ADVERTISEMENT

കൊച്ചി ∙ ‘അച്ഛൻ ഓട്ടോറിക്ഷ ഓടിക്കാൻ പോയിരിക്കുകയാണ്. അമ്മയെന്തിനാണ് കരയുന്നത്’ കരഞ്ഞു കണ്ണു കലങ്ങിയ ദീപയ്ക്കടുത്തിരുന്ന് ഭിന്നശേഷിക്കാരനായ മകൻ അർജുന്റെ ചോദ്യം കണ്ടു നിൽക്കുന്നവരെ കൂടി സങ്കടത്തിലാക്കി. ഇതു കേൾക്കുമ്പോൾ ദീപയുടെ കണ്ണുകളിൽ സങ്കടപ്പെയ്ത്തായി. കഴിഞ്ഞ ദിവസമാണ് ബാങ്കുകാർ വീടും സ്ഥലവും ജപ്തി ചെയ്യാൻ വരുന്നതറിഞ്ഞ വിഷമത്തിൽ ഗാന്ധിനഗർ പുനത്തിൽ വിനു (46) ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആകെയുള്ള മൂന്നു സെന്റിൽ ഒരു കൊച്ചു വീടാണ് ഇവർക്കുള്ളത്. വിനു ഓട്ടോറിക്ഷ തൊഴിലാളിയാണ്. 2016ൽ അഞ്ചു ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ് വീടുപണി പൂർത്തിയാക്കിയത്. മൂന്നു സെന്റ് ഭൂമി ഈടു നൽകിയായിരുന്നു ലോണെടുത്തത്. 14 കാരനായ മകൻ അർജുൻ സെറിബ്രൽ പാൾസി ബാധിതനാണ്. ചെറിയ വരുമാനത്തിനിടെ മകന്റെ ചികിത്സയ്ക്കായി വലിയ ചെലവുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ ലോണടവുകൾ പലതവണ മുടങ്ങി. മകൾ ആറാം ക്ലാസിൽ പഠിക്കുന്നു. ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെ വീടു ജപ്തി ചെയ്യുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബാങ്കുകാരുടെ മുന്നറിയിപ്പ് പലതവണ വന്നതും കേസായതും. ഇതിനിടെ വീട് വിൽക്കാൻ ശ്രമമുണ്ടായെങ്കിലും സാധിച്ചില്ല.

ജപ്തി നടപടിയുടെ അവസാന ഘട്ടമായി കഴിഞ്ഞ ഏഴിന് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് റിക്കവറി ഓഫിസറും വീട്ടിൽ വന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ മൂന്നുമാസം അവധി വേണമെന്ന ആവശ്യം അംഗീകരിക്കാൻ ബാങ്കുകാരും തയാറായില്ല. ഈ 22ന് മുമ്പ് വീട്ടിൽനിന്ന് ഇറങ്ങണമെന്നായിരുന്നു നിർദേശം. ഈ വിഷമത്തിലായിരുന്നു കുറച്ചു നാളായി വിനു എന്നാണ് ബന്ധുക്കളും അടുപ്പമുള്ളവരും പറയുന്നത്. കേസ് അവസാനമായി ഇന്നലെ കോടതി കേൾക്കാനിരിക്കെയാണ് അതിനു മുമ്പു തന്നെ ഇദ്ദേഹം ലോകത്തോടു വിടപറഞ്ഞത്. മകന് സുഖമില്ലാത്തതിനാൽ ജോലിക്കു പോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു ദീപയ്ക്ക്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിന്റെ ഏക ആശ്രയവും വിനുവായിരുന്നു.

ലോണെടുത്ത പീപ്പിൾസ് സഹകരണ അർബൻ ബാങ്ക് നിയമപരമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. മകന്റെ സാഹചര്യം അറിയുന്നതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഇവരിൽനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. നിയമപരമായ നടപടികൾ മാത്രമായിരുന്നു സ്വീകരിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നു.

ബാങ്കുകാർ തുടർ നടപടികളുമായി മുന്നോട്ടു പോയാൽ മകളും ഭിന്നശേഷിക്കാരനായ മകനുമായി എവിടേക്കു പോകുമെന്ന് അറിയാതെ ആശങ്കയിലാണ് ദീപ. ‘അച്ഛനും മകനും വലിയ കൂട്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ ദൂരെയെവിടെയോ പോയിട്ടുള്ള അച്ഛൻ തിരിച്ചു വരുമെന്നു പറയുന്ന ആ കുഞ്ഞു ഹൃദയത്തെ ഞങ്ങളും വിഷമിപ്പിച്ചില്ല ഇതുവരെ’ – വിനുവിന്റെ ബന്ധു രാജഗോപാലൻ പറയുന്നു.

അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് നമ്പർ : 200701231000630, IFSC Code :VIJB0002007

Content Highlights: Chottanikkara Suicide, Foreclosure, Reposession, Confiscation, Distrain, Bank to legally attach property

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com