ADVERTISEMENT

ബെംഗളൂരു ∙ കാത്തിരിപ്പിനും സസ്പെൻസുകൾക്കും ഒടുവിൽ കർണാടക മന്ത്രിസഭാവികസനം 6ന്. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ 13 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി മുതിർന്ന നേതാക്കളായ ഉമേഷ് കട്ടി, അരവിന്ദ് ലിംബാവലി, സി.പി.യോഗേശ്വർ എന്നിവർക്കു പുറമേ കോൺഗ്രസിൽ നിന്നും ദളിൽ നിന്നും കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 വിമത എംഎൽഎമാരിൽ 10 പേർക്കും മന്ത്രിസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു.

കഴിഞ്ഞ 31ന് കേന്ദ്ര ബിജെപി നേതൃത്വത്തിൽ നിന്നു അനുമതി ലഭിച്ചതിനെ തുടർന്നാണ് രണ്ടാംഘട്ട മന്ത്രിസഭാ വികസനം സാധ്യമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽ ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിയോടു ബിജെപി ടിക്കറ്റിൽ മത്സരിച്ചു തോറ്റയാളാണ് സി.പി യോഗേശ്വർ. ഇദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെതിരെ പാർട്ടിയിൽ മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ നിലവിലുള്ള 18 മന്ത്രിമാർക്കു പുറമേ പുതുതായി 13 പേരെ കൂടി പരിഗണിച്ചാൽ മന്ത്രിസഭയുടെ അംഗബലം 31 ആകും. 34 പേരെയാണ് പരമാവധി ഉൾക്കൊള്ളിക്കാനാകുക. മന്ത്രിസ്ഥാന മോഹികൾക്കിടയിലെ പൊട്ടിത്തെറികൾ ഒഴിവാക്കാൻ 3 ബർത്തുകൾ ഒഴിച്ചിടും.

കുമത്തല്ലിക്ക് അവസരമില്ല

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കൂറുമാറ്റക്കാർക്കിടയിൽ നിന്ന് ബെളഗാവി അത്താണിയിൽ നിന്നുള്ള ബിജെപി എംഎൽഎ മഹേഷ് കുമത്തല്ലിയെയാകും ഒഴിവാക്കുക. അതേസമയം,  കുമത്തല്ലിയേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രമേഷ് ജാർക്കിഹോളി രംഗത്തുണ്ട്. പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ തനിക്ക് മന്ത്രിസ്ഥാനം ഉറപ്പുനൽകിയിരുന്നതാണെന്ന് കുമത്തല്ലി പ്രതികരിച്ചു. ഇദ്ദേഹത്തെ കാബിനറ്റ് പദവിയുള്ള മറ്റേതെങ്കിലും സ്ഥാനം നൽകാനാണു സാധ്യത.

കൂറുമാറ്റക്കാരിൽ 9 പേരെ മാത്രമേ ഉൾപ്പെടുത്തൂ എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഇവർക്കിടയിലെ സമ്മർദം ഏറിയതിനാലാണ് പരമാവധി 10 പേർക്ക് അവസരം നൽകുന്നത്. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എ.എച്ച്.വിശ്വനാഥ്, എം.ടി.ബി.നാഗരാജ്, മത്സരിക്കാൻ അവസരം ലഭിക്കാതിരുന്ന ആർ.ശങ്കർ എന്നിവർക്കും കാതലായ സ്ഥാനങ്ങൾ നൽകി അനുനയിപ്പിച്ചേക്കും.

ബെളഗാവിക്ക് 5 മന്ത്രിമാർ

മന്ത്രിസഭാ വികസനം സാധ്യമാകുന്നതോടെ നിലവിൽ 2 മന്ത്രിമാരുള്ള ബെളഗാവിയുടെ മന്ത്രിബലം 5 ആയി ഉയരും. നിലവിലെ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയും വനിതാ ശിശുക്ഷേമ മന്ത്രി ശശികലാ ജ്വല്ലെയ്ക്കും പുറമേ 8 തവണ എംഎൽഎയായ ഉമേഷ് കട്ടി (ഹുക്കേരി), കൂറുമാറ്റക്കാർക്കിടയിലെ രമേഷ് ജാർക്കിഹോളി (ഗോഖക്) ശ്രീമന്ത് പാട്ടീൽ (കഗ്‍വാഡ്) എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.

ഇവർക്കു പുറമേ മഹേഷ് കുമത്തല്ലിയെ കൂടി പരിഗണിച്ചാൽ ബെളഗാവിയെ മന്ത്രിസഭയിൽ പ്രതിനീധികരിക്കുന്നവരുടെ എണ്ണം ആറായി ഉയരും. ഇത് ഒഴിവാക്കാനാണ് കുമത്തല്ലിയെ മാറ്റിനിർത്തുന്നത്. പ്രാദേശിക പ്രാതിനിധ്യത്തിന് പുറമേ ജാതി സമവാക്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ 8 ലിംഗായത്തുകൾ, 3 വൊക്കലിഗർ, 3 പട്ടിക ജാതിക്കാർ, 2 ഒബിസി, 1 പട്ടിക വർഗ, 1 ബ്രാഹ്മണ പ്രാതിനിധ്യമാണ് നിലവിലുള്ളത്.

English Summary: Karnataka cabinet expansion on February 6: Yediyurappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com