ADVERTISEMENT

തിരുവനന്തപുരം ∙ സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ലെന്നും അങ്ങനെ ചിത്രീകരിക്കരുതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണ്. പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഗവർണർ കാഴ്ചക്കാരനായി നോക്കിയിരിക്കില്ലെന്നും പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ഞായറാഴ്ച വിശദീകരണം തേടിയിരുന്നു.

ചീഫ് സെക്രട്ടറി ടോം ജോസിനോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയത്. ഭരണഘടനപ്രകാരം ഗവര്‍ണര്‍ ആണ് സംസ്ഥാനത്തിന്റെ തലവന്‍, അതിനാല്‍ അനുമതി ഇല്ലാതെ നിയമപോരാട്ടത്തിനിറങ്ങിയതിന്റെ കാരണമാണ് ചീഫ് സെക്രട്ടറിയില്‍ നിന്ന് ഗവര്‍ണര്‍ തേടുന്നത്. ഗവര്‍ണര്‍ക്കെതിരെ കടന്നാക്രമണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കരുതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു.

നിയമസഭയെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണറുടെ കത്ത് ചർച്ചയ്ക്കു വന്നേക്കും. അഡ്വക്കേറ്റ് ജനറലിനോട് ആലോചിച്ചാവും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുക. ഭരണഘടന അനുസരിച്ച് സര്‍ക്കാരിന് കോടതിയെ സമീപിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്.

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്താനിരിക്കെ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് ആശയങ്കയുണ്ട്. എന്നാലും രാഷ്ട്രീയമായ ആക്രമണം തുടരാനാണ് സിപിഎം തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുേവേണ്ടി ഗവര്‍ണര്‍ അനുചിത അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും നടത്തുകയാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

English Summary: No personal Issues with Government, Says Kerala Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com