ADVERTISEMENT

ലണ്ടൻ ∙ ‘വർഷങ്ങൾ നീണ്ട വെല്ലുവിളികൾക്ക്’ അപ്പുറം തനിക്കും ഭാര്യ മേഗൻ മാർക്കിളിനും രാജകീയ പദവികളിൽ നിന്ന് പിന്നോട്ടു പോകുകയല്ലാതെ ‘മറ്റു മാർഗമില്ലായിരുന്നെന്ന്’ഹാരി രാജകുമാരൻ. കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകൾ ഉപേക്ഷിക്കുന്ന തീരുമാനം ‘വലിയ ദുഃഖത്തോടെയാണ്’ കൈക്കൊണ്ടതെന്നും ഹാരി വ്യക്തമാക്കി. 

താൻ പിന്തുണയ്ക്കുന്ന ഒരു സന്നദ്ധസംഘടനയുടെ ധനസമാഹരണാർഥം നടത്തിയ അത്താഴത്തിനിടെയാണ് ഹാരി ഈ പ്രസ്താവന നടത്തിയത്. ‘ലഘുവായ തീരുമാനമായിരുന്നില്ല അതെന്ന്’ ബക്കിങ്ങാം കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകൾ വിടാനുള്ള തീരുമാനം സൂചിപ്പിച്ച് ഹാരി പറ​ഞ്ഞു.

‘നിരവധി വർഷത്തെ വെല്ലുവിളികളും നിരവധി മാസത്തെ ചർച്ചകളും ഉണ്ടായി. എല്ലാം എനിക്ക് ശരിയായി വന്നില്ലെന്നത് എനിക്കറിയാം. എന്നാൽ മറ്റു വഴിയില്ലായിരുന്നു. നമ്മൾ നടന്നകലുകയല്ലെന്നത് ഉറപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ നിന്ന് അകലാൻ ഞങ്ങൾക്ക് ആകില്ല.’ – ഹാരി വിശദീകരിച്ചു. ബ്രിട്ടിഷുകാർക്കറിയാവുന്ന ഹാരിയായി തുടരുമെന്നും അതേസമയം തനിക്ക് ‘വ്യക്തമായ വീക്ഷണം’ ഉണ്ടാകുമെന്നും ഹാരി വ്യക്തമാക്കി. 

സന്തോഷവാനായല്ല ഹാരി ഈ പ്രസ്താവന നടത്തിയതെന്നാണ് പൊതുവിലയിരുത്തൽ. മേഗന്റെ തെറ്റായി തന്റെ തീരുമാനം വിലയിരുത്താൻ ഹാരി തയാറല്ലെന്നാണു പ്രസ്താവന ഉറപ്പിക്കുന്നത്. താൻ തന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് ഉറപ്പിച്ചുപറയാനും ഹാരി എഴുതി തയാറാക്കിയ പ്രസ്താവനയിൽ ഓർമിച്ചു. ബ്രിട്ടിഷ് രാജകുടുംബത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയെന്നതല്ലാതെ മറ്റു നിർവാഹമില്ലെന്നത് സൂചിപ്പിച്ച പ്രസ്താവനയിൽ മാധ്യമങ്ങൾ നടത്തുന്ന വേട്ടയാടലുകൾക്കെതിരെയും കുറ്റപ്പെടുത്തലുണ്ടായി.

‘നവജാതശിശു ആശുപത്രി വിടുന്നു’

വസ്ത്രങ്ങളണിഞ്ഞ ആൾക്കുരങ്ങിന്റെ കയ്യുംപിടിച്ച് ഒരു സ്ത്രീയും പുരുഷനും നടന്നുപോകുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.‘രാജകുടുംബത്തിലെ നവജാതശിശു ആശുപത്രി വിടുന്നു’ എന്ന ശീർഷകം. ഹാരി രാജകുമാരനും ആഫ്രിക്കൻ വേരുകളുള്ള അമേരിക്കൻ നടി ഭാര്യ മേഗൻ മാർക്കിളിനും കുഞ്ഞ് പിറന്നത് ഇപ്രകാരം ട്വീറ്ററിൽ ആഘോഷിച്ചത് പ്രസിദ്ധ മാധ്യമപ്രവർത്തകൻ ഡാനി ബേക്കറാണ്. ഫലിതം അതിരു കടന്നതോടെ ബിബിസി ഡാനി ബേക്കറിന്റെ ചെവിക്കു പിടിച്ചു. ട്വീറ്റ് പിൻവലിച്ച്  ബേക്കർ മാപ്പു പറഞ്ഞു. അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമായ മേഗൻ ബ്രിട്ടിഷ് സിംഹാസനത്തിൽ വാഴുന്നത് മനസുകൊണ്ട് പോലും ആഗ്രഹിക്കാത്ത ലക്ഷക്കണക്കിനു പേരിൽ ഒരാൾ മാത്രമായിരുന്നു ഡാനി ബേക്കർ. 

കറുത്തവർഗക്കാരിയുടെ മകൾ രാജകുടുംബത്തിലെത്തിയാൽ കാര്യങ്ങൾ കറുത്തവർഗക്കാരനായ രാജാവിൽവരെ ചെന്നെത്തുമെന്ന് ട്വീറ്റ് ചെയ്തത് യുകെ ഇൻഡിപെൻഡൻസ് പാർട്ടി (യുകെഐപി) നേതാവ് ഹെൻറി ബോൾട്ടന്റെ കാമുകി ജോ മാർനിയാണ്. എട്ടു പതിറ്റാണ്ടുകൾക്കു മുൻപ് അമേരിക്കക്കാരിയും വിവാഹമോചിതയുമായ വാല്ലിസ് സിംസണ്‍ എന്ന യുവതിയെ വിവാഹം ചെയ്യാൻ പതിനൊന്നു മാസം മാത്രം ഇരുന്ന സിംഹാസനം വിട്ടുകൊടുത്ത എഡ്വേഡ് എട്ടാമന്‍ രാജാവിനെ ഓർമ്മിപ്പിക്കുന്നുണ്ട് ഹാരി.‘മെഗ്‌സിറ്റ്’ എന്ന് രാജ്യാന്തരമാധ്യമങ്ങൾ പേരിട്ടു വിളിക്കുന്ന രാജകുടുംബത്തിലെ ഭിന്നതയ്ക്കു കാരണക്കാരി മേഗൻ മാത്രമാണെന്നായിരുന്നു ബ്രിട്ടിഷ് ടാബ്ലോയിഡുകളുടെ കണ്ടെത്തൽ. 

യുഎസ് ടിവി പരമ്പരകളിൽ അഭിനയിച്ചു പേരെടുത്ത നടി കൂടിയായ മേഗന്റെ ആഫ്രിക്കൻ വംശീയ വേരുകൾ പരാമർശിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലുള്ള അസ്വസ്ഥതയും സഹോദരൻ വില്യമുമായി ഹാരിയുടെ ബന്ധം മോശമായതും എല്ലാമാണ് രാജകീയ ചുമതലകൾ ഒഴിയാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തീരുമാനത്തിനു പിന്നിലെന്നു പത്രങ്ങൾ കഥയെഴുതി. കെയ്റ്റ് മിഡിൽടൺ ബ്രിട്ടിഷ് മാധ്യമങ്ങളുടെ പൊന്നോമനയായിരുന്നെങ്കിൽ മേഗൻ മാർക്കിൾ എന്നും കരടായിരുന്നു. സ്വന്തം പാടശേഖരത്തിൽ പണിയെടുത്തിരുന്ന നീഗ്രോ അടിമകളുടെ പിന്‍മുറക്കാരി. ‘സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ’ത്തിന്‍റെ സിംഹാസനത്തിൽ വാഴാൻ പോകുന്നു എന്ന തരത്തിലായിരുന്നു യാഥാസ്ഥിതികരും അവരെ പ്രതിനിധാനം ചെയ്യുന്ന പത്രങ്ങളും ഹാരി രാജകുമാരന്റെ വിവാഹവേളയിൽ അച്ചുനിരത്തിയത്. 

മേഗനു നേരേ വരുന്ന ആക്രമണങ്ങളിൽ പലതും വംശീയതയിലും വ്യക്തിജീവിതത്തിലും ഊന്നിയുള്ളതായിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തിൽ എത്തിയതു മുതൽ അനുഭവിച്ച വേർതിരിവുകളും മാനസിക വ്യഥകളും 2019 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ‘ആഫ്രിക്കന്‍ ജേര്‍ണി’യില്‍ മേഗൻ തുറന്നു പറയുകയും ചെയ്തു. രാജ്യാന്തര മാധ്യമമായ ദ് ഗാർഡിയൻ നടത്തിയ സർവേയിൽ കെയ്റ്റ് മിഡിൽടണിനെക്കാളും മാധ്യമവിമർശനം ഏറ്റുവാങ്ങിയത് മേഗനായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ.  2018 മുതല്‍ 14 ദിനപത്രങ്ങളിലായി വന്ന 843 ലേഖനങ്ങളിൽ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. മേഗനു കൊട്ടാരത്തിൽ ആഗ്രഹിച്ചതു പോലെയുള്ള പിന്തുണ ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും ഹാരിയുടെയും ചേട്ടന്‍ വില്യമിന്റെയും ഭാര്യമാർ  പരസ്പരം മിണ്ടാറില്ലെന്നും പത്രങ്ങൾ എഴുതി. 

തന്റെ അമ്മ ഡയാന രാജകുമാരി നേരിട്ടതു പോലെയുള്ള അപവാദ പ്രചരണങ്ങളാണു മേഗനെതിരെയുണ്ടാകുന്നതെന്നും ഹാരി പലതവണ വ്യക്തമാക്കിയിരുന്നു. മേഗൻ ഗർഭിണിയായിരുന്നപ്പോഴും മകൻ ആർച്ചി പിറന്ന ശേഷവും മാധ്യമങ്ങൾ ദാക്ഷണ്യമില്ലാതെയാണു വ്യാജവാർത്തകൾ പരത്തിയതെന്നും ഹാരി പറയുന്നു. അകന്നു കഴിയുന്ന പിതാവിനു മേഗൻ എഴുതിയ കത്ത് ഒരു ബ്രിട്ടിഷ് ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചതാണു ഹാരിയെ ചൊടിപ്പിച്ചത്.

കൊട്ടാരം വിടാനുള്ള തീരുമാനത്തിനു പിന്നാലെ അകന്നു കഴിയുന്ന മേഗന്റെ പിതാവിന് മേഗൻ അയച്ച കത്തുകൾ സണ്‍ഡേ മെയില്‍ പത്രം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. എല്ലാം പണത്തിനു വേണ്ടിയാണെന്നും  എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് പിതാവ് തോമസ് മാർക്കിൾ രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്തു. 

വിവാഹത്തോടെ രാജകുടുംബത്തിന്റെ ഭാഗമായതാണ് മേഗൻ. ഇപ്പോൾ ഇരുവരും ചേർന്ന് രാജകുടുംബത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു, തരംതാഴ്ത്തി, രാജകുടുംബ സങ്കൽപത്തെ തന്നെ തകർത്തു കളഞ്ഞുവന്നും തോമസ് കുറ്റപ്പെടുത്തി. തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന മേഗൻ ബ്രിട്ടീഷ് കൊട്ടാരത്തിലെത്തിയതു മുതല്‍ സുഖസൗകര്യങ്ങൾക്കും ആഢംബരങ്ങൾക്കുമായി വൻതുകയാണ് ചെലവഴിച്ചിരുന്നത്. ഇതിന്‍റെ പേരിലുണ്ടായ പേരുദോഷം സ്ഥാനത്യാഗത്തിലൂടെ കഴുകി കളയാനുള്ള നീക്കമാണ് നടക്കുന്നതെന്നു തോമസ് മാർക്കിളിന്റെ ആദ്യ വിവാഹത്തിലെ മകൾ സാമന്തയുടെ പ്രസ്താവന വൻ പ്രാധാന്യത്തോടെ രാജ്യാന്തര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള മേഗന്റെ ശ്രമങ്ങളാണ് രാജകീയ ചുമതലകൾ ഒഴിയാനുള്ള തീരുമാനത്തിൽ കലാശിച്ചതെന്നും മാധ്യമങ്ങൾ വിധിയെഴുതുന്നു. 

2016 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്കു കുഞ്ഞു പിറന്നതോടെ പൂർണ മനസ്സോടെ രാജ്യം സ്വീകരിക്കുമെന്നു വിചാരിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നും തനിക്കുണ്ടായ വംശീയ വേർതിരിവ് കുഞ്ഞും അനുഭവിക്കുന്നതിൽ മേഗൻ അസ്വസ്ഥയായിരുന്നുവെന്നും മാധ്യമങ്ങൾ പറഞ്ഞുവയ്ക്കുന്നു. ഹാരിയും മേഗനും ഇനി രാജപദവികൾ വഹിക്കുന്നതല്ലെന്നും പൊതുഖജനാവിൽ നിന്ന് ഇരുവരും ഉപയോഗിച്ച തുക തിരികെ അടയ്ക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജപദവികളൊഴിഞ്ഞ് കാനഡയിലേക്ക് കുടിയേറുകയാണെന്ന് ഹാരിയും മേഗനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങൾപ്രകാരം രാജകുടുംബാംഗങ്ങൾ ശമ്പളമുള്ള ജോലി ചെയ്യാൻ പാടില്ല. രാജ്ഞി അനുവദിക്കുന്ന ഗ്രാന്റ് മാത്രമാണ് ആശ്രയം. എന്നാൽ പദവികൾ ഉപേക്ഷിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യവും മെച്ചപ്പെട്ട സ്വകാര്യ ജീവിതവും തങ്ങൾക്കു ലഭിക്കുമെന്നും ഇരുവരും കരുതുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഹാരിയെ വിവാഹം ചെയ്യുന്നതിൽനിന്ന് ബ്രിട്ടിഷ് സുഹൃത്തുക്കൾ തന്നെ വിലക്കിയിരുന്നതായി മേഗൻ തുറന്നു പറഞ്ഞിരുന്നു. ഹാരിയെ വിവാഹം ചെയ്താൽ ബ്രിട്ടിഷ് ടാബ്ലോയിഡുകൾ ജീവിതം തകർക്കുമെന്ന സുഹൃത്തുക്കളുടെ ഉപദേശം മേഗന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയായെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

English Summary : Harry and Meghan: No other option but to step back, says duke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com