sections
MORE

കെട്ടിട നികുതി കൂടും; 3000–5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയ്ക്ക് 5000 രൂപ

building-tax-kerala
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിൽനിന്നു പ്രതീക്ഷിക്കുന്നത് 200 കോടിരൂപയുടെ വരുമാനമാണ്. ആഡംബര നികുതി വർധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം ഇതിൽനിന്നു പ്രതീക്ഷിക്കുന്നു. വൻകിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. പോക്കുവരവ് ഫീസും പുതുക്കി. 3000–5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപ നികുതി. 5000–7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 7500–10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി. 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടിരൂപയുടെ വരുമാനമാണ്. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കാരുണ്യ പദ്ധതി തുടരും. സാന്ത്വനപരിചരണത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ വഴി ആരംഭിക്കും. 12,000 പൊതു ശൗചാലയങ്ങൾ കൂടി ആരംഭിക്കും. 2020 നവംബർ മുതൽ സിഎഫ്എൽ ബൾബുകൾ നിരോധിക്കും. ഫിലമെൻറ് ബൽബുകൾക്കും നിരോധനമുണ്ട്. എല്ലാ ക്ഷേമ പെൻഷനും വർധിപ്പിക്കും. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21 ഒരു ലക്ഷം വീടും ഫ്ലാറ്റും നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികൾക്കു 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകുമെന്നും മന്ത്രി. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരപ്പിച്ചുകൊണ്ടു പറഞ്ഞു. പൗരത്വനിയമവും പൗര റജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതം. ഈ ഭീഷണി വകവച്ചുകൊടുക്കാനാവില്ല. യുവതലമുറയുടെ പ്രതിഷേധത്തിനാണ് പ്രതീക്ഷ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്.  ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിൽ നിലവിലുള്ളതെന്നും ധനമന്ത്രി പറഞ്ഞു. Read in English

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നു പറഞ്ഞ ധനമന്ത്രി േകന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങളും സ്വകാര്യവൽകരണവും നാശോൻമുഖ നടപടികളാണെന്നും പറഞ്ഞു. ജിഎസ്ടി നടപ്പായപ്പോൾ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും.സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. വരും വര്‍ഷം 20000 കോടി രൂപ ചെലവ് വരും; അത് നല്‍കാന്‍ നടപടിയായി. രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയെന്നും മന്ത്രി അവകാശപ്പെട്ടു. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കും. വീടില്ലാത്തവര്‍ക്ക് ഒരുലക്ഷം ഫ്ലാറ്റുകള്‍ നിര്‍മിക്കും.  പ്രവാസിക്ഷേമപദ്ധതികള്‍ക്കുള്ള അടങ്കല്‍ 90 കോടി രൂപ നൽകും.  10 ബൈപാസുകള്‍, 20 ഫ്ലൈ ഓവറുകള്‍, 74 പാലങ്ങള്‍, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി. സൗജന്യ ഇന്റര്‍നെറ്റ്, സമ്പൂര്‍ണ ക്ലാസ് ഡിജിറ്റലൈസേഷന്‍, സ്കൂള്‍ കോളജ് കെട്ടിടങ്ങള്‍, 44 സ്റ്റേഡിയങ്ങള്‍, കുടിവെള്ളപദ്ധതികള്‍, 85 ലക്ഷം ഉപഭോക്താക്കള്‍ക്ക് നേട്ടം.  കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയശരാരിയേക്കാള്‍ മുകളിലാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

Content Highlights: Kerala Budget 2020 highlights, Live Updates, Minister Thomas Issac, Pinarayi Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA