ADVERTISEMENT

വാഷിങ്ടൻ ∙ ആരോപണങ്ങളെ തള്ളി ഇസ്രയേൽ – പലസ്തീൻ സമാധാന പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട്. യുഎസ് പ്രസിഡന്റിന്റേത് ഇസ്രയേൽ അനുകൂല നിലപാടാണെന്ന് പലസ്തീൻ ശക്തമായ വിമർശനമുയർത്തുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലായിരിക്കും ട്രംപ് പദ്ധതി പ്രഖ്യാപിക്കുക.

നടക്കുന്ന കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെയാണു കാണുന്നതെന്ന് ട്രംപ് പ്രതികരിച്ചു. സെനറ്റിന്റെ ഇംപീച്ച്മെന്റ് നടപടികൾ നിർണായക ഘട്ടത്തിലെത്തി നിൽക്കവെയാണ് ട്രംപിന്റെ നീക്കം. അറബ് രാജ്യങ്ങളും പലസ്തീനിൽനിന്നുള്ളവരും വരെ തന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായാണു ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നു നെതന്യാഹു പ്രതികരിച്ചു. ‘നൂറ്റാണ്ടിലെ കരാർ’ എന്നാണു പദ്ധതിയെ നെതന്യാഹു വിശേഷിപ്പിച്ചത്.

അതേസമയം, വൈറ്റ് ഹൗസിൽ നടക്കുന്ന പരിപാടിയിലേക്കു പലസ്തീനിൽനിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നറുടെ മേൽനോട്ടത്തിൽ നടന്ന പദ്ധതിയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ലെന്നാണു പലസ്തീന്‍ നേതാക്കളുടെ വാദം. യുഎസ് നീക്കത്തെ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തായെ നേരത്തേ തള്ളിയിട്ടുണ്ട്. രാജ്യാന്തര ശക്തികൾ യുഎസ് നീക്കത്തെ ബഹിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിനെ ഇംപീച്ച്മെന്റിൽനിന്നും നെതന്യാഹുവിനെ ജയിൽ വാസത്തിൽനിന്നും രക്ഷിക്കാനുള്ള തീരുമാനമാണിത്. മധ്യപൂർവ ദേശത്തെ സമാധാന ഉടമ്പടിയല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും പലസ്തീൻ ആരോപിച്ചു.

English Summary: Trump ignores critics, to unveil Israel-Palestinian peace plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com