ADVERTISEMENT

ന്യൂഡൽഹി∙ നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികൾ ജയിൽ നിയമങ്ങൾ ലംഘിച്ചത് 23 തവണ. ഡൽഹിയിലെ തിഹാർ ജയിലിൽ ഏഴു വർഷത്തിനിടെ ജോലി ചെയ്തു പ്രതികൾ 1.37 ലക്ഷം രൂപ സമ്പാദിച്ചതായും ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ മാസം 22നാണ് പ്രതികളായ അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരുടെ വധശിക്ഷ നടപ്പാക്കേണ്ടത്.

വിനയ് 11 തവണയും പവൻ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് ജയിൽ നിയമങ്ങൾ ലംഘിച്ചതിനു ശിക്ഷിക്കപ്പെട്ടത്. ജയിലിൽ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവൻ 29,000 രൂപയും വിനയ് 39,000 രൂപയും സമ്പാദിച്ചു. മുകേഷിനെ ജോലികൾക്കു നിയോഗിച്ചിരുന്നില്ല. 2016ൽ മുകേഷ്, പവൻ, അക്ഷയ് എന്നിവർ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ൽ വിന‌യ് ഡിഗ്രിക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.

വധശിക്ഷയ്ക്കെതിരെ മുകേഷും വിനയ്‍യും സമർപ്പിച്ച പിഴവുതിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെ മുകേഷ് രാഷ്ട്രപതിക്കു ദയാഹർജി നൽകി. വിനയ് നേരത്തേ ദയാഹർജി നൽകിയിരുന്നെങ്കിലും ഇനിയും നിയമസാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പിൻവലിച്ചിരുന്നു. 22നു രാവിലെ 7നു വധശിക്ഷ നടപ്പാക്കാനാണു പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. ഇതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 2012 ഡിസംബർ 16നാണു ബസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. വിദഗ്ധ ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29നു മരിച്ചു.

English Summary: Nirbhaya Convicts Broke Prison Rules 23 Times, Didn't Pass Exams: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com