ADVERTISEMENT

ധനമന്ത്രിക്കസേരയിലെ ആൺകോയ്മ ചുമന്ന പതിവ് സ്യൂട്ട്കെയ്സിന്റെ ഭാരമില്ലാതെയാണ് കഴിഞ്ഞതവണ ധനമന്ത്രി നിർമല സീതാരാമൻ തന്റെ കന്നി ബജറ്റ് അവതരണത്തിന് എത്തിയത്. ഇത്തവണയും പട്ടിന്റെ പൊലിമയിൽതന്നെയാകും ബജറ്റ് രേഖകള്‍ പാർലമെന്റിൽ എത്തുകയെന്നു കരുതാം. ചുവന്ന പട്ടിൽ പൊതിഞ്ഞു കൊണ്ടുവരുന്ന സാമ്പത്തിക ശാസ്ത്രം ഇന്ത്യയുടെ വളർച്ചയ്ക്കും യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കാനും ഉപകരിക്കുന്നതാകുമോ എന്നതാണ് പ്രധാനം. 

അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ലോക വാണിജ്യത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാകാൻ അധിക താമസമില്ല എന്ന പ്രതീക്ഷ കത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ വളർച്ച 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2012–13ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. ഇന്ത്യയുടെ വളർച്ചനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഐഎംഎഫ് അടുത്തിടെ വെട്ടിക്കുറച്ചു. 2019–20ൽ ഇന്ത്യ 5.8% വളർച്ച മാത്രമേ നേടൂ എന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.

കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈന ഈ കാലയളവിൽ 6% വളർച്ച നേടുമെന്നാണ് പ്രവചനം. തീർന്നില്ല, ഈ കാലയളവിൽ ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെക്കാൾ വളർച്ച നേടി. വളർച്ചയിൽ മലേഷ്യ ഇന്ത്യയ്ക്ക് തൊട്ടടുത്തുണ്ട്. വിയറ്റ്നാമിന്റെ വളർച്ചനിരക്ക് 7.3 ശതമാനവും. ഈ അവസ്ഥയിൽനിന്നു കരകയറ്റാനുള്ള സൂത്രങ്ങൾ ധനമന്ത്രി പട്ടിൽ പൊതിഞ്ഞുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. 

വ്യക്തിഗത ആദായനികുതിയിലെ ഇളവ് കഴിഞ്ഞ ബജറ്റുകളിലെല്ലാം പ്രതീക്ഷിച്ചതാണ്. ഇത്തവണയും വിപണി പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ആദായനികുതി ഇളവുവഴി കിട്ടുന്ന അധിക വരുമാനം ജനം  ചെലവഴിക്കുന്നതുവഴി വിപണി ചലനാത്മകമാകും എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കോർപറേറ്റ് നികുതിയിൽ ഇളവു നൽകിയപ്പോഴും ഇതുതന്നെയായിരുന്നു വാദം.

സർക്കാരിന്റെ വരുമാനം കുറയുകയും വിപണിയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാതിരിക്കുകയും ചെയ്താലോ? സർക്കാരിന്റെ പണപ്പെട്ടി നിലവിൽ അത്ര ഭദ്രമല്ല. റിസർവ് ബാങ്കിന്റെ പണപ്പെട്ടിയിലെ കരുതൽ ധനത്തിലേക്ക് കണ്ണെറിഞ്ഞുകൊണ്ടു മാത്രം പദ്ധതികൾ പ്രഖ്യാപിക്കാനാകില്ല. സർക്കാരിന്റെ നികുതി വരുമാനം അത്ര മെച്ചമല്ല. പ്രത്യക്ഷ നികുതി പിരിവിലെ വളർച്ച ആദ്യമായി പൂജ്യത്തിലും താഴേക്ക് പോയിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ വരുമാനത്തിന്റെ ഉള്ള സ്രോതസ്സുകൾകൂടി അടയ്ക്കാൻ ധനമന്ത്രി തയാറാകുമോ? ചില ചില്ലറ ഇളവുകൾ കിട്ടിക്കൂടെന്നുമില്ല. 

കാർഷിക മേഖലയിലും ഇൻഫ്രാസ്ട്രക്ചർ മേഖലയിലുമാകും പ്രഖ്യാപനങ്ങളിൽ അധികവും എന്നു കരുതാം. കർഷകർക്ക് 4 മാസം കൂടുമ്പോൾ 2,000 രൂപ, ആരോഗ്യ– പെൻഷൻ സ്കീമുകൾ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാ പദ്ധതികൾ സർക്കാർ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത്രയും തുക കേന്ദ്ര, സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയും ചേർന്ന് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ചെലവഴിക്കുമെന്നാണ് ധനമന്ത്രി അന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്തുണയേകുന്ന പ്രഖ്യാപനങ്ങളാകും അവർ ബജറ്റ് പേപ്പറുകളിൽ കരുതുക. 

ധനതത്വശാസ്ത്രത്തിൽ ജെഎൻയുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ധനമന്ത്രിക്ക് പഠിച്ച ധനശാസ്ത്ര തത്വങ്ങളൊന്നും മതിയാകില്ല ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വീണ്ടും വളർച്ചയുടെ പാതയിലേക്ക് തിരികെയെത്തിക്കാൻ. ലണ്ടനിലെ ഹാബിറ്റാറ്റ് എന്ന സ്ഥാപനത്തിന്റെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു പരിചയമുള്ള നിർമല ഇന്ത്യയിലെ ജനങ്ങളെ വിപണിയിലേക്ക് തിരികെ എത്തിക്കാനുള്ള ചില്ലറ പൊടിക്കൈകളെങ്കിലും പുറത്തെടുക്കാതിരിക്കില്ല. ധനമന്ത്രിയെന്ന നിലയിൽ സ്വന്തം വീട്ടിൽനിന്നുപോലും വിമർശനം കേൾക്കേണ്ടിവന്നു നിർമലയ്ക്ക്.

ജെഎൻയുവിലെ അതിക്രമങ്ങളെ അപലപിച്ച നിർമലയോട് അൽപം അനിഷ്ടം പ്രധാനമന്ത്രിക്കും ഉള്ളതായാണ് സംസാരം. ബജറ്റ് ചർച്ചകൾപോലും ധനമന്ത്രിയുടെ അഭാവത്തിൽ നടന്നത് വാർത്തയായിരുന്നു. വിഷമകാലത്ത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുകാണിക്കുന്നവരാണ് മിടുക്കർ. ധനമന്ത്രി പട്ടിൽ പൊതിഞ്ഞുകൊണ്ടുവരുന്ന കണക്കുകൾ രാജ്യത്തിന് വികസനത്തിന്റെ പരവതാനി വിരിക്കുന്നതാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് രാജ്യം.  

English summary: Union budget expectations from Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com