ADVERTISEMENT

ന്യൂഡൽഹി∙ ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രപതിയുടെ പരാമർശത്തിനെതിരെ സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്.

പ്രതിഷേധങ്ങളുടെ പേരിൽ നടക്കുന്ന സംഘർഷങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തും. വാഗ്വാദങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ഈ സർക്കാർ വിശ്വസിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചരിത്രപരമാണ്. ഇതിലൂടെ കശ്മീരിലെ പട്ടിക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ കഴിഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം അതിവേഗം നടക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം വനിതകൾക്ക് നീതി ഉറപ്പാക്കി. അയോധ്യ വിധി സംയമനത്തോടെ കൈകാര്യം ചെയ്തത് ഉദാത്ത മാതൃകയാണ്. എതിർപ്പുകളും വിയോജിപ്പുകളും സംയമനത്തോടെ നേരിട്ട് മുന്നോട്ട് പോകും. പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് ജനം വോട്ടു ചെയ്തത്. വികസന പ്രവർത്തനങ്ങളിൽ വിവേചനം ഉണ്ടായിട്ടില്ല. സ്ത്രീ ശാക്തീകരണമാണ് ഈ സർക്കാരിന്റെ മുഖ്യ അജണ്ട. ആയിരത്തോളം ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിച്ചു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ലോകത്തിനു തന്നെ മാതൃകയാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സംരംഭക സൗഹൃദ അന്തരീക്ഷം ഇന്ത്യയിലാണ്.

രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണപക്ഷ അംഗങ്ങൾ ഡസ്കിൽ കൈയടിച്ച് സ്വീകരിച്ചപ്പോൾ സഭയിലെ മുൻനിര ഇരിപ്പിടങ്ങൾ ഒഴിവാക്കി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ പിൻനിരയിലാണ് ഇരിക്കുന്നത്. വസ്ത്രത്തിൽ കറുത്ത റിബൺ കെട്ടിയാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേൾക്കാനെത്തിയത്. പ്രസംഗം ബഹിഷ്കരിക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്രസംഗം തടസ്സപ്പെടുത്തുകയോ ബഹളം വയ്ക്കുകയോ ചെയ്യരുതെന്നു സോണിയ നിർദേശിച്ചിരുന്നു.

English Summary: President's Address, Rashtrapati Ram Nath Kovind Addressing Parliament Budget Session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com