ADVERTISEMENT

ബെംഗളൂരു ∙ കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാനുള്ള വിമത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മന്ത്രി രമേഷ് ജാർക്കിഹോളിക്കു ചോദിച്ച പ്രധാനപ്പെട്ട ജലവിഭവ വകുപ്പ് നൽകി മുഖ്യമന്ത്രി യെഡിയൂരപ്പ. കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത 10 ‘കൂറുമാറ്റ’ എംഎൽഎമാരുടെ വകുപ്പുകൾ ഇന്നലെയാണു തീരുമാനിച്ചത്. ദൾ-കോൺഗ്രസ് സർക്കാരിൽ ഡി.കെ.ശിവകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രു കൂടിയായ ഗോഖക് എംഎൽഎ രമേഷ് ജാർക്കിഹോളിക്കു നൽകിയത്. ഈ വകുപ്പ് വേണമെന്ന ജാർക്കിഹോളിയുടെ ആവശ്യം യെഡിയൂരപ്പ അംഗീകരിക്കുകയായിരുന്നു.

അതേസമയം ബെംഗളൂരുവിൽ നിന്നുള്ള 4 മന്ത്രിമാരും (സി.എൻ.അശ്വഥ് നാരായണ, ആർ.അശോക്, എസ്.ടി.സോമരാജ്, ബയരതി ബസവരാജ്) കണ്ണുവച്ചിരുന്ന ബെംഗളൂരു വികസന വകുപ്പ് യെഡിയൂരപ്പ തന്നെ കൈകാര്യം ചെയ്യും. നിലവിലെ മന്ത്രിമാരുടെ ചില വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഈശ്വരപ്പ കൈകാര്യം ചെയ്തിരുന്ന നൈപുണ്യ വികസനം ഉപമുഖ്യമന്ത്രി സി.എൻ.അശ്വഥ് നാരായണയ്ക്കു ലഭിച്ചു. ഈശ്വരപ്പ കൈകാര്യം ചെയ്തിരുന്ന യുവജന ക്ഷേമം സി.ടി.രവിക്കു നൽകി.

ബിജെപി നേതാക്കളും കൂറുമാറ്റക്കാരും അതൃപ്തർ

കൂറുമാറ്റക്കാർക്കു പ്രധാന വകുപ്പുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമായതായാണ് വിവരം. അതേസമയം, ലഭിച്ച വകുപ്പുകളെ കുറിച്ച് ഡോ.കെ.സുധാകർ ഉൾപ്പെടെയുള്ള കൂറുമാറ്റക്കാരും അതൃപ്തി രേഖപ്പെടുത്തി. താൻ ആവശ്യപ്പെട്ട വകുപ്പ് അല്ല ലഭിച്ചതെന്നും ഇതേക്കുറിച്ചു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും സുധാകർ പറഞ്ഞു. ഹൊസ്കോട്ടെയിൽ പരാജയപ്പെട്ട എം.ടി.ബി.നാഗരാജിനു മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മണ്ഡ്യ കെആർ പേട്ടിൽ നിന്നുള്ള നാരായണഗൗ‍ഡ കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചതു ഹോർട്ടികൾചർ എസ്.ടി.സോമശേഖർ ഗതാഗതവും ബസവരാജ് റവന്യുവും ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. ഒഴിഞ്ഞു കിടക്കുന്ന 6 സീറ്റിലേക്കു ബിജെപിയുടെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കേണ്ടതിനാൽ മറ്റ് പ്രധാന വകുപ്പുകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

മന്ത്രിമാരും വകുപ്പുകളും

∙ രമേഷ് ജാർക്കിഹോളി (ഗോഖക്): ജലവിഭവം
∙ ആനന്ദ് സിങ് (വിജയനഗര): ഭക്ഷ്യ സിവിൽ സപ്ലൈസ്
∙ ശ്രീമന്ത് പാട്ടീൽ (കഗ്‌വാഡ്): ടെക്സ്റ്റൈൽസ്
∙ ബയരതി ബസവരാജ് (കെആർ പുരം): നഗരവികസനം
∙ എസ്.ടി.സോമശേഖർ (യശ്വന്ത്പുര): സഹകരണം
∙ ബി.സി.പാട്ടീൽ (ഹിരക്കേരൂർ): വനം, പരിസ്ഥിതി
∙ ഡോ.കെ.സുധാകർ (ചിക്കബെല്ലാപുര): മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം
∙ കെ.സി.നാരായണഗൗഡ (കെആർ പേട്ട്): മുനിസിപ്പൽ ഭരണം, ഹോർട്ടികൾചർ, സെറികൾചർ
∙ ശിവറാം ഹെബ്ബാർ (യെല്ലാപുര): തൊഴിൽ
∙ കെ.ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്): ചെറുകിട വ്യവസായം, പഞ്ചസാര

‘നവ’മന്ത്രിമാർക്ക് നമ്പറിൽ 9 വേണം

പുതിയ മന്ത്രിമാർക്ക് താൽപര്യം 9ൽ അവസാനിക്കുന്ന വാഹന റജിസ്ട്രേഷൻ നമ്പറുകൾ. അക്കങ്ങൾ കൂട്ടുമ്പോൾ 9 വന്നാലും മതിയെന്ന് ചിലർ. കെആർ പേട്ടിൽ നിന്നുള്ള കെ.സി.നാരായണ സ്വാമിക്ക് ആദ്യം അനുവദിച്ച കാറിന്റെ നമ്പർ 2727 ആയിരുന്നു. എന്നാൽ തനിക്ക് 9 വരുന്ന നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അദ്ദേഹം കത്തയച്ചു. ഹിരക്കേരൂരിൽ നിന്നുള്ള ബി.സി.പാട്ടീലിന് 0009 എന്ന നമ്പറും വിജയനഗറിൽ നിന്നുള്ള ആനന്ദ് സിങിന് 4999 എന്ന നമ്പറുമാണ് അനുവദിച്ചത്. എന്നാൽ യെല്ലാപുരയിൽ നിന്നുള്ള ശിവറാം ഹെബ്ബാറിന് 6000 എന്ന നമ്പറാണ് കിട്ടിയത്. ഇക്കാര്യത്തിൽ തനിക്ക് കടുംപിടിത്തമില്ലെന്നാണ് ശിവറാമിന്റെ പ്രതികരണം.

English Summary: Newly inducted ministers in Karnataka cabinet allocated portfolios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com