ADVERTISEMENT

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ്സ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.

ലോക്സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുൻപായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഒരുപാടു ചർച്ച ചെയ്യപ്പെട്ടു. ഭീകരർക്കെതിരെ സ്വീകരിക്കാൻ പോകുന്ന കടുത്ത നടപടികളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും വാചാലനായത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വൻ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തത്.

pulwama-attack

ഞെട്ടലായി ഭീകരാക്രമണം

ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15: അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.

പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാർ 82–ാം ബറ്റാലിയനിലെ ജവാനായിരുന്നു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിനു തൊട്ടുമുൻപു ചിത്രീകരിച്ച വിഡിയോയിൽ, എകെ 47 റൈഫിളുമായാണ് ചാവേർ നിൽക്കുന്നത്.

പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ പാക്കിസ്ഥാനെതിരെ രോഷാകുലരാക്കിയതു സ്വാഭാവികം. ഇതിനുമുൻപും പല തവണ നടന്ന ഇത്തരം 
ഹീന സംഭവങ്ങളുടെയെല്ലാം ഒാർമകളും അതോടൊപ്പം ചേർന്നു. പാക്കിസ്ഥാനെ ഒരു പാഠം  പഠിപ്പിക്കണമെന്ന മുറവിളിയാണ് അതിനെ തുടർന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്
പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ പാക്കിസ്ഥാനെതിരെ രോഷാകുലരാക്കിയതു സ്വാഭാവികം. ഇതിനുമുൻപും പല തവണ നടന്ന ഇത്തരം ഹീന സംഭവങ്ങളുടെയെല്ലാം ഒാർമകളും അതോടൊപ്പം ചേർന്നു. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന മുറവിളിയാണ് അതിനെ തുടർന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്

ഇരുപത്തിമൂന്നുകാരന്റെ ആസൂത്രണം

ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീർ പൊലീസിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു കേസ് എൻഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. പിന്നാലെ, പുൽവാമയ്ക്കു സമീപം ലെത്‌പൊരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്.

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു, ആക്രമണത്തിനു മുൻപ് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ തയാറെടുപ്പുകൾ, പാക്കിസ്ഥാന്റെ പങ്ക്, ഭീകരർക്കു പ്രദേശവാസികളിൽനിന്നു ലഭിച്ച പിന്തുണ, ഇന്റലിജൻസ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു.

ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുൻപ് വാഹനം വാങ്ങി കൈമാറിയത്. പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ മുദസിർ അഹമ്മദ് ഖാൻ 2017 മുതൽ ഭീകരസംഘടനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. 2018 ജനുവരിയിൽ വീടുവിട്ട് പോയി. ലത്‌പൊറ സിആർപിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സൻജ്വാൻ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. സ്ഫോടനത്തിൽ ചാവേറുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയിരുന്നു.

pulwama-attack-01

അസ്ഹറിന്റെ പ്രതികാരം

2016 ജനുവരിയിൽ നടന്ന പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ പാക്ക് പൗരൻ മസൂദ് അസ്ഹർ, 1998ൽ സ്ഥാപിച്ച ഭീകരസംഘടനയാണു ജയ്ഷെ മുഹമ്മദ്. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭീകരസംഘമാണിത്. പാക്ക് പഞ്ചാബിലെ ബഹാവൽപുരാണ് ആസ്ഥാനം. 2017 നവംബറിൽ പുൽവാമയിൽ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

പുൽ‌വാമയിൽ ചാവേറായ ആദിൽ അഹമ്മദ് ദർ, സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ജയ്ഷെ തലവൻ മസൂദ് അസ്ഹര്‍
പുൽ‌വാമയിൽ ചാവേറായ ആദിൽ അഹമ്മദ് ദർ, സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ജയ്ഷെ തലവൻ മസൂദ് അസ്ഹര്‍

ഇതിനു പകരം വീട്ടും എന്ന് അന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നതാണ്. 2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. പകരം വീട്ടും എന്ന് അന്നും അസ്ഹർ പ്രഖ്യാപിച്ചു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഒരാഴ്ച വൈകിയാണ് ആക്രമണം ഉണ്ടായതെന്നു മാത്രം. ഇന്റിലിജൻസ് വീഴ്ചയാണു ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന വാദം ഇപ്പോഴുമുണ്ട്.

രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയപാതകളിലൊന്നാണു ജമ്മു– ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സേനാംഗങ്ങൾക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും സിആർപിഎഫ് ഡിഐജിമാർ ഉൾപ്പെടെയുള്ളവർക്കു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആക്രമണം എവിടെ, എപ്പോൾ, ആർക്കുനേരെ നടക്കുമെന്ന കൃത്യമായ വിവരം ശേഖരിക്കുന്നതിൽ ഇന്റിലിജൻസ് പരാജയപ്പെട്ടു.

ചാവേറായ ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കൾ എവിടെനിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കശ്മീരിൽ സജീവമായ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന സ്ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകൾ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്.

പുൽവാമ ഭീകരാക്രമണത്തിൽ പാക്ക് സൈന്യത്തിനും ചാര സംഘടനയായ ഐഎസ്ഐയ്ക്കും നേരിട്ടു പങ്കുണ്ടെന്നാണ് ആക്രമണത്തിന് അഞ്ചു ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ കരസേന വ്യക്തമാക്കിയത്. ജയ്ഷെ മുഹമ്മദ് പാക്ക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണു പ്രവർത്തിക്കുന്നതെന്നു കശ്മീരിൽ സേനാ നടപടികൾക്കു നേതൃത്വം നൽകിയ 15 കോർ കമാൻഡർ ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലനാണ് ചൂണ്ടിക്കാട്ടിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിലെ പാക്ക് പങ്ക് ഇന്ത്യ സ്ഥിരീകരിച്ചത്. സൈനികതലത്തിൽ പാക്കിസ്ഥാനെതിരെ ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു കമാൻഡറുടെ വാക്കുകൾ. ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ഇന്ത്യയുടെ ബാലാക്കോട്ട് ആക്രമണം.

ആഗോള ഭീകരൻ മസൂദ്

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പുൽവാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ സാധ്യമായി. 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചതോടെ, ഭീകരതയ്ക്കെതിരെ പ്രത്യക്ഷ നടപടിക്കു നിർബന്ധിതമായി പാക്കിസ്ഥാൻ. 10 വർഷമായി പാക്ക് ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര യുദ്ധത്തിന്റെ വിജയമായിരുന്നു യുഎൻ രക്ഷാസമിതി തീരുമാനം.

പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും യുഎസും ചേർന്നാണു മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഉപസമിതിയിൽ പ്രമേയം കൊണ്ടുവന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന മാർച്ച് 13ന് ഇതു വീറ്റോ ചെയ്തതോടെ, ഈ രാജ്യങ്ങൾ രക്ഷാസമിതിയിൽ നേരിട്ടു പുതിയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ വീറ്റോ ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നിരിക്കെ, ചൈന രാജ്യാന്തര സമ്മർദത്തിനു വഴങ്ങുകയായിരുന്നു.

പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പട്നയിൽ‌ നടന്ന പ്രതിഷേധം.
പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പട്നയിൽ‌ നടന്ന പ്രതിഷേധം.

കശ്മീർ നയം മാറിയോ ?

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ആദ്യ മോദി സർക്കാരിന്റെ കശ്മീർ നയങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. കശ്മീരിൽ ബിജെപി–പിഡിപി സഖ്യം ഭരിച്ച മൂന്നു വർഷവും ഭീകരാക്രമണങ്ങളുടെ വേലിയേറ്റമായിരുന്നു. രാജ്യത്ത് സൈനിക ക്യാംപുകൾക്കു നേരെ ഏറ്റവും കൂടുതൽ ഭീകരാക്രമണം ഉണ്ടായത് ഈ സമയത്താണ്. 2016 സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം കേന്ദ്ര സർക്കാർ ആഘോഷിച്ചുവെങ്കിലും പാക്ക് ഭീകരതയ്ക്കു ശമനമുണ്ടായില്ല. രാഷ്ട്രീയമായി പാക്കിസ്ഥാനെ ചർച്ചകളിലേക്കു നയിക്കുക എന്ന നയപരമായ സമീപനത്തിനു മോദി സർക്കാർ ശ്രമിച്ചില്ല. പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതാണ് ആക്രമണത്തിനു വഴിതെളിച്ചതെന്നും വിമർശനമുയർന്നു.

പുൽവാമ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ജമ്മു കശ്മീർ സംസ്ഥാനം ഇപ്പോൾ ഇല്ല എന്നതാണ്. രണ്ടാം മോദി സർക്കാർ വന്ന ശേഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. ഇതിനു ശേഷം കശ്മീരിൽ നിന്നുള്ള പല വാർത്തകളും പുറംലോകം അറിഞ്ഞിട്ടുമില്ല.

Content Highlight: A year after Pulwama Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com