ADVERTISEMENT

തിരുവനന്തപുരം∙ കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സർക്കാർ പിൻവലിച്ചു. നിരീക്ഷണത്തിലുള്ളവരിൽ മൂന്നു പേർക്കൊഴികെ മാറ്റാർക്കും വൈറസ് ബാധയില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് നടപടി. ആദ്യം തൃശൂരിലും പിന്നെ ആലപ്പുഴയിലും കാസർകോടുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ ബുഹാനിൽനിന്ന് വന്ന 72 പേർ കേരളത്തിലുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കോറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ചൈനയിൽനിന്ന് വന്നവരെ കർശന നീരീക്ഷണത്തിൽ നിർത്തി.

വുഹാനിൽനിന്ന് വന്ന 72 പേരിൽ മൂന്നു പേർക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രണ്ടാമതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ആലപ്പുഴയിലെ കേസിന്റെ സാംപിൾ നെഗറ്റീവായി. ഇനി രണ്ടു റിസൾട്ട് കിട്ടാനുണ്ട്. ബാക്കി 67 കേസും നെഗറ്റീവാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 3014 പേർ നിരീക്ഷണത്തിലുണ്ട്. 2953 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 61 പേർ ആശുപത്രിയിലുണ്ട്. വെള്ളിയാഴ്ച പത്തുപേരെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഡൽഹിയിൽ കഴിയുന്നവരുടെ മലയാളി സംഘത്തിന്റെ റിസൾട്ടും നെഗറ്റീവാണെന്ന അറിയിപ്പ് കിട്ടി.

സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം പിൻവലിച്ചാലും 28 ദിവസത്തെ നിരീക്ഷണം പിൻവലിക്കില്ല. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28 ദിവസത്തിനിടയിൽ എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ആശുപത്രിയില്‍ എത്തണം. സംസ്ഥാന ദുരന്തമെന്ന നിലയിൽ യാത്രാ നിയന്ത്രണമടക്കം ഏർപ്പെടുത്തിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ടു ബന്ധമില്ലാത്തവർക്ക് നിയന്ത്രണം ഇല്ല. പോസിറ്റീവ് റിസൾട്ട് ഉള്ളവരുമായും ബുഹാനിൽനിന്ന് വന്നവരുമായും ബന്ധമുള്ളവർ ഇനിയും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മൂന്നു പോസ്റ്റീവ് കേസ് വന്നിട്ടും കൂടുതൽ കേസ് ഉണ്ടായില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

English Summary: Corona is Not State Clamity, Government Withdraws Announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com