില്ലാതെ മണിക്കൂറുകൾ കാത്തുനിന്നതും ഈ ഒരു നിമിഷത്തിനായിരുന്നു. കാറ്റിരമ്പം പോലെ മാത്രം കേട്ടിരുന്ന ശരണമന്ത്രം ജ്യോതി തെളിഞ്ഞ നിമിഷം കൊടുങ്കാറ്റായി. പൊന്നമ്പലമേട്ടിൽ ജ്യോതി; താഴെ കൂപ്പുകൈകളും ശരണമന്ത്രങ്ങളും.

ശ്രീകോവിലിൽ കാനനവാസന് ദീപാരാധന നടക്കുമ്പോൾ, സന്ധ്യയ്ക്കു 6.52 ന് അയ്യപ്പന്മാർക്കു കാനനമൊരുക്കിയ ദീപാരാധന പോലെ കിഴക്കു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. സ്വാമിമാരായി വന്നു സ്വാമിയെ കണ്ടു തൊഴുതവർ പിന്നെ കാടിറങ്ങി, മലയിറങ്ങി; ഇനി എന്നും സ്വാമിയായി തന്നെ മുന്നോട്ടുപോകാനുള്ള തെളിച്ചവുമായി. പകൽ തിരുമുറ്റത്തും നടപ്പന്തലുകളിലും  തിങ്ങി നിറഞ്ഞു നിന്ന അയ്യപ്പന്മാരും വൈകുന്നേരത്തോടെ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്കു കയറി. പാണ്ടിത്താവളം, മാളികപ്പുറം, കൊപ്രാക്കളം, ശബരി ഗെസ്റ്റ് ഹൗസ്, ശരംകുത്തി, ശബരിപീഠം, നീലിമല, പുല്ലുമേട്, പോടംപ്ലാവ്, പമ്പ ഫോറസ്റ്റ് ഐബി തുടങ്ങി മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം തിക്കും തിരക്കും കൂടി. അപകടം ഉണ്ടാകാതിരിക്കാൻ വടം കെട്ടി തിരിച്ചായിരുന്നു ഇവരെ പൊലീസ് നിയന്ത്രിച്ചത്.

അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.30ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്കു തിരിച്ചതോടെ സന്നിധാനം തിരുവാഭരണവും മകരവിളക്കും കാണാനുള്ള തയാറെടുപ്പുകളിലായി. കാത്തിരിപ്പിന്റെ ക്ഷീണം വിട്ട് ഭക്തർ കൂപ്പുകൈകളുമായി എഴുന്നേറ്റു നിന്നു. ശരണംവിളികൾ മുഴങ്ങിത്തുടങ്ങി. മാനത്തു കൃഷ്ണപ്പരുന്തിനെ കണ്ടപ്പോൾ ആ ശരണമന്ത്രത്തിനു ശബ്ദം കൂടി. കണ്ണുകൾ പിന്നെ കാത്തുനിന്നതു തിരുവാഭരണത്തിന്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള പേടകം എത്തിയപ്പോൾ അയ്യപ്പനെ കണ്ടു തൊഴുതവരും കാണാൻ കാത്തുനിൽക്കുന്നവരും കണ്ണുകളിൽ ആ ആഭരണപ്രഭയണിഞ്ഞു. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. കിഴക്കൻ ചക്രവാളത്തിൽ അപ്പോൾ മകരനക്ഷത്രം ഉദിച്ചു. കൂപ്പുകൈകൾ ഇറുക്കി കണ്ണിമയ്ക്കാതെ കാത്തിരിപ്പ്. നിമിഷങ്ങൾക്കകം ജ്യോതി തെളിഞ്ഞപ്പോൾ കടലല ഇളകും കണക്കെ ജനസഹസ്രത്തിന്റെ ശരണം വിളി. കാഴ്ചയുടെ നിറവിൽ ചില കണ്ണുകൾ ഈറനണിഞ്ഞു. നിറഞ്ഞ മനസ്സോടെ കാത്തിരിപ്പിനു വിരാമം. പതിനെട്ടാംപടി തുറന്നതോടെ വീണ്ടും അണ മുറിയാത്ത പ്രവാഹം.  ഇനി 20 വരെ നട തുറന്നിരിക്കും. നെയ്യഭിഷേകം 19 വരെ മാത്രമേയുള്ളൂ. 21 ന് രാവിലെ ഏഴിന് പന്തളം രാജപ്രതിനിധി തൊഴുത് പതിനെട്ടാംപടിയിറങ്ങുന്നതോടെ നട അടയ്ക്കും.

English Summary : Sabarimala Makaravilakku live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com