sections
MORE

അവര്‍ പിന്നിലൂടെത്തി കടന്നുപിടിച്ചു; ഗാര്‍ഗി കോളജില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗികഅതിക്രമം

gargi-college-1
ഡൽഹി വനിതാ കമ്മിഷൻ ചീഫ് സ്വാതി മലിവാൾ ഗാർഗി കോളജിലെ വിദ്യാർഥിനികളെ അഭിസംബോധന ചെയ്യുന്നു.
SHARE

ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ ഗാർഗി കോളജിൽ വിദ്യാർഥിനികളെ ക്യാംപസിനുള്ളിൽ കയറി കൂട്ടലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ആറിനു നടന്ന സംഭവത്തിലെ പ്രതികളെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൾച്ചറൽ പരിപാടി നടക്കുന്നതിനിടെ മുപ്പതോളം യുവാക്കൾ കോളജിലേക്ക് അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നു പൊലീസ് സംഘങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗാർഗി കോളജ് അധികൃതരെയും ചോദ്യം ചെയ്തിരുന്നു.

ഫെബ്രുവരി നാല് മുതൽ ആറു വരെയായിരുന്നു കോളജിലെ വാർഷികാഘോഷം. രണ്ടു ദിവസം സമാധാനപരമായി നടന്ന പരിപാടി മൂന്നാം ദിവസം ഭീകരാനുഭവമാവുകയായിരുന്നെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ക്യാംപസിൽ അഴിഞ്ഞാടുകയായിരുന്നു. വിദ്യാർഥിനികളെ ലൈംഗികമായി അതിക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. 18–25 വയസ്സിന് ഇടയിലുള്ളവരാണ് അക്രമികളെന്നും ഇവർ ക്യാംപസിനുള്ളിൽ ലഹരി ഉപയോഗിച്ചെന്നും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും ഒരു വിദ്യാർഥിനി മാധ്യമങ്ങളോടു പറഞ്ഞു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കുകുത്തികളായി നിൽക്കുകയായിരുന്നെന്നും വിദ്യാർഥികളും അധ്യാപകരും പറഞ്ഞു.

പല വിദ്യാർഥിനികൾക്കും സംഭവത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനെപ്പറ്റി പറയുമ്പോൾ ഇപ്പോഴും ഭയമാണ് അവരുടെ കണ്ണുകളിൽ. വിദ്യാർഥിനികളെ അപമാനിക്കുകയും ക്യാംപസിനുള്ളിൽ പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്തതായി ഒരു വിദ്യാർഥിനി പറഞ്ഞു. ‘വലിയൊരു ആൾക്കൂട്ടം പോലെയാണ് അവർ വളഞ്ഞത്. എന്നെ മൂന്നുതവണ പിടികൂടി, 40 മിനിറ്റോളം തടഞ്ഞുവച്ചു. അവരിൽനിന്ന് രക്ഷപ്പെട്ട് പുറത്തു കടന്നപ്പോൾ ഒരാൾ എന്റെ മുന്നില്‍ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. അവിടെനിന്ന് രക്ഷപ്പെട്ട് എത്തിയപ്പോൾ ഒരു ഒന്നാം വർഷ വിദ്യാർഥിനി പറഞ്ഞത് അവളെയും ആറു പേർ വളഞ്ഞിരിക്കുകയായിരുന്നെന്നാണ്’ – നടുക്കം വിട്ടുമാറാതെ വിദ്യാർഥിനി പറഞ്ഞു.

‘ഞാൻ 4.15 നാണ് കോളജിൽ എത്തിയത്. ഗേറ്റിനു മുകളിൽ കുറച്ച് ആൺകുട്ടികൾ ഇരിക്കുന്നത് കണ്ടു സെക്യൂരിറ്റിയോട് പറഞ്ഞതാണ്. എന്നാൽ അതിൽ പ്രശ്നമില്ലെന്നു പറഞ്ഞ് അവർ ഒഴിഞ്ഞു. അകത്തേക്കു കടന്നപ്പോൾ ഒരു പെൺകുട്ടി ബോധം കെട്ടു കിടക്കുന്നതാണ് കണ്ടത്. അവളെ എഴുന്നേൽപ്പിച്ച് കാര്യം അന്വേഷിച്ചപ്പോൾ പറഞ്ഞത് ഒരാൾ അവൾക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയതു കണ്ട് അസ്വസ്ഥത അനുഭവപ്പെട്ട് വീണതാണെന്നാണ്. ഇതുപോലെ ആറോ ഏഴോ മെഡിക്കൽ എമർജൻസികൾ ഞാൻ കണ്ടു. 4.30 നാണ് ഗേറ്റുകൾ അടയ്ക്കുന്നത്. എന്നാൽ ആറു മണിക്ക് ശേഷവും കടലുപോലെ ആളുകൾ അതിക്രമിച്ചു കയറുകയായിരുന്നു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും അവരെ തടയാനുണ്ടായില്ല – ഒരു വിദ്യാർഥിനി പറഞ്ഞു.

‘ചിലർ എന്നെ പിന്നിലൂടെ വന്നു പിടിച്ചു. ഒരാൾ അയാളുടെ ലൈംഗിക അവയവം കൊണ്ട് എന്റെ ശരീരത്തിൽ ഉരസി. എന്റെ സുഹൃത്തിന്റെ വസ്ത്രത്തിനുള്ളിൽ കൈകടത്തി. ആദ്യമായാണ് ഇത്തരത്തിലുള്ള ക്രൂരമായ അനുഭവങ്ങൾ. പെൺകുട്ടികൾ മാത്രമുള്ള ഒരു കോളജിലാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നോർക്കണം. സുരക്ഷിതരാണെന്നു കരുതിയ ഇടത്താണ് ഇത്തരത്തിൽ ഭയാനകമായ അനുഭവം. ഭയവും ഞെട്ടലും ഇപ്പോഴുമുണ്ട്’– ഒരു പെണ്‍കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തുവന്നു. ഞങ്ങളുടെ പെൺമക്കളോട് അപമര്യാദയായി പെരുമാറിയവരോട് ക്ഷമിക്കില്ലെന്ന് കേജ്‍രിവാൾ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്ത കോളജ് അധികൃതരാണ് സംഭവത്തിന്റെ പ്രധാന ഉത്തരവാദികളെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇവിടെ ഇത്തരം സംഭവം ആദ്യമല്ല. 2019 ലും വാർഷികാഘോഷ പരിപാടിക്കിടെ യുവാക്കൾ ഇരച്ചു കയറി അതിക്രമം കാട്ടിയിരുന്നു. മുൻ അനുഭവം ഉണ്ടായിട്ടും പുറത്തുനിന്നെത്തിയ ഒരു സംഘം പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥർ കടത്തി വിട്ടു. പിന്നീട് മറ്റുള്ളവർ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും കോളജിൽ പ്രവേശിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്.

English Summary : 10 Arrested Over Alleged Sex Assault In Delhi's Gargi College Campus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA