വല മുറുക്കി കേന്ദ്രം, കണ്ണുനട്ട് ഏജൻസികൾ; സമൂഹമാധ്യമ സ്വകാര്യത ഇനി സ്വപ്നമാകും

INDIA-US-INTERNET-FACEBOOK
SHARE

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നത് വെറും സ്വപ്നം മാത്രമായി മാറുന്നു. സർക്കാർ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഉപയോക്താവിന്റെ മുഴുവൻ വിവരങ്ങളും സമൂഹമാധ്യമ കമ്പനികൾ നേരിട്ടു നൽകണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സമൂഹമാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്കും യൂട്യൂബും വാ‌ട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം, സർക്കാർ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഉപയോക്താവിന്റെ മുഴുവൻ വിവരങ്ങളും നൽകണമെന്നായിരിക്കും നിയമംമൂലം നിർദേശിക്കുക.

സമൂഹമാധ്യമങ്ങൾക്കും മെസഞ്ചർ ആപ്ലിക്കേഷനുകൾക്കും പിടിവീഴുന്ന നിയമ നിർദേശങ്ങള്‍ ഫെബ്രുവരി അവസാനം പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോർട്ട്. വിവിധ സമൂഹമാധ്യമങ്ങളിൽ അംഗങ്ങളായ 40 കോടിയിലേറെ ആളുകളെ ബാധിക്കുന്നതായിരിക്കും നിയമം. വ്യാജ വാർത്തകൾ, ഭീകരതയുമായി ബന്ധപ്പെട്ട കുറിപ്പുകൾ, വർഗീയ പരാമർശങ്ങൾ, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദ‍ൃശ്യങ്ങൾ തുടങ്ങിയവയ്ക്കെതിരെ നടപടിയെടുക്കാനാണു നിയമമെന്നാണു കേന്ദ്രം പറയുന്നത്. ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ ഇത്തരത്തിൽ വിവരം കൈമാറുന്നുണ്ട്. എന്നാൽ കോടതി ഉത്തരവോ വാറന്റോ കൂടാതെ കേന്ദ്ര ഏജൻസികൾക്കു വിവരം ആവശ്യപ്പെടാമെന്നതാണ് ഇന്ത്യയിൽ പുതിയ നിയമത്തെ വിവാദത്തിലാഴ്ത്തുന്നത്.

സമൂഹമാധ്യമങ്ങൾക്കു കടിഞ്ഞാണിടുന്ന നിയമത്തിന്റെ നിർദേശങ്ങൾ 2018 ഡിസംബറിൽ സർക്കാർ പൊതുചർച്ചയ്ക്കു നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി അനുശാസിക്കുന്ന പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാകരുത് നിയമം എന്നായിരുന്നു പൊതു അഭിപ്രായം. അംഗങ്ങളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാകും പുതിയ നിയമമെന്നു സമൂഹമാധ്യമ കമ്പനികളും മറുപടി നൽകി. എന്നാൽ 2018ൽ നിർദേശിച്ചതിൽ നിന്നു കാര്യമായ ഭേദഗതികളില്ലാതെയാണു നിയമം നടപ്പാക്കുന്നതെന്നാണ് ഐടി മന്ത്രാലയത്തിൽ നിന്നുള്ള വിവരം.

സർക്കാർ ഏജൻസികളുടെ നിർദേശം ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ആവശ്യമായ വിവരങ്ങൾ കൈമാറണമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കിയിരുന്നത്. അതായത്, യൂട്യൂബിലോ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ ടിക് ടോക്കിലോ വാട്സാപ്പിലോ ഉള്ള പോസ്റ്റുകൾ, വിഡിയോകള്‍, ചിത്രങ്ങൾ എന്നിവയുടെ ഉറവിടം ആവശ്യപ്പെട്ടാൽ മൂന്നു ദിവസത്തിനകം വിവരം നിർബന്ധമായും നൽകിയിരിക്കണം.

കമ്പനികൾ 180 ദിവസം വരെ യൂസർമാരുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ടായിരുന്നു. 50 ലക്ഷത്തിലേറെ അംഗങ്ങളുള്ള സമൂഹമാധ്യമ കമ്പനികൾക്കാണ് ഇതു ബാധകമാവുക. 130 കോടി ജനമുള്ള ഇന്ത്യയിൽ ഏകദേശം 50 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. എന്നാൽ വിദേശ പൗരന്മാരുടെ വിവരങ്ങൾ നിയമത്തിനു പരിധിയിൽ വരുമോയെന്നതു സംബന്ധിച്ചു വ്യക്തതയില്ല. സർക്കാർതലത്തിൽ പരിശോധകനെ നിയോഗിക്കാനും യൂസര്‍മാരുടെ പരാതികൾ കൈകാര്യം ചെയ്യാന്‍ ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിയമംവഴി സാധിക്കും.

യൂസർമാരുടെ വിവരം നൽകാത്തതും പല അക്കൗണ്ടുകളും അൺലോക്ക് ചെയ്യാനുള്ള വിവരം നൽകാത്തതും ടെക്ക് കമ്പനികളും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിനു പല രാജ്യങ്ങളിലും വഴിവച്ചിട്ടുണ്ട്. ഇന്ത്യയിൽ വ്യാജ വാർത്തകളും സന്ദേശങ്ങളും ആൾക്കൂട്ടകൊലകളിലേക്കു വരെ നയിച്ച സംഭവങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നടന്നു. വാട്സാപ് സന്ദേശങ്ങളുടെ ഉറവിടം സർക്കാർ ആവശ്യപ്പെട്ടതു നൽകാതിരുന്നതും വിവാദങ്ങളിലേക്കു നയിച്ചിരുന്നു.

ഏകദേശം 40 കോടി ഉപയോക്താക്കളാണ് വാട്സാപ്പിന് മാത്രം ഇന്ത്യയിലുളളത്. വിവരം സർക്കാരിനു നൽകുന്നതിനു പകരം വ്യാജവാർത്തകൾ തടയാനുള്ള നടപടികളാണ് വാട്‌സാപ് സ്വീകരിച്ചത്. ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തിൽ വാട്സാപ് വിട്ടുവീഴ്ച ചെയ്യില്ലെന്ന പ്രസ്താവന കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടതും പുതിയ നിയമയുദ്ധത്തിന്റെ സൂചനയാണു നൽകുന്നത്. പുതിയ നിയമം കേന്ദ്ര സർക്കാരിന്റെ സെൻസർഷിപ് കൂടുതൽ ശക്തമാക്കാനുള്ള ഉപകരണമായി മാറുമെന്ന് മനുഷ്യാവകാശ പ്രവർത്തകരും വിമർശിക്കുന്നു.

English Summary: 400 million social media users set to lose anonymity in India: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA