ADVERTISEMENT

കൊച്ചി∙ ഇന്ന് രാവിലെ നടന്ന വ്യാപാരങ്ങളിൽ ഇന്ത്യൻ വിപണി റെക്കോർഡ് ലവലിൽ. സൂചിക ചരിത്രത്തിൽ ആദ്യമായി 42000ന് മുകളിലെത്തി. ആഗോള വിപണികളിലെല്ലാം റെക്കോർ‍ഡ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഇന്നലെ 41872.73ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 41924.74നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് സെൻസെക്സ് ഒരു വേള റെക്കോർഡ് മറികടന്ന് 42059.45 വരെ എത്തി. ഇന്നലെ 12343.30ൽ ക്ലോസ് ചെയ്ത് നിഫ്റ്റിയാകട്ടെ ഇന്നു രാവിലെ നേരിയ പുരോഗതിയിൽ 12347.10 നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 12389.05 വരെ ഉയർന്നു. ഇന്നത്തെ വീക്കിലി ക്ലോസിങ്ങിനോട് അനുബന്ധിച്ച് നിഫ്റ്റിക്ക് 12300 ലവലിലായിരിക്കും പ്രധാന സപ്പോർട്ടെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. മുകളിലേയ്ക്ക് 12374ലായിരിക്കും ആദ്യ റെസിസ്റ്റൻസ്.

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ

∙ ഇന്നലെ ആദ്യമായി യുഎസ് സൂചികയായ ഡൗജോൺസ് 29000 എന്ന ലവൽ മറികടന്നു. എസ്ആൻ‍ഡ്പി500 സൂചികയും റെക്കോർഡ് ലവലിലാണ്.
∙ യുഎസും ചൈനയും കഴിഞ്ഞ 18 മാസമായി തുടർന്നു വരുന്ന വ്യാപാര യുദ്ധം അവസാനിക്കുന്നതിന്റെ ഭാഗമായി ഫേസ് ഒന്ന് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചിട്ടുണ്ട്. ഇതിനു ശേഷം എല്ലാ വിപണികളിലും മുന്നേറ്റം കാണുന്നുണ്ട്.
∙ ഇന്ന് ഏഷ്യൻ വിപണികളിൽ തുടക്കത്തിൽ നല്ല മുന്നേറ്റമുണ്ടായിരുന്നു. ചൈന മാർക്കറ്റ് ഇപ്പോൾ അര ശതമാനം ഇടിവാണ് കാണിക്കുന്നത്.

∙ ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ഫെബ്രുവരി ഒന്നിന് മുമ്പായുള്ള ബജറ്റാണ് പ്രധാനമായും വിപണി നോക്കുന്നത്. അതോടൊപ്പം കമ്പനികളുടെ മൂന്നാം പാദറിപ്പോർട്ടുകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
∙ ഇന്ന് മുൻനിരകമ്പനികളുടെ ഒന്നും ഫലം പുറത്തു വരാനില്ല. എന്നിരുന്നാലും മധ്യനിര കമ്പനികളായ സൗത്ത് ഇന്ത്യൻ ബാങ്ക്, കർണാടക ബാങ്ക് തുടങ്ങിയവയുടെ ഫലം വിപണി നോക്കുന്നുണ്ട്.
∙ നാളെയാണ് പ്രധാന കമ്പനികളായ റിലയൻസ്, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഫലം പുറത്തു വിടുന്നത്.
∙ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പോളിസി മീറ്റിങ്ങും ഇന്നു നടക്കും.

∙ ഇന്ന് മിക്ക സെക്ടറുകളിലും ലാഭമെടുക്കൽ പ്രകടമാണ്. ആദ്യ രണ്ടു മണിക്കൂറിലെ മുന്നേറ്റത്തിനു ശേഷമാണ് ഈ ലാഭമെടുക്കൽ. മെറ്റൽ ഓഹരികളിലാണ് കാര്യമായ വിൽപന സമ്മർദമുള്ളത്. മെറ്റൽ സെക്ടറിൽ ഒന്നര ശതമാനത്തിന്റെ ഇടിവ് കാണുന്നുണ്ട്.
∙ ഓയിൽ ആൻഡ് ഗ്യാസ്, ഐടി സെക്ടറുകളിലും നേരിയ ഇടിവുണ്ട്. ഫാർമ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളിലാണ് പോസിറ്റീവ് പ്രവണത.
∙ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മിഡ്ക്യാപ്, സ്മോൾ ക്യാപ് ഇൻഡെക്സ് തുടർച്ചയായ ദിവസങ്ങളിലും മുന്നേറ്റം തുടരുകയാണ്. ഇന്നും അരശതമാനം ഈ ഇൻഡെക്സുകളിൽ പോസിറ്റീവ് വ്യാപാരമാണുള്ളത്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങൾ കൊണ്ട് തന്നെ മിഡ് ക്യാപ് ഇൻഡെക്സിൽ ആറു ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്.

∙ വിപണി ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമായും നിഫ്റ്റി, ബാങ്ക് നിഫ്റ്റിയുടെ വീക്കിലി ക്ലോസിങ്ങിലായിരിക്കും കൂടുതൽ ശ്രദ്ധ കൊടുക്കുക. ഇതിനു മുമ്പായി ഈ രണ്ട് ഇൻഡെക്സിലും കൂടുതൽ അസ്ഥിരത പ്രതീക്ഷിക്കാം.
∙ ഇന്ന് പോസിറ്റീവ് പ്രവണത തുടക്കത്തിൽ കണ്ടത് ടെലികോം ഓഹരികൾക്കാണ്. ഭാരതി എയർടെൽ, വോഡാഫോൺ ഓഹരികളിലെല്ലാം മുന്നേറ്റം കാണുന്നുണ്ട്.
∙ എജിആർ പ്രൈസിങ്ങിനെതിരായ ടെലികോം കമ്പനികൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കുമ്പോൾ ആശ്വാസകരമായ പ്രഖ്യാപനം ഉണ്ടായേക്കും എന്ന പ്രതീക്ഷയാണ് ടെലികോം ഓഹരികൾക്ക് ഉണർവ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com