ADVERTISEMENT

ടെഹ്റാൻ / വാഷിങ്ടൻ∙ ഇറാന്റെ മിസൈൽ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തുന്നതിന്റെ വിഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. ഇറാൻ റവല്യൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു അർധ ഔദ്യോഗിക മാധ്യമമായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനാപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊതുജനത്തിനു ലഭ്യമാക്കുമെന്നും വാർത്തയിൽ സൂചനയുണ്ട്.

ടെഹ്റാനിൽ വിമാനം വീണത് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽനിന്നുള്ള രണ്ടു മിസൈലുകളേറ്റാണെന്ന് വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനപഥത്തിൽനിന്ന് എട്ടു മൈൽ അകലെ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിച്ചില്ലെന്നും തീപിടിച്ച വിമാനം ടെഹ്റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. 

176 യാത്രക്കാരുമായി പറന്ന വിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളിൽ ചിലരെ കഴിഞ്ഞദിവസം ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെ ‘അബദ്ധത്തിൽ’ ആണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാൻ സമ്മതിക്കുകയായിരുന്നു.

‘സംഭവത്തക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’– ഇറാന്റെ ജുഡീഷ്യറി വക്താവ് ഘോലംഹുസൈൻ ഇസ്മയിലി പറഞ്ഞു. എത്ര പേരെ അറസ്റ്റ് ചെയ്തെന്നോ ആരെല്ലാമാണു പിടിയിലായതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. വിമാനം തകർത്തത് അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്നു പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ് വിവരം വന്നത്. സുരക്ഷാസേനയെയും കലാപനിയന്ത്രണ സേനയെയും കൂസാതെ പ്രതിഷേധക്കാർ തെരുവുകൾ കയ്യടക്കുന്നതിൽ ഭരണകൂടം ആശങ്കയിലാണ്. 

English summary: Person Who Put Video Of Missile Hitting Ukraine Plane Taken Into Custody: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com