ADVERTISEMENT

കൊച്ചി ∙ റെയിൽവേ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിനു കൂടുതൽ ഊന്നൽ നൽകുമെന്നാണു ബജറ്റ് വ്യക്തമാക്കുന്നത്. 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകളോടിക്കാനുളള പദ്ധതിയുമായി മുന്നോട്ടു പോകുന്ന റെയിൽവേ അതിന്റെ കരാർ നടപടികളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ബജറ്റിലും അത് സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുന്നത്.

7 ക്ലസ്റ്ററുകളായി  തിരിച്ചിരിക്കുന്ന റൂട്ടുകളിൽ ആദ്യഘട്ടത്തിൽ കേരളത്തിൽനിന്ന് ഏറ്റവും തിരക്കുളള തിരുവനന്തപുരം – ഗുവാഹത്തി മാത്രമാണുളളത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കനത്ത തിരക്കും വർഷം മുഴുവൻ ലാഭകരമാകും എന്നതുമാണ് ഈ റൂട്ടിൽ സ്വകാര്യ ട്രെയിനിനു വഴി തുറക്കുന്നത്. ആഴ്ചയിൽ 3 ദിവസമുളള കൊച്ചുവേളി– ഗുവാഹത്തി ട്രെയിനാണ് ഈ റൂട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്.  ഇതിനു പുറമേ ഹ്രസ്വദൂര റൂട്ടുകളിൽ തിരുവനന്തപുരം – എറണാകുളം നേരത്തെ ഇടംപിടിച്ചിരുന്നു.

2022-23 കാലയളവിൽ സ്വകാര്യ ട്രെയിനുകൾ സർവീസ് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം– ബെംഗളൂരു, എറണാകുളം– മുംബൈ (കൊങ്കൺ വഴി), ചെന്നൈ– മംഗളൂരു റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾക്കു സാധ്യതയുണ്ടെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 

റെയിൽവേ ഇപ്പോൾ 13,000 ട്രെയിനുകളാണു രാജ്യത്ത് ഒാടിക്കുന്നത്. യാത്രക്കാരുടെ തിരക്കു കുറയ്ക്കണമെങ്കിൽ  20,000 ട്രെയിനുകൾ കൂടി ആവശ്യമുണ്ടെന്നാണു െറയിൽവേ ബോർഡ് കണക്കാക്കിയിരിക്കുന്നത്. 150 സ്വകാര്യ ട്രെയിനുകൾ വഴി 22,500 കോടി രൂപയുടെ നിക്ഷേപമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് ഇറക്കുമതി ചെയ്യുകയോ ലീസിനെടുക്കുകയോ ചെയ്യാം. അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേ ഒരുക്കും. റെയിൽവേയുമായി വരുമാനം പങ്കിടുന്ന രീതിയിലാകും സ്വകാര്യ ട്രെയിൻ സർവീസ്. നിരക്കുകൾ നിയന്ത്രിക്കാൻ റെഗുലേറ്ററി സംവിധാനവും കൊണ്ടു വരും. യാത്രക്കാർക്കു മികച്ച സൗകര്യങ്ങളും കൃത്യ സമയം പാലിക്കുന്ന സർവീസുകളും ലഭിക്കും. 

ആധുനിക ട്രെയിനുകൾ കേരളത്തിനു ഗുണം

പ്രമുഖ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു തേജസ് എക്സ്പ്രസ് പോലെയുളള ആധുനിക ട്രെയിനുകൾ ഒാടിക്കാനുളള തീരുമാനം കേരളത്തിനു ഗുണം ചെയ്യും. എസി ചെയർ കോച്ചുകളുളള തേജസ് ട്രെയിനുകൾ നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്നില്ല. ശതാബ്ദി എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട ഇന്റീരിയറും എൽസിഡി സ്ക്രീനുകളുമുളള തേജസ് എക്സ്പ്രസ് വേഗം കൂടിയ റൂട്ടുകളിലാണ് ഇതുവരെ ഒാടിച്ചിരുന്നത്. കേരളത്തിൽ ഷൊർണൂർ– എറണാകുളം സെക്‌ഷനിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മാത്രമാണ്. മംഗളുരു–ഷൊർണൂർ പാതയിൽ മാത്രമാണു വേഗം 110 കിലോമീറ്ററുളളത്. ഇതു മൂലം തേജസ് എക്സ്പ്രസ് കേരളത്തിലേക്ക് ഒാടിക്കാൻ റെയിൽവേ തയാറായിരുന്നില്ല.

കന്യാകുമാരിയിൽനിന്നു ഗോവയിലെ വാസ്കോ വരെ പ്രതിദിന ടൂറിസ്റ്റ് ട്രെയിൻ വേണമെന്ന ആവശ്യത്തിനു ഏറെ പഴക്കമുണ്ട്. കന്യാകുമാരി– വാസ്കോ സർവീസ് ആരംഭിച്ചാൽ തിരുവനന്തപുരം (ശ്രീപത്‌മനാഭസ്വാമി ക്ഷേത്രം, കോവളം), വർക്കല (ശിവഗിരി), ചെങ്ങന്നൂർ (ശബരിമല, പരുമല), കോട്ടയം (ശബരിമല), അങ്കമാലി (കാലടി), തൃശൂർ (ഗുരുവായൂർ), ബൈന്ദൂർ (മുംകാംബിക)  എന്നിങ്ങനെ തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ട്രെയിനോടിക്കാൻ കഴിയും. കൂടാതെ കേരളത്തിൽ നിന്നു മധുര, തിരുപ്പതി ടൂറിസ്റ്റ് ട്രെയിനുകൾക്കു ഡിമാൻഡുണ്ട്. മംഗളൂരു–മധുര തേജസിനും സാധ്യതയുണ്ട്. 

പാത വൈദ്യുതീകരണം 2024ൽ പൂർത്തിയാക്കുമെന്നാണു മറ്റൊരു പ്രഖ്യാപനം. ഷൊർണൂർ– നിലമ്പൂർ, പാലക്കാട്– പൊള്ളാച്ചി പാതകൾ വൈദ്യുതീകരിക്കാൻ കഴി‍ഞ്ഞ മാസം കരാർ നൽകിയിരുന്നു. കൊല്ലം– ചെങ്കോട്ട പാത വൈദ്യുതീകരണത്തിന് കരാർ ക്ഷണിക്കാനുണ്ട്. കേരളത്തിലെ റെയിൽവേ പാത വൈദ്യുതീകരണം 100 ശതമാനം  പൂർത്തിയാകണമെങ്കിൽ എറണാകുളം–കൊച്ചിൻ ഹാർബർ ടെർമിനസ് (6 കിലോമീറ്റർ) പാത കൂടി വൈദ്യുതീകരിക്കേണ്ടതുണ്ട്. നാവിക സേനയുടെ എതിർപ്പു മൂലം പാത വൈദ്യുതീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ ബദൽ സാധ്യതകൾ തേടിയില്ലെങ്കിൽ വൈദ്യുതീകരിക്കാത്ത ഏക സെക്‌ഷനായി ഇത് അവശേഷിക്കും. കേരളത്തിലെ മറ്റു റെയിൽവേ പദ്ധതികൾ സംബന്ധിച്ചു വിവരങ്ങളുളള ബജറ്റ് രേഖ (പിങ്ക് ബുക്ക്) റെയിൽവേ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല.

English Summary : Nirmala Sitharaman, Union Budget 2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Railway budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com