ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കുള്ള സ്പെഷൽ പ്രോട്ടക്ഷൻ ഗ്രൂപ്പി(എസ്പിജി)ന് 540–600 കോടി രൂപ കേന്ദ്ര  ബജറ്റിൽ നീക്കിയിരിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ച ബജറ്റിൽ 420 മുതൽ 540 കോടി രൂപ വരെയാണ് എസ്പിജിക്കു വേണ്ടി  അനുവദിച്ചിരുന്നത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമാണ് 3000 അംഗങ്ങളുള്ള എസ്പിജിയുടെ സുരക്ഷ ലഭിക്കുന്നത്. 

കഴി‍ഞ്ഞ നവംബറിലാണ് നെഹ്റു–ഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് നൽകിയിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചത്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിട്ട നെഹ്റു– ഗാന്ധി കുടുംബത്തിന് 28 വർഷം നീണ്ട കാവലാണു ഇതോടെ നഷ്ടമായത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ 1991 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ പത്നി സോണിയയ്ക്കും മക്കൾക്കും എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്. ഇവർ നിരന്തരമായി സുരക്ഷാ വീഴ്ചകൾ വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു പിൻവലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ കഴിഞ്ഞ ഓഗസ്റ്റിൽ എസ്പിജിയിൽ നിന്ന് സെഡ് പ്ലസ് സുരക്ഷാ പട്ടികയിലേക്കു മാറ്റിയിരുന്നു. മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി.ദേവെഗൗഡ, വി.പി.സിങ് എന്നിവരെയും എസ്പിജി സുരക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

വിവിഐപികൾക്ക് സുരക്ഷ ഒരുക്കാൻ വിദേശത്തുനിന്നുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി. അർധ സുരക്ഷാസേനകളായ സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നിവയിൽ നിന്നുള്ളവരെയാണ് എസ്പിജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. നിലവിൽ 3000 അംഗങ്ങളാണ് ഉള്ളത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്ന് 1985 ലാണ് എസ്പിജി നിലവിൽ വന്നത്. സേനയുടെ പ്രവർത്തന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ നിയമം 1988 ൽ പാസാക്കി. 1989 ൽ അധികാരത്തിലേറിയ വി.പി.സിങ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചു.1991ൽ രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ മുൻ പ്രധാനമന്ത്രിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്കു സുരക്ഷ നൽകാനുള്ള വ്യവസ്ഥയുൾപ്പെടുത്തി എസ്പിജി നിയമം ഭേദഗതി ചെയ്തു.

എന്നാൽ, എ.ബി.വാജ്പേയി സർക്കാർ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ചു. മുൻ പ്രധാനമന്ത്രിമാർക്കുള്ള എസ്പിജി സുരക്ഷാ കാലാവധി പത്തിൽ നിന്ന് ഒരു വർഷമാക്കാനും പിന്നീട് ആവശ്യമെങ്കിൽ ഓരോ വർഷവും പുതുക്കാനും തീരുമാനിച്ചു. 2018 ഓഗസ്റ്റിൽ മരിക്കുന്നതു വരെ വാജ്പേയിക്ക് എസ്പിജി സുരക്ഷയുണ്ടായിരുന്നു.

കഴിഞ്ഞ വർഷം എസ്പിജി നിയമം പരിഷ്കരിച്ചതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് മാത്രമായി സുരക്ഷ ചുരുങ്ങിയത്. പ്രധാനമന്ത്രി ,മുൻ പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഓഫിസ് വിട്ട് അഞ്ചു വർഷം വരെയാണ് എസ്പിജി സുരക്ഷ എന്നാണ് നിയമത്തിൽ പറയുന്നത്. 

English Summary : SPG Protection For PM Modi Now Has A Budget Of Nearly Rs 600 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com