‘എട്ടിന്റെ പണി’ കിട്ടി ബിജെപി; പല സീറ്റിലും കഷ്ടിച്ച് ജയം, താമര വാടിയതെങ്ങനെ...?

INDIA-POLITICS-ELECTION
ഡൽഹിയിൽ ബിജെപിയുടെ പ്രചാരണ യോഗത്തിൽ നിന്ന് (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ അഞ്ചു വർഷം മുൻപ്, 2015ൽ, എഎപിയുടെ വിജയത്തിന്റെ വൻ കുത്തൊഴുക്കിനിടയിലും ബിജെപിയെ കൈവിടാതിരുന്നതു മൂന്നു മണ്ഡലങ്ങൾ മാത്രമായിരുന്നു– മുസ്‌തഫാബാദ്, വിശ്വാസ് നഗർ, രോഹിണി. 2017ൽ രജൗരി ഗാർഡനിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ അകാലിദളിന്റെ പിന്തുണയോടെ ആ സീറ്റും ബിജെപി പിടിച്ചു. അങ്ങനെ ആകെ നാലു സീറ്റുകൾ. എന്നാൽ 2020ലെത്തുമ്പോൾ രണ്ടു മണ്ഡലങ്ങൾ ബിജെപിയുടെ കൈവിട്ടുപോയിരിക്കുന്നു– മുസ്തഫാബാദും രജൗരി ഗാർഡനും. 

ആരു വിജയിക്കണമെന്നു തീരുമാനിക്കുന്നതിൽ ന്യൂനപക്ഷത്തിനു മേൽക്കയ്യുള്ള മുസ്തഫാബാദിൽ എഎപിയുടെ ഹാജി യുനസിനാണു ജയം. മണ്ഡലത്തിൽ 2013ൽ വിജയം കോൺഗ്രസിനായിരുന്നു; ബിജെപിയേക്കാൾ 1896 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തോടെയായിരുന്നു ജയം. അന്നു തോറ്റ ജഗദീഷ് പ്രധാൻ 2015ൽ വീണ്ടും ബിജെപിക്കു വേണ്ടി മത്സരിക്കാനിറങ്ങി. ഫലമാകട്ടെ 6031 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയം. ഇത്തവണയും ജഗദീഷ് തന്നെ മത്സരിച്ചെങ്കിലും എഎപിയോടു തോൽക്കുകയായിരുന്നു. 

2017ലെ ഉപതിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ രജൗരി ഗാർഡൻ ബിജെപിയുടെ രമേശ് ഖന്നയെ തോൽപിച്ചാണ് എഎപിയുടെ ധന്വതി ചന്ദേല പിടിച്ചെടുത്തത്. 2013ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ധന്വതിക്കായിരുന്നു രജൗരി ഗാർഡനിൽ രണ്ടാം സ്ഥാനം. അന്നു ജയിച്ചത് ശിരോമണി അകാലി ദളിന്റെ മഞ്ജീന്ദർ സിങ് സിർസ. 2015ൽ സിർസയെ തോൽപിച്ച് എഎപിയുടെ ജർണൈൽ സിങ് സീറ്റ് പിടിച്ചു. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി രാജിവച്ച ഒഴിവിലായിരുന്നു 2017ലെ ഉപതിരഞ്ഞെടുപ്പ്. അത്തവണ സിർസയ്ക്കായിരുന്നു ജയം. അതിനിടെ 2019 ഓഗസ്റ്റിൽ കോൺഗ്രസ് വിട്ട് ധന്വതി എഎപിക്കൊപ്പം ചേർന്നു. കനത്ത മത്സരത്തിനൊടുവിൽ ഇത്തവണ രജൗരി ഗാർഡൻ പിടിച്ചെടുക്കുകയും ചെയ്തു.

രണ്ട് മണ്ഡലങ്ങൾ വിട്ടുപോയെങ്കിലും വിശ്വാസ് നഗറിലും രോഹിണിയിലും ബിജെപി ഇത്തവണയും വിജയം കണ്ടു. ഇവ കൂടാതെ ആറു മണ്ഡലങ്ങൾ എഎപിയിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഘോണ്ട, കരവാൽ നഗർ, ബദർപുർ, റോഹ്താസ് നഗർ, ലക്ഷ്മി നഗർ, ഗാന്ധി നഗർ എന്നിവയാണവ.

2015ലെ എഎപിയുടെ വിജയസൂനാമിയിൽ കൈവിട്ട മണ്ഡലങ്ങളാണ് ഇപ്പോൾ ബിജെപി തിരിച്ചുപിടിച്ചവയിൽ ചിലത്. ചില മണ്ഡലങ്ങളിലാകട്ടെ നേരിയ ഭൂരിപക്ഷത്തിലാണു ബിജെപി ജയം.

ഘോണ്ട

ഘോണ്ടയിൽ 2013ൽ ബിജെപിയുടെ സഹബ് സിങ് ചൗഹാനായിരുന്നു വിജയം. കോൺഗ്രസിനേക്കാളും 11,932 വോട്ടിന്റെ ഭൂരിപക്ഷം. എന്നാൽ 2015ൽ സഹബ് സിങ്ങിനെ എഎപിയുടെ ശ്രീദത്ത് ശർമ മലർത്തിയടിച്ചു. 60,906 വോട്ട് നേടിയായിരുന്നു എഎപി വിജയം. ഇത്തവണയും ശ്രീദത്തിനെ എഎപി ഇറക്കിയെങ്കിലും അജയ് മഹാവറിനെ സ്ഥാനാർഥിയാക്കി ബിജെപി വിജയംകണ്ടു. 

കരവാൽ നഗർ

കരവാൽ നഗറില്‍ 2013ൽ ബിജെപി സ്ഥാനാർഥി മോഹന്‍ സിങ് ബിഷ്തിനായിരുന്നു ജയം. എഎപിയുടെ കപിൽ മിശ്രയെ 3083 വോട്ടിനാണ് അന്നു തോൽപിച്ചത്. എന്നാൽ 2015ൽ കപിൽ മിശ്ര പകരം വീട്ടി. മോഹൻ സിങ്ങിനെ തോൽപിച്ചത് 44431 വോട്ടുകൾക്ക്. എഎപിയുമായി തെറ്റി പാർട്ടി വിട്ട കപിൽ മിശ്ര ഇത്തവണ മോഡൽ നഗറിൽ ബിജെപിക്കു വേണ്ടി മത്സരിച്ചപ്പോൾ കരവാൽ നഗറിൽ എഎപി സ്ഥാനാർഥിയാക്കിയത് ദുർഗേഷ് പഥക്കിനെ. വീണ്ടും ജനവിധി തേടിയ ബിജെപി സ്ഥാനാർഥി മോഹൻ സിങ് ബിഷ്ത് അവിടെ വിജയം കൈവരിക്കുകയും ചെയ്തു.  

റോഹ്താസ് നഗർ

2013ൽ റോഹ്താസ് നഗറിൽ ബിജെപി സ്ഥാനാർഥി ജിതേന്ദർ കുമാറിന്റെ വിജയം 14,903 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. 2015ൽ പക്ഷേ വിജയം എഎപിയുടെ സരിത സിങ്ങിനൊപ്പം നിന്നു. ബിജെപിയുടെ ജിതേന്ദര്‍ മഹാജനാണു തോറ്റത്. ഇത്തവണയും സരിതയും ജിതേന്ദറും ഏറ്റുമുട്ടിയപ്പോൾ വിജയം ബിജെപിക്കൊപ്പമായിരുന്നു. 

വിശ്വാസ് നഗർ

വിശ്വാസ് നഗറിൽ 2013ല്‍ ബിജെപിയുടെ ഓം പ്രകാശ് ശർമയ്ക്കായിരുന്നു ജയം. രണ്ടാമത് കോൺഗ്രസും മൂന്നാമത് എഎപിയും. 2015ൽ ഓം പ്രകാശ് വിജയം തുടർന്നു. എഎപി രണ്ടാമതെത്തി. 2020ലും ഓംപ്രകാശിനു തന്നെയാണു ജയം. 

ബദർപുർ

2013ൽ ബിജെപിയുടെ രാംവീർ സിങ് ബിധുരി വിജയിച്ചപ്പോൾ കോൺഗ്രസിനേക്കാൾ 13,854 ആയിരുന്നു ഭൂരിപക്ഷം. അന്നു നാലാം സ്ഥാനത്തായിരുന്ന എഎപിയുടെ നാരായൺ ദത്ത് ശർമയായിരുന്നു 2015ൽ മത്സരിച്ചു ജയിച്ചത്. അതും ബിജെപിയേക്കാൾ 47,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അന്ന് രാംവീർ സിങ് രണ്ടാമതായിരുന്നു. എന്നാൽ ഇത്തവണ കനത്ത പോരാട്ടത്തിൽ, 3719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എഎപിയുടെ റാംസിങ് നേതാജിയെ രാംവീർ സിങ് തോൽപ്പിച്ചു. 

ലക്ഷ്മി നഗർ

2013ൽ എഎപിയുടെ വിനോദ് കുമാർ ബിന്നി വിജയിച്ച മണ്ഡലം. രണ്ടാമത് കോൺഗ്രസും മൂന്നാമത് ബിജെപിയുമായിരുന്നു. 2015ൽ എഎപിയുടെ നിതിൻ ത്യാഗി വിജയം തുടർന്നു. ബിജെപി രണ്ടാമതെത്തി. ലക്ഷ്മി നഗറിൽ ഇത്തവണ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ അഭയ് വർമ വിജയിച്ചത്.

രോഹിണി

മണ്ഡലത്തിൽ 2013ൽ വിജയം എഎപിയുടെ രാജേഷ് ഗാർഗിനായിരുന്നു. 2015ൽ പക്ഷേ ബിജെപി ജയിച്ചു കയറിയ മണ്ഡലങ്ങളിലൊന്നായിരുന്നു രോഹിണി. വിജേന്ദർ ഗുപ്ത തോൽപിച്ചത് എഎപിയുടെ സി.എൽ.ഗുപ്തയെ. ഇത്തവണയും വിജേന്ദർ കളത്തിലിറങ്ങി, ജയിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എഎപിയുടെ രാജേഷ് ബൻസിവാല.

ഗാന്ധി നഗർ

2013ൽ കോൺഗ്രസിന്റെ അരവിന്ദർ സിങ് ലവ്‌ലിയാണ് ഗാന്ധി നഗറിൽ ജയിച്ചത്. അന്ന് എഎപിയുടെ അനിൽ കുമാർ ബാജ്പേയി മൂന്നാം സ്ഥാനത്ത്. 2015ൽ പക്ഷേ അദ്ദേഹം വൻ തിരിച്ചുവരവ് നടത്തി. 50,946 വോട്ടുമായി വിജയം. പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ അനിൽകുമാർ ഇത്തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയം കണ്ടത്. 

ബവാന, കൽക്കാജി, പട്പട്ഗഞ്ച്, ഷാലിമാർബാഗ്, ശാഹ്ദ്ര, കിരാഡി, കൃഷ്ണനഗർ എന്നീ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിൽക്കുമെന്നായിരുന്നു ആദ്യഫല സൂചനകൾ. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആ പ്രതീക്ഷയും കൈവിട്ടുപോവുകയായിരുന്നു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സീലംപുർ, ഓഖ്‌ല,

ചാന്ദ്നി ചൗക്ക്, മാത്തിയ മഹൽ, ബല്ലിമാരൻ മണ്ഡലങ്ങളൊഴികെ 65 ഇടത്തും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അഞ്ചിടത്ത് കോൺഗ്രസ് മുന്നിൽ നിന്നപ്പോൾ എഎപി ഒരിടത്തു പോലും മുന്നിലെത്തിയതുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് ആറു മാസത്തിനപ്പുറം 65 മണ്ഡലങ്ങളിലെ ബിജെപി ‘വിജയം’ എട്ടിടത്തേക്കു ചുരുങ്ങിയിരിക്കുന്നു.

English Summary: BJP fails to convert Lok Sabha gains in Delhi Assembly Elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ