പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം

pappinisseri-grama-panchayath
SHARE

തിരുവനന്തപുരം ∙ സംസ്ഥാനതലത്തിൽ 2018–19ലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക്. മുളന്തുരുത്തി (എറണാകുളം), വീയപുരം (ആലപ്പുഴ) എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്. പഴയന്നൂർ (തൃശൂർ), ളാലം (കോട്ടയം) എന്നിവയ്ക്കാണു ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്. തിരുവനന്തപുരമാണു മികച്ച ജില്ലാ പഞ്ചായത്ത്. രണ്ടാം സ്ഥാനം കണ്ണൂരിനാണ്. മൂന്നാം സ്ഥാനം കൊല്ലം, എറണാകുളം ജില്ലാ പഞ്ചായത്തുകൾ പങ്കിട്ടു.

സംസ്ഥാനതലത്തിൽ 1 മുതൽ 3 വരെ സ്ഥാനങ്ങൾ നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ വീതം ലഭിക്കും. 18, 19 തീയതികളിൽ വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നു മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.

ജില്ലാതലങ്ങളിൽ വിജയികളായ ഗ്രാമ പഞ്ചായത്തുകളുടെ പേരുകളും മന്ത്രി പ്രഖ്യാപിച്ചു. ഇവയ്ക്ക് യഥാക്രമം 10 ലക്ഷം, 5 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും ലഭിക്കും.

English Summary: Award for Best Grama Panchayath,Block Panchayath and District Panchayath
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA