മംഗളൂരു പൊലീസ് വെടിവയ്പ്പ്: മൊബൈൽ ദൃശ്യങ്ങൾ കൈമാറി

manglore-caa-protest
പൗരത്വ നിയമത്തെത്തുടർന്ന് മംഗളൂരുവിലുണ്ടായ പ്രക്ഷോഭം (ഫയൽ ചിത്രം)
SHARE

മംഗളൂരു∙ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ഡിസംബർ 19ന് മംഗളൂരുവിൽ ഉണ്ടായ പൊലീസ് വെടിവയ്പ്പും അക്രമങ്ങളും സംബന്ധിച്ച മജിസ്‌ട്രേറ്റ്തല അന്വേഷണത്തിൽ ഇതുവരെ 203 പേർ തെളിവു നൽകി. തെളിവെടുപ്പ് 19നു തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഉഡുപ്പി ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ജി.ജഗദീഷ് അറിയിച്ചു. നേരത്തെ 201 പേർ തെളിവു നൽകിയിരുന്നു. വ്യാഴാഴ്ച 2 പേർ തെളിവു നൽകി. തെളിവു നൽകിയ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും കൈമാറി.

സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ നേരത്തെ പൊലീസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 50 ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി കൈമാറി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി പൊലീസ് കസ്റ്റഡിയിലെടുത്ത 20 സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും കൈവശമുള്ള ദൃശ്യങ്ങളും തെളിവുകളും ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 24നു ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വ്യാഴാഴ്ച തെളിവെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും ചില സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തതിനാൽ 19നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ വീണ്ടും തെളിവെടുപ്പ് നടത്തും. വ്യാഴാഴ്ച എത്താൻ കഴിയാത്തവർക്ക് അന്നു തെളിവു നൽകാം. മൊബൈലിലോ ക്യാമറയിലോ റെക്കോഡ് ചെയ്ത വിഡിയോകളും സിസിടിവി ദൃശ്യങ്ങളും കൈമാറാം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകൾ തെളിവായി സ്വീകരിക്കില്ല.

English summary: Mangaluru CAA protest; police firing inquiry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA