ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക വിദഗ്ധന്റെ കയ്യടക്കവും രാഷ്ട്രീയക്കാരന്റെ കൗശലവും ഒത്തിണങ്ങിയ ബജറ്റ്. തൊട്ടുമുൻപിൽ തിരഞ്ഞെടുപ്പുള്ളപ്പോൾ സർക്കാരിന്റെ അവസാന പൂർണ ബജറ്റിൽനിന്ന് രാഷ്ട്രീയം പൂർണമായി ഒഴിവാക്കാൻ കഴിയില്ലല്ലോ? സർക്കാരിന്റെ നിലപാടുകൾ തുറന്നു പറയാനും മുൻഗണനകൾ പ്രഖ്യാപിക്കാനുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്.

ബജറ്റിന്റെ പുറംചട്ടയായി, വെടിയേറ്റു കിടക്കുന്ന ഗാന്ധിയുടെ ചിത്രം, പൗരത്വ നിയമത്തിനെതിരായ നിലപാടുകൾ വാക്കുകളിലൂടെ, കേന്ദ്ര സർക്കാരിന്റെ വർഗീയ നയങ്ങൾക്കെതിരായ കടന്നാക്രമണം. ആനന്ദിൽ തുടങ്ങി മലയാള സാഹിത്യത്തിൽനിന്നുള്ള ഉദ്ധരണികളിലൂടെ രാഷ്ട്രീയം പറഞ്ഞ ധനമന്ത്രി വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരൻ കോറിയിട്ട ‘ഇവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്’ എന്ന വാചകവും എടുത്തുപറഞ്ഞ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്താണെന്നു വ്യക്തമായി പറഞ്ഞുവച്ചു.

രാഷ്ട്രീയ സാഹചര്യങ്ങളിൽ അവസരങ്ങളിലേക്കു പാലമിടാനും ധനമന്ത്രി ശ്രമിച്ചിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 750 കോടി രൂപയുടെ പാക്കേജാണ് കുട്ടനാടിന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സുവർണാവസരം പ്രയോജനപ്പെടുത്തുകയാണ് ആലപ്പുഴക്കാരൻ കൂടിയായ ധനമന്ത്രി ചെയ്തത്.

കെ.എം. മാണിക്കും ഇമ്പിച്ചി ബാവയ്ക്കും സ്മാരകങ്ങൾ നിർമിക്കാൻ 5 കോടി രൂപ വീതമാണ് നീക്കിവച്ചത്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെ ആദരിക്കുക എന്ന ലക്ഷ്യം മാത്രമാവില്ല ധനമന്ത്രിയും ഇടതുമുന്നണിയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലേക്ക് ഒരു പാലം ചേർത്തുവയ്ക്കുക കൂടിയാണ് ഇതുവഴി ധനമന്ത്രി ചെയ്തിരിക്കുന്നത്. എല്ലാ കേരള കോൺഗ്രസുകളെയും ഒരു വള്ളത്തിൽ കയറ്റി തിരഞ്ഞെടുപ്പിന്റെ കടമ്പ കടക്കാൻ യുഡിഎഫ് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബജറ്റിലൂടെയുള്ള ഈ സ്നേഹ പ്രകടനം. 

Content Highlights: Kerala Budget 2020, Kuttanad Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com