ADVERTISEMENT

കൊച്ചി ∙ ഇന്ത്യയുടെ ജിഡിപി 10% നിരക്കിൽ വളർച്ച കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് നിർമല സീതാരാമൻ ബജറ്റവതരണം അവസാനിപ്പിച്ചത്. ധനക്കമ്മി ജിഡിപിയുടെ 3.8% ആയി ഉയർന്നേക്കുമെന്നത് പ്രശ്‌നം തന്നെയാണ്. എന്നാൽ സിഎജിയുടെ റിപ്പോർട്ടിൽ ഡിസംബർവരെയുള്ള കണക്ക് പ്രകാരം ബജറ്റ് കമ്മി ബജറ്റ് അനുമാനത്തിന്റെ 132.4% കടന്നു കഴിഞ്ഞു. അതായത് സർക്കാരിന്റെ ബജറ്റ് ലക്ഷ്യം 3.3% അഥവാ 7,03,760 കോടി രൂപ ആയിരിക്കെ ബജറ്റ് കമ്മി ഡിസംബർ 31ന് തന്നെ 9,31,725 കോടി രൂപയുടേതായി വളർന്നത് വിപണി ഒട്ടും ആശ്വാസത്തോടെയല്ല കാണുന്നത്. ബജറ്റിനു പിന്നാലെ വിപണിയിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

2018-19ൽ ഇതേ കാലയളവിലെ ബജറ്റ് കമ്മി, ബജറ്റ് എസ്റ്റിമേറ്റിന്റെ 112.4% മാത്രമായിരുന്നു. നികുതിപിരിവ് ലക്ഷ്യപ്രാപ്തി കൈവരിക്കാത്തതും ധനാഗമനത്തിന് ബോണ്ടുകൾക്കും ആസ്തി വിൽപനയ്ക്കും പുറമെ മറ്റു മാർഗങ്ങളൊന്നും പ്രതിപാദിക്കാതിരുന്നതും വിപണിയുടെ ആശങ്കയേറ്റുന്നു. കോർപറേറ്റ് നികുതിയടക്കമുള്ള ഇളവുകൾ നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടിയാണ് ചെയ്‌തതെങ്കിലും ജിഎസ്ടിയിൽ ക്രമമായ വർധനവുണ്ടാകാത്തതും പ്രശ്നമായി മാറി. ഒക്ടോബറിൽ 95,000 കോടിയായിരുന്ന ജിഎസ്ടി കലക്ഷൻ. നവംബറിലും ഡിസംബറിലും 1,03,000 കോടി രൂപ വീതമായി ഉയർന്നു. ജനുവരിയിലിത് 1.1 ലക്ഷം കോടി രൂപയിലേക്കുയർന്നത് നേരിയ പ്രതീക്ഷയാണ്.

വികസനം

പുതിയ തുറമുഖങ്ങളും 100 വിമാനത്താവളങ്ങളും ഡേറ്റാ പാർക്കും അഗ്രോ റെയിൽവേയും നൂതനമായ വെയർഹൗസിങ് സംവിധാനങ്ങളുടെ പ്രഖ്യാപനവും ക്വാണ്ടം അനലിറ്റിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലും മുതൽ മുടക്കുന്നതും തെർമൽ പവർ പ്ലാന്റുകൾ ഒഴിവാക്കുന്നതും പുത്തൻ ഇറിഗേഷൻ പദ്ധതികളുമെല്ലാം ബജറ്റിനെ ഭാവിയുടെ ബജറ്റ് എന്ന വിളിപ്പേരിന് യോഗ്യമാക്കുന്നുണ്ട്.

ചൈന 25 കൊല്ലം മുമ്പ് വിഭാവനം ചെയ്തതാണ് ഇന്ത്യ ഈ ബജറ്റിലൂടെ വിഭാവനം ചെയ്യാൻ ശ്രമിക്കുന്നത്. ചൈനയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി സ്വന്തം ബ്രാൻഡ് നെയിം അടിച്ചു വിൽക്കുന്ന ഇന്ത്യൻ ഇലക്ട്രോണിക്, ഫർണിച്ചർ കമ്പനികൾ ഇനി ഇന്ത്യയിൽ ഉൽപാദിപ്പിക്കേണ്ടി വരും. മൊബൈലും, കംപ്യൂട്ടറുകളും ടിവിയും ഫ്രിഡ്ജുമെല്ലാം തദ്ദേശീയമായി നിർമിക്കുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയെ ത്വരിതപ്പെടുത്തുകയും പണം പുറത്തേയ്ക്കൊഴുകുന്നത് തടയുകയും ചെയ്യും.

മെഡിക്കൽ, നെറ്റ് വർക്കിങ്, ടെക്സ്റ്റൈൽ ഉപകരണങ്ങളുടെയും കൂടി ഉൽപാദനവും തദ്ദേശീയമായി പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമാവും. ആന്റി ഡംപിങ് ഡ്യൂട്ടിയെക്കുറിച്ചുള്ള ശക്തമായ പ്രതിപാദനങ്ങളും ഇന്ത്യൻ ബ്രാൻഡുകൾക്ക് അനുകൂലമാണ്. ബാറ്റ, ടയർ ഓഹരികൾ, ഇലക്ട്രോണിക്സ് നിർമാതാക്കൾ എന്നിവർക്ക് ഗുണകരമാണ്.

വിറ്റഴിക്കൽ നയം

എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് വിപണിയുടെ ശോഭ വർധിപ്പിക്കും. സൗദി അറേബ്യ ആരാംകോ ലിസ്റ്റ് ചെയ്‌തത്‌ ഇവിടെ ഓർക്കാം. ഐഡിബിഐ ബാങ്കിന്റെ 51% ഓഹരികളും എൽഐസിയുടെ കൈകളിലായിരിക്കെയാണ് സർക്കാർ, ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികൾ കൂടി വിൽക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയിൽപരം ഇത്തവണ ഓഹരി വിൽപനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. 2.83 ലക്ഷം കോടി രൂപ കാർഷിക ജലസേചന മേഖലകൾക്കായി മാറ്റിവച്ചിരിക്കുന്നു. ഇറിഗേഷൻ ഓഹരികൾക്ക് ഇതു ഗുണകരമാണ്.

നിർമാണ മേഖല

തുറമുഖങ്ങൾ, 100 വിമാനത്താവളങ്ങൾ, ഡൽഹി - മുംബൈ എക്സ്പ്രസ് വേ , ചെന്നൈ - ബെംഗളൂരു എക്സ്പ്രസ ഹൈവേ, 6000 കിലോമീറ്റർ ദേശീയപാത നിർമാണം, ഗതാഗത വികസനത്തിനായി അനുവദിച്ച 1.1 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനങ്ങൾ മുതലായവ വരും കാലങ്ങളിൽ നിർമാണ മേഖലക്ക് മുന്നേറ്റം നൽകും. ഇൻഫ്രാ ഓഹരികളും സ്റ്റീൽ, സിമന്റ് ഓഹരികളിലും ഇനിയും പ്രതീക്ഷ വയ്ക്കാം. എൽ ആൻഡ് ടി, ദിലീപ് ബിൽഡ്‌കോൺ, ജെ.കുമാർ ഇൻഫ്രാ, പിഎൻസി ഇൻഫ്രാ, എസിസി, അൾട്രാ ടെക് സിമന്റ്, ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ ഓരോ ഇറക്കങ്ങളിലും പരിഗണിക്കാം.

ഭാരത് നെറ്റ് വർക്കിനായി 6000 കോടി രൂപ അനുവദിച്ചത് കേബിൾ നിർമ്മാതാക്കൾക്ക് ഗുണകരമായേക്കും. ഡേറ്റാ പാർക്കുകൾ രാജ്യവ്യാപകമായി സ്ഥാപിക്കുന്നത് ഈ മേഖലയിൽ പ്രഖ്യാപനങ്ങൾ നടത്തിക്കഴിഞ്ഞ അദാനിക്കും ഡേറ്റ കൈകാര്യത്തിൽ മേൽക്കൈയുള്ള റിലയൻസിനും ഗുണകരമാവും. ഐടി ഓഹരികളും നേട്ടം പ്രതീക്ഷിക്കുന്നു. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹിന്ദ്ര, എച്ച്സിഎൽ ടെക് മുതലായ ഓഹരികൾ പരിഗണിക്കുക.

ജില്ലാ കേന്ദ്രങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജുകളും മറ്റും വരുന്നത് ഹോസ്പിറ്റൽ കമ്പനികൾക്ക് പുതിയ അവസരമൊരുക്കും. അപ്പോളോ ഹോസ്പിറ്റൽ, ഡിഎം ആസ്റ്റർ എന്നിവ പരിഗണിക്കാം. ടെക്സ്റ്റൈൽ മിഷന് 1450 കോടി രൂപയാണ് വകയിരുത്തിയത്. കൂടാതെ നൂതന ടെക്സ്റ്റൈൽ ഉപകരണ നിർമാണ പ്രോത്സാഹന പരിപാടികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓഹരികൾക്ക് മുന്നേറ്റം നൽകിയേക്കും.

ബാങ്കിങ്

പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുകയും 3.5 ലക്ഷം കോടി രൂപ മൂലധന വികസിനത്തിനായി നൽകുകയും ചെയ്തത് ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. ഇനിയും പണം ആവശ്യമുള്ള പൊതുമേഖല ബാങ്കുകൾക്ക് ഓഹരി വിൽപനയിലൂടെ പണം കണ്ടെത്താനുള്ള അനുവാദം ലഭ്യമാകുന്നത് വിപണിക്ക് ഗുണകരമാണ്. പൊതുമേഖലാ ബാങ്കുകളുടെ ബുക്കുകൾ ഏറെക്കുറെ ക്ലിയറാണ് എന്നത് അനുകൂല ഘടകമാണ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ ദീർഘ കാല നിക്ഷേപത്തിന് അടുത്ത ഇറക്കത്തിൽ പരിഗണിക്കുക.

15 ലക്ഷം കോടി രൂപയുടെ കൃഷി വായ്പകൾ എൻബിഎഫ്സികളിലൂടെ വിതരണം ചെയ്യപ്പെടുമെന്ന പ്രഖ്യാപനം സെക്ടറിന് ഗുണകരമാവും. കിട്ടാക്കടം പിരിക്കുന്നതിന് പുതിയ സാധ്യതകൾ വരുന്നത് എൻബിഎഫ്സികളുടെ പ്രകടനം മെച്ചപ്പെടുത്തും. ഭാഗികമായ ക്രെഡിറ്റ് ഗ്യാരൻഡി സ്‌കീമുകൾ വരുന്നതും സെക്ടറിന് ഗുണകരമാണ്. ബിർള ക്യാപിറ്റൽ, എച്ച്ഡിഎഫ്സി മുതലായവ പരിഗണിക്കുക.

പെട്ടെന്ന് കേടാവുന്ന ഭക്ഷ്യ വസ്തുക്കളുടെ ശേഖരണാർത്ഥം അതിനൂതന വെയർഹൗസിങ് സംവിധാനങ്ങൾ ഒരുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം അഗ്രോ ഓഹരികൾക്ക് അവസരമാണ്. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം രൂപീകരണം, വിവര സമാഹരണം മുതലായ പ്രഖ്യാപനങ്ങളും ഐടി മേഖലക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. പുതിയ ക്വാണ്ടം ടെക്നോളജി പരീക്ഷണങ്ങൾക്കും പ്രോത്സാഹനങ്ങൾക്കുമായി 8000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാഷ്ട്രം വൻ മുതൽ മുടക്കിനൊരുങ്ങുന്നത് ശുഭസൂചകമാണ്. ടിസിഎസ്, ഇൻഫോസിസ്, എൽ ആൻഡ് ടി ഇൻഫോ ടെക് മുതലായ ഓഹരികൾ പരിഗണിക്കാം.

സോളാർ പമ്പ് സെറ്റുകൾ

25 ലക്ഷം കർഷകർക്ക് സോളാർ പമ്പ് സെറ്റുകൾ നൽകുന്നത് വിഗാർഡ്, ഹാവെൽസ്, ക്രോംപ്ടൺ ഗ്രീവ്സ് മുതലായ കമ്പനികളുടെ വിറ്റുവരവ് കൂടുന്നതിന് സഹായകമാകും. ഓഹരികൾ പരിഗണിക്കുക. കയറ്റുമതി പ്രോത്സാഹന പദ്ധതികൾക്കൊപ്പം കസ്റ്റംസ് തീരുവ ഡിജിറ്റൽ റീഫണ്ട് പ്രോഗ്രാമും എക്സ്പോർട് ഹബ് പ്രഖ്യാപനവും കയറ്റുമതി മേഖലക്ക് പൊതുവിൽ ഗുണകരമാണ്.

അഫോഡബിൾ ഹൗസിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഭവന നിർമാതാക്കൾക്ക് നൽകിവന്ന ടാക്സ് ഹോളിഡേയ്സ് തുടരുന്നത് സെക്ടറിന് ഗുണകരമാണ്. 45 ലക്ഷത്തിൽ താഴെയുള്ള ഭവനങ്ങൾ സ്വന്തമാക്കുന്നവർക്ക് ആദായനികുതിയിൽ 1.5 ലക്ഷം രൂപയുടെ ഇളവ് ലഭിക്കുന്നതും അടുത്ത ഒരുവർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഗോദ്‌റേജ്‌ പ്രോപ്പർട്ടീസ്, ഫീനിക്‌സ് മിൽസ് മുതലായ ഓഹരികൾ പരിഗണിക്കാം.

ചെരിപ്പുകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് ബാറ്റയുടെ സമയം തെളിച്ചു എന്നുപറയാം. കമ്പനിയുടെ വിൽപന കൂടിയേക്കും. ഓഹരി നിർബന്ധമായും നിക്ഷേപത്തിന് പരിഗണിക്കാം. ആശുപത്രി ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയത് ആഭ്യന്തര ഉൽപാദകർക്ക് ഗുണകരമാണ്. ഇന്ത്യൻ കമ്പനികൾ വിപണി കീഴടക്കുമെന്നും രാജ്യാന്തര കമ്പനികൾ ഇന്ത്യയിൽ പണം മുടക്കുമെന്നും കരുതാം.

അടുത്ത ആഴ്ച

സാധാരണക്കാരന്റെ ബജറ്റെന്ന വിളിപ്പേരിനായി ധാരാളം ചേരുവകൾ ചേർത്തിണക്കിയ ബജറ്റ് വിപണിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. നികുതിയിളവുകളും ബൂസ്റ്റർ പ്ലാനുകളും പ്രതീക്ഷിച്ച വിപണിക്ക് എൽഐസിയുടെ ലിസ്റ്റിങ്, പരിഗണിക്കാനായി മറ്റൊരു വരുമാന നികുതി രീതി എന്നിവ കാര്യമായ ആഹ്ലാദം നൽകിയില്ല. കമ്പനികളടച്ചിരുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് കമ്പനികളിൽ നിന്നുമെടുത്ത് നിക്ഷേപകരുടെ തോളിലേക്ക് വയ്ക്കലായി മാറി.

എണ്ണവില കുറയുന്നതും കൊറോണ നിയന്ത്രണവിധേയമാകുന്നതും രാജ്യാന്തര വിപണി കയറുന്നതിന് കരണമായാൽ ബജറ്റിന്റെ കെടുതിയിൽനിന്ന് ഇന്ത്യൻ വിപണിക്കും കരകയറാം. ഇന്ത്യൻ കമ്പനികളും അമേരിക്കൻ കമ്പനികളും മെച്ചപ്പെട്ട പ്രവർത്തനഫലങ്ങളുമായി കളം നിറയുന്നതും പ്രതീക്ഷയാണ്. ബജറ്റ് ദിനത്തിൽ 1250 കോടി രൂപയുടെ വിൽപനയ്ക്ക് തുടക്കമിട്ട വിദേശ നിക്ഷേപകർ വിൽപന തുടർന്നാൽ വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നല്ലൊരു നിക്ഷേപാവസരം സംജാതമാകും.

English Summary: Share Market Weekly Predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com